ജനാധിപത്യ വിരുദ്ധം, ബി.ജെ.പി എന്തിന് ഇങ്ങനെ പേടിക്കുന്നു; സി.ജെ.പിയുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ചതില്‍ പിണറായി വിജയന്‍
Kerala News
ജനാധിപത്യ വിരുദ്ധം, ബി.ജെ.പി എന്തിന് ഇങ്ങനെ പേടിക്കുന്നു; സി.ജെ.പിയുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ചതില്‍ പിണറായി വിജയന്‍
ആദര്‍ശ് എം.കെ.
Saturday, 23rd May 2026, 8:27 pm

 

തിരുവനന്തപുരം: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും, ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം വളര്‍ന്നുവരുമോ എന്ന ഭയമാണ് കേന്ദ്ര സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ബി.ജെ.പിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാള്‍ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്‌ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴില്‍ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങള്‍ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തില്‍ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ് അദ്ദേഹം ഫേസ്ബുക്കിലെഴുതി.

ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാറ്റകള്‍ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ലെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതില്‍ കാണാവുന്നതാണ്. ഈ വികാരം കൂടുതല്‍ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസര്‍ക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളിലേക്ക് നയിക്കുന്നതെന്ന് വിമര്‍ശിച്ച അദ്ദേഹം, കേന്ദ്രത്തിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന യുവജന കൂട്ടായ്മയുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളര്‍ന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബി.ജെ.പി ഇങ്ങനെ പേടിക്കുന്നത്?

ബി.ജെ.പിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാള്‍ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്‌ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴില്‍ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങള്‍ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തില്‍ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്.

”പാറ്റകള്‍” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല.

തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതില്‍ കാണാവുന്നതാണ്. ഈ വികാരം കൂടുതല്‍ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസര്‍ക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്.

ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്.

 

Content Highlight: Pinarayi Vijayan is against the central government’s action of freezing the X-account of the Cockroach Janata Party.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.