ഇ.ഡിയെ ബി.ജെ.പി വൃത്തികെട്ട രീതിയില്‍ ഉപയോഗിക്കുന്നു; പരമാവധി ഐക്യം വേണമെന്ന് പിണറായി
Kerala
ഇ.ഡിയെ ബി.ജെ.പി വൃത്തികെട്ട രീതിയില്‍ ഉപയോഗിക്കുന്നു; പരമാവധി ഐക്യം വേണമെന്ന് പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th May 2026, 1:15 pm

തിരുവനന്തപുരം: രാജ്യത്തെ ബി.ജെ.പി സര്‍ക്കാര്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയില്‍ ഉപയോഗിക്കുന്നത് ഇ.ഡിയെയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍  മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ബി.ജെപിയുടെ ഇത്തരം നടപടികള്‍ക്കെതിരെ പരമാവധി ഐക്യം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രാജ്യത്തെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് നേരെ കഠിനമായ നീക്കങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നത്. അതില്‍ ഇ.ഡിയെയാണ് ഏറ്റവും വൃത്തികെട്ട രീതിയില്‍ ഉപയോഗിക്കുന്നത്. ഇത് പലര്‍ക്ക് നേരെയും ഉപയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ സ്വീകരിക്കുന്ന നിലപാട് അവര്‍ക്കെതിരെയാവുമ്പോള്‍ മാത്രം പ്രതികരിക്കുക എന്നതാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ അവര്‍ ആ എതിര്‍പ്പുന്നയിക്കുന്നില്ല,’ പിണറായി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സമീപനത്തിന് ഏറ്റവും വലിയ ഉദാഹരണം ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ഇ.ഡി നടപടികളിലെ നിലപാടാണെന്നും പിണറായി അഭിപ്രായപ്പെട്ടു. എന്താണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ചതാണ് കോണ്‍ഗ്രസ്. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പടക്കം പോട്ടിച്ച് ആഘോഷിച്ചവരാണ് അവര്‍. അതുകൊണ്ടാണ് ഇപ്പോഴത്തെ ഇ.ഡി നടപടി വന്നപ്പോള്‍ അരവിന്ദ് കെജ്രിവാളും എം.കെ. സ്റ്റാലിനും കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനത്തെ വിമര്‍ശിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഇതെല്ലാം കണ്ടിട്ടും കോണ്‍ഗ്രസിന് മാറ്റം വരുന്നില്ല. യഥാര്‍ത്ഥത്തില്‍ നാടിന്റെ വസ്തുതകള്‍ക്ക് ചേരാത്ത നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പരമാവധി ഐക്യം വേണം. പക്ഷേ കോണ്‍ഗ്രസ് അക്കാര്യത്തില്‍ സങ്കുചിത നിലപാട് സ്വീകരിക്കുകയാണെന്നും പിണറായി പറഞ്ഞു.

സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസില്‍ മകള്‍ വീണ വിജയന്റെ ഒരു അക്കൗണ്ട് ഇ.ഡി. മരവിപ്പിച്ചെന്നും പിണറായി വിജയന്‍ അറിയിച്ചു. റെയ്ഡിനെത്തിയ ഇ.ഡി. സംഘം തന്നോട് ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിറകെയായിരുന്നു പിണറായിയുടെ വാര്‍ത്താ സമ്മേളനം. നയപ്രഖ്യാപനം അല്ല നയരാഹിത്യ പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് പിണറായി പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് തെറ്റിധരിപ്പിക്കുന്ന വാദങ്ങളാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്ന് പിണറായി പറഞ്ഞു. റിസര്‍വ്ബാങ്ക് തന്നെ അംഗീകരിച്ച കണക്കില്‍ പറയുന്നത് 5429 കോടി രൂപ ഖജനാവില്‍ വെച്ചുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇറങ്ങിയതെന്നാണ്. പക്ഷേ ആ ഭാഗം മറച്ചുവെച്ച് ശരിയല്ലാത്ത നരേറ്റിവ് സൃഷ്ടിക്കാനുള്ള ശ്രമം നയപ്രഖ്യാപനത്തിലുണ്ടായെന്ന് പിണറായി പറഞ്ഞു.

വന്ദേമാതരം മുഴുവമനായി ചൊല്ലേണ്ട ആവശ്യം സഭയിലില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം പൂര്‍ണമായും ആലപിക്കുക എന്നത് ആര്‍.എസ്.എസ് അജണ്ടയാണ്. വന്ദേമാതരം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു

Content Highlight: Pinarayi Vijayan on ED and BJP Government, Stand of congress