മെയ് 4 സര്‍പ്രൈസ്; പിണറായി, സ്റ്റാലിന്‍, മമത... മൂന്ന് മുഖ്യമന്ത്രിമാരും പിന്നില്‍
national news
മെയ് 4 സര്‍പ്രൈസ്; പിണറായി, സ്റ്റാലിന്‍, മമത... മൂന്ന് മുഖ്യമന്ത്രിമാരും പിന്നില്‍
ആദര്‍ശ് എം.കെ.
Monday, 4th May 2026, 11:35 am

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ മൂന്നിടങ്ങളിലും മുഖ്യമന്ത്രിമാര്‍ പിന്നില്‍. കേരളത്തില്‍ പിണറായി വിജയന്‍, തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്‍, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി എന്നിവരാണ് നിലവില്‍ പിന്നില്‍ നില്‍ക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലാണ് മൂവര്‍ക്കും കാലിടറിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ധര്‍മടത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവില്‍ 1090 വോട്ടുകള്‍ക്ക് പിന്നിലാണ്. 2016ല്‍ 36,905 വോട്ടുകള്‍ക്കും 2021ല്‍ 50,123 വോട്ടുകള്‍ക്കും പിണറായി വിജയനെ വിജയിപ്പിച്ച മണ്ഡലത്തില്‍ ഇത്തവണ മുഖ്യമന്ത്രിക്ക് കാലിടറുകയാണ്. കോണ്‍ഗ്രസിന്റെ അഡ്വ. വി.പി അബ്ദുള്‍ റഷീദാണ് നിലവില്‍ ലീഡില്‍.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെയ്ക്ക് പാടെ കാലിടറിയിരിക്കുകയാണ്. ടി.വി.കെയുടെ വിസില്‍ മുഴക്കത്തില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അസ്തിത്വം തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

സ്റ്റാലിന്റെ മണ്ഡലവും ഡി.എം.കെയുടെ ഉറച്ച കോട്ടയുമായ കൊളത്തൂരില്‍ നിലവിലെ ഫലസൂചനകള്‍ പ്രകാരം 2,529 വോട്ടുകള്‍ക്കാണ് സ്റ്റാലിന്‍ പിന്നിട്ട് നില്‍ക്കുന്നത്. ടി.വി.കെയുടെ വി.എസ്. ബാബുവാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. എന്‍.ഡി.എയുടെ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി പി. സന്താന കൃഷ്ണനാണ് മൂന്നാമത്.

ബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ സുവേന്ദു അധികാരിക്ക് മുമ്പിലാണ് മമത ബാനര്‍ജിക്ക് കാലിടറിയിരിക്കുന്നത്. കഴിഞ്ഞ തവണ 28,000ലധികം വോട്ടുകള്‍ക്ക് മമത വിജയിച്ചുകയറിയ മണ്ഡലത്തില്‍ ഇപ്പോള്‍ നേരിയ ലീഡെങ്കിലും നേടാന്‍ പാടുപെടുന്ന ദീദിയാണ് ബംഗാളിലെ കാഴ്ച.

മുഖ്യമന്ത്രിമാര്‍ മാത്രമല്ല, ഭരണകക്ഷിയും നിലവില്‍ മൂന്ന് സംസ്ഥാനങ്ങളിലും പിന്നിലാണ്. കേരളത്തില്‍ നിലവില്‍ യു.ഡി.എഫ് 95 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫ് 42 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

തമിഴ്‌നാട്ടില്‍ നിലവില്‍ 104 സീറ്റുകളില്‍ വിജയ് യുടെ ടി.വി.കെ മുന്നിട്ട് നില്‍ക്കുകയാണ്. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് മത്സരിക്കുന്ന രണ്ട് സീറ്റുകളിലും ആധിപത്യം പുലര്‍ത്തുമ്പോള്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അടക്കമുള്ള മന്ത്രിമാര്‍ക്കും തമിഴ്മണ്ണില്‍ കാലിടറുകയാണ്.

നിലവില്‍ അണ്ണാ ഡി.എം.കെ 64 സീറ്റിലും ഡി.എം.കെ 40 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ബംഗാളില്‍ ബി.ജെ.പി 134 സീറ്റുകളില്‍ മുന്നേറുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് 72ലേക്ക് വീണിരിക്കുകയാണ്.

 

Content Highlight: Pinarayi Vijayan, Mamata Banerjee, MK Stalin. Chief Ministers trail in three of the five state assembly elections

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.