യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ; വിമര്‍ശിച്ച് പ്രതിപക്ഷം
kERALA NEWS
യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ; വിമര്‍ശിച്ച് പ്രതിപക്ഷം
ന്യൂസ് ഡെസ്‌ക്
Thursday, 4th July 2019, 6:36 pm

തിരുവനന്തപുരം: യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഒരുക്കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷം. നിയമസഭയിലായിരുന്നു പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചത്.

ഡി.ജി.പി സ്വകാര്യ സുരക്ഷ ഒരുക്കിയത് മുഖ്യമന്ത്രിയെ മണിയടിക്കാനാണെന്ന് പ്രതിപക്ഷം പരിഹസിച്ചു. സെഡ് കാറ്റഗറിക്ക് കീഴിലുള്ള വി.വി.ഐ.പികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് സ്വാഭാവികമാണെന്നായിരിന്നു ഇതിനു ഭരണപക്ഷം മറുപടി നല്‍കിയത്. ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെയാണ് വാദപ്രതിവാദങ്ങള്‍ നടന്നത്.

മെയ് എട്ട് മുതല്‍ 19 വരെ മുഖ്യമന്ത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ സ്വകാര്യ ഏജന്‍സിയാണ് സുരക്ഷ ഒരുക്കിയത്. ഇതിന് ആവശ്യമായ പണം നല്‍കാന്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തു. ഇതാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്.

ഇ.എം.എസ് മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാര്‍ക്ക് സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ഇല്ലായിരുന്നെന്ന് പി.ടി.തോമസ് പറഞ്ഞു.

അതേസമയം, കെ.എസ്.യു മാര്‍ച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെയും നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ചും നിയമസഭയില്‍ വാക്പോരുണ്ടായി.

കസ്റ്റഡി മരണത്തില്‍ പ്രതിപക്ഷം പിണറായി വിജയനെ കുറ്റപ്പെടുത്തി. ആളുകളെ കൊന്നാല്‍ സംരക്ഷിക്കാന്‍ ആളുണ്ടെന്ന തോന്നല്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്. കസ്റ്റഡി മര്‍ദ്ദനങ്ങള്‍ കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്നും പൊലീസിലെ കൊള്ളരുതായ്മകള്‍ കണ്ടെത്തി നടപടി എടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തുടര്‍ന്ന്, പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ മതിയായ സമയം അനുവദിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. പ്രതിപക്ഷം ചെയറിനെ ഭീഷണിപ്പെടുത്തുകയാണെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ചെയറില്‍ നിന്ന് എഴുന്നേറ്റ് നിന്ന് സഭ നിയന്ത്രിക്കുകയായിരുന്നു.

എന്നാല്‍, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.