ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ കത്ത് നല്‍കിയത് കേന്ദ്രം; നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കാനും നിര്‍ദേശം: മുഖ്യമന്ത്രി
Sabarimala women entry
ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ കത്ത് നല്‍കിയത് കേന്ദ്രം; നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കാനും നിര്‍ദേശം: മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 10:41 pm

തിരുവനന്തപുരം: ശബരിമല ക്ഷേത്രപ്രവേശനത്തിന് കര്‍ശനമായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരാണു സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കത്ത് മുഖേനെയാണ് കേന്ദ്രം സുരക്ഷയുടെ കാര്യങ്ങള്‍ അറിയിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

“സംഘര്‍ഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കില്‍ യുക്തമായ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കാനും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും കത്തിലുണ്ട്. ഈ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്ന എല്ലാവര്‍ക്കും ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്ന പൊലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നതു വ്യക്തമാണെന്നും” മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


“വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ ഏറെ ബഹുമാനിക്കുന്നു. അതുകൊണ്ടു തന്നെ ശബരിമലയെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അതിനാല്‍ എല്ലാ വിശ്വാസികള്‍ക്കും അയ്യപ്പദര്‍ശനം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ പരിശ്രമിക്കും. ഇക്കാര്യത്തില്‍ കോടതിവിധി വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാതെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ നടപടി സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും” പിണറായി വ്യക്തമാക്കി.

“ശബരിമല ക്ഷേത്രദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗക്കാര്‍ക്കും അതിനുള്ള സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സുപ്രീംകോടതി വിധി അനുസരിച്ച് ദര്‍ശനത്തിന് എത്തുന്ന ചിലരെ ഒരുകൂട്ടം ആളുകള്‍ തടയുകയും നിയമം കയ്യിലെടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം ഘട്ടങ്ങളില്‍ അതിനെ മറികടന്ന് സ്ത്രീകളെ ക്ഷേത്രദര്‍ശനം സാധ്യമാക്കുന്നതിനും ശബരിമലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തനമാണ് പൊലീസ് ചെയ്യുന്നത്.

അയ്യപ്പദര്‍ശനത്തിന് എത്തിച്ചേരുന്നവര്‍ക്ക് അതിനുള്ള സൗകര്യം ലഭിക്കേണ്ടത് അവരുടെ അവകാശം എന്ന നിലയിലാണ് കാണേണ്ടത്. അതുകൊണ്ട് സന്നിധാനത്തില്‍ എത്തിച്ചേരുന്നതിനും അയ്യപ്പദര്‍ശനം നടത്തുന്നതിനും ഭക്തരായ ആര്‍ക്കും അവകാശമുണ്ട്. ഈ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രദര്‍ശനത്തിന് വരുന്നവര്‍ക്കു സുരക്ഷ ഒരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ക്ഷേത്രം അടച്ചിടലും പുതിയ വിഭാഗങ്ങളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളും കേരളത്തില്‍ മുന്‍പുമുണ്ടായിട്ടുണ്ട്. ഗുരുവായൂര്‍ സത്യഗ്രഹ സമയത്ത് ഗുരുവായൂര്‍ ക്ഷേത്രം അടച്ചിട്ടിരുന്നു. കടുത്ത ജനകീയ സമ്മര്‍ദത്തെത്തുടര്‍ന്ന് തുറക്കേണ്ടിയും വന്നു. 1936ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരും 1938ല്‍ മദിരാശി സര്‍ക്കാരും എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി.


എന്നാല്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1947 വരെ അവര്‍ണര്‍ക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. അവസാനം നീണ്ട 9 വര്‍ഷക്കാലം നടന്ന ജനകീയ ഇടപെടലുകളിലൂടെ മദിരാശി സര്‍ക്കാര്‍ നിയമം നിര്‍മിച്ചാണു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള പ്രവേശനം സാധ്യമാക്കിയത്. ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാന്‍ പറ്റുന്ന ഒന്നല്ല എന്ന ചരിത്രമാണ് ഇതു നമ്മെ ഓര്‍മിപ്പിക്കുന്നത്.

എല്ലാ വിശ്വാസികള്‍ക്കും ഒരു പോലെ ദര്‍ശനം നടത്താന്‍ ആദ്യകാലം മുതല്‍ സ്വാതന്ത്ര്യമുള്ള ക്ഷേത്രമാണു ശബരിമല. വാവരെയും ധര്‍മശാസ്താവിനെയും ആരാധിക്കാന്‍ സൗകര്യമുള്ള ഇടം കൂടിയാണിത്. ജാതി-മത ഭേദമന്യേ പ്രവേശനം അനുവദിച്ചിടത്തു മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണു കോടതി വിധിയുടെ ഭാഗമായി ഇപ്പോള്‍ വന്നിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരെ സഹായിക്കുകയും കുഴപ്പമുണ്ടാക്കുന്നവരെ തടഞ്ഞും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനാണ് ഏതു വിശ്വാസിയും ആഗ്രഹിക്കുക”- പിണറായി അഭിപ്രായപ്പെട്ടു.