ജാതി പറഞ്ഞല്ല സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സേവനം ചെയ്തത്; വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് എന്‍.എസ്.എസിന് മറുപടിയുമായി മുഖ്യമന്ത്രി
KERALA BYPOLL
ജാതി പറഞ്ഞല്ല സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സേവനം ചെയ്തത്; വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് എന്‍.എസ്.എസിന് മറുപടിയുമായി മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 11:46 pm

അരൂര്‍: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലുമെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതത്തിന്റെയോ ജാതിയുടെയോ മുന്നണിയുടെയോ പേരില്‍ ആരെയും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്‍.എസ്.എസിന് തിരിച്ചടിയായെന്നോണം പേരുപറയാതെ പറഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ എല്‍.ഡി.എഫുകാരുടെ കയ്യിലേക്കല്ല പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം കൊടുത്തിട്ടുണ്ടെന്നും അതില്‍ എല്ലാ ജാതിക്കാരും മതക്കാരും മുന്നണിക്കാരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടുതലയില്‍ മനു.സി. പുളിക്കന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് 600 രൂപ വീതം നല്‍കിയിരുന്നത് ഇപ്പോള്‍ നേരെ ഇരട്ടിയാക്കി. പത്ത് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ പുതുതായി പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. ഇതിലൊന്നും ആരുടെയും ജാതിയോ മതമോ നോക്കിയിട്ടില്ല. അര്‍ഹതമാത്രമാണ് പരിഗണിച്ചത്.

അര്‍ഹത നോക്കിയാണ് 600 ല്‍ നിന്നും 1200ല്‍ എത്തിച്ചതെന്നും യു.ഡി.എഫ് സര്‍ക്കാര്‍ 8888 കോടിയാണ് പെന്‍ഷനായി നല്‍കിയത്. ഇപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ 20,000 കോടി പെന്‍ഷനായി ജനങ്ങളുടെ കൈകളിലെത്തിച്ചുവെന്നും പിണറായി പറഞ്ഞു.

ഈ ആളുകളോടൊന്നും നിങ്ങളുടെ ജാതിയോ മതമോ ചോദിച്ചിട്ട് കാര്യമില്ലെന്നും അവര്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാരാണ് തിരച്ചറിവുണ്ട്. ഇതേ ആളുകളോട് എല്‍.ഡി.എഫിനെതിരായി വോട്ടുചെയ്യാന്‍ പറയുന്നത് അവര്‍ക്ക് മനോവിഷമമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ടുചെയ്യുന്നവര്‍ ചിന്തിക്കുന്നവരാണെന്നും അത് കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെുടുപ്പില്‍ കണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രി എന്‍.എസ്.എസിന് മറുപടി നല്‍കിയത്.