തിരുവനന്തപ്പുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ചന്ദ്രപ്പന് പിണറായി വിജയന്റെ മറുപടി. സംസാര ഭാഷയെപ്പറ്റി ചന്ദ്രപ്പന്‍ ഓര്‍മ്മിപ്പിച്ചതു നന്നായി, സംസാര ഭാഷയ്‌ക്കൊപ്പം രാഷ്ട്രീയ നയ ഭാഷയും നന്നാവണമെന്ന് സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പിണറായി വിജയന്‍ സി.പി.ഐക്കെതിരെ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കവെ, കമ്യൂണിസ്റ്റുകാര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ മാന്യവും സഭ്യവുമായ ഭാഷ ഉപയോഗിക്കണമെന്ന് സി.കെ ചന്ദ്രപ്പന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് പിണറായി നല്‍കിയിരിക്കുന്നത്.
വില കുറഞ്ഞ ഭാഷ ആരുടേയാലും മറുപടി നല്‍കും. സി.കെ ചന്ദ്രപ്പന്റെ ഇവന്റ് മാനേജ്‌മെന്റ് പ്രയോഗം അല്‍പ്പത്തം തന്നെയാണ്. സിപി.ഐ.എമ്മിന്റെ മേല്‍ കുതിര കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
കക്ഷികളെ യു.ഡി.എഫില്‍ നിന്നുംഅടര്‍ത്തി മാറ്റി മുന്നണി വികസനം നടത്തുന്നത് അഭികാമ്യ രാഷ്ട്രീയമല്ല. മുന്നണി വിട്ടു പോയവര്‍ക്ക് തെറ്റ് ഏറ്റുപറഞ്ഞ് പരസ്യമായി നിലപാട് മാറ്റാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
