എഡിറ്റര്‍
എഡിറ്റര്‍
ഇടതുപക്ഷത്തിന്റെ കാവലുണ്ട്; കേരളത്തിലെ വീട്ടില്‍ കയറി എന്തു ഭക്ഷിക്കുന്നുവെന്ന് നോക്കാനുള്ള ധൈര്യമുണ്ടോ; സംഘപരിവാറിനെ വെല്ലുവിളിച്ച് പിണറായി
എഡിറ്റര്‍
Sunday 6th August 2017 10:44am

തിരുവനന്തപുരം: കേരളത്തിലെ ഏതെങ്കിലും വീട്ടില്‍ കയറി എന്താണ് ഭക്ഷിക്കുന്നതെന്ന് പരിശോധിക്കാനുള്ള ധൈര്യം സംഘപരിവാറിനുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയില്‍ നടത്തുന്നതുപോലെ കേരളത്തില്‍ നടത്തിയാല്‍ അതിന്റെ ഫലം അവര്‍ അനുഭവിക്കുമെന്നും മതനിരപേക്ഷ കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്ത് അതാണെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സംഘപരിവാറിന്റെ നിക്ഷിപ്ത താല്‍പ്പര്യമുണ്ട്. കേന്ദ്രഭരണത്തിന്റെ പേരു പറഞ്ഞ് മതനിരപേക്ഷ കേരളത്തെ വിരട്ടാന്‍ ആരും ഇറങ്ങിപ്പുറപ്പെടേണ്ട.

മതനിരപേക്ഷതയ്ക്ക് കാവലാളാകുന്നത് ഇടതുപക്ഷമാണ്. കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ വളന്റിയര്‍മാര്‍, പണം, സ്വാധീനം തുടങ്ങിയവയൊക്കെ ആര്‍.എസ്.എസ് പുറമേനിന്ന് കൊണ്ടുവരുന്നുവെങ്കിലും അതിനൊന്നും കേരളത്തിന്റെ മനസ്സിളക്കാന്‍ കഴിയുന്നില്ലെന്നും പിണറായി പറഞ്ഞു.


Dont Miss ജയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് പിന്നാലെ അമിത്ഷായുടെ 100 കിലോമീറ്റര്‍ കേരള യാത്ര; യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ബി.ജെപി മുഖ്യമന്ത്രിമാരെത്തും


കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറുകാരെ നിയന്ത്രിക്കാനാണ് അവരുടെ നേതൃത്വം വിവേകത്തോടെ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരള പ്ളാന്റേഷന്‍ ലേബര്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം പുനലൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആര്‍.എസ്.എസ് വര്‍ഗീയ സംഘടനയും കേന്ദ്രഭരണം നിയന്ത്രിക്കുന്ന സംഘടനയുമായിട്ടുകൂടി അവര്‍ ആഗ്രഹിക്കുന്നതൊന്നും കേരളത്തില്‍ നടക്കുന്നില്ല എന്നുള്ളത് ഇവിടെ നിലനില്‍ക്കുന്ന ശക്തമായ മതനിരപേക്ഷ ബോധമാണ് കാണിക്കുന്നത്. സഹസര്‍സംഘ് ചാലകിന്റെ ഭീഷണി കേരളത്തിനോട് വേണ്ടെന്നും പിണറായി പറഞ്ഞു.

ഇന്ത്യയില്‍ ക്രമസമാധാന പാലനത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന് പ്രമുഖ മാധ്യമം നടത്തിയ പഠനം തെളിയിച്ചു. പട്ടികജാതിക്കാരും വര്‍ഗ്ഗക്കാരുമുള്‍പ്പെടെയുള്ള ജനവിഭാഗത്തിന് സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നത് കേരളത്തിലാണെന്ന് കേന്ദ്രമന്ത്രിക്കും സമ്മതിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും അസത്യപ്രചരണവുമായി ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ എത്തുന്നത് ചില പ്രത്യേക ഉദ്ദേശ്യങ്ങള്‍ ലക്ഷ്യമാക്കിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement