നിപ ഭീതി പടരുമ്പോഴും മരുന്ന് ക്ഷാമം നേരിടുന്നത് ആശങ്കാകരം; ആരോഗ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് കടകവിരുദ്ധമായ വാര്‍ത്തകളാണ് വരുന്നതെന്ന് പിണറായി
Kerala
നിപ ഭീതി പടരുമ്പോഴും മരുന്ന് ക്ഷാമം നേരിടുന്നത് ആശങ്കാകരം; ആരോഗ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് കടകവിരുദ്ധമായ വാര്‍ത്തകളാണ് വരുന്നതെന്ന് പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th June 2026, 11:46 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റെംഡിസീവര്‍ പോലുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നു എന്ന വാര്‍ത്ത ദുഃഖകരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപ ബാധിച്ച് വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

മരുന്നിന് ക്ഷാമമില്ലെന്നും ഉടന്‍ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അവകാശപ്പെടുമ്പോളാണ് അതിന് കടകവിരുദ്ധമായ വാര്‍ത്ത ആശുപത്രി അധികൃതരില്‍ നിന്നും പുറത്തു വരുന്നത്. ഇന്നോ നാളെയോ എന്നല്ലാതെ കൃത്യമായി മരുന്ന് എപ്പോള്‍ ലഭ്യമാകുമെന്ന് അവര്‍ക്ക് വ്യക്തമാക്കാന്‍ സാധിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

ജീവന്‍ രക്ഷാ മരുന്നുകളുടെ കാര്യം പോലും ഉറപ്പാക്കാനുള്ള ഇടപെടല്‍ സമയബന്ധിതമായി നടക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നിപ, കൊവിഡ് മരുന്നുകള്‍ക്ക് ക്ഷാമമുള്ളതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്റെ പ്രതികരണം. റെംഡിസീവര്‍ മരുന്ന് സ്റ്റോക്കില്ലെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. മരുന്നിന് ക്ഷാമമില്ലെന്നും വെള്ളിയാഴ്ചയോടെ എത്തുമെന്നും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അവകാശപ്പെട്ടിരുന്നു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റെംഡിസീവര്‍ പോലുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നു എന്ന വാര്‍ത്ത അത്യന്തം ആശങ്കാജനകമാണ്. നിപ ബാധിച്ച് വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

മരുന്നിന് ക്ഷാമമില്ലെന്നും ഉടന്‍ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അവകാശപ്പെടുമ്പോളാണ് അതിന് കടകവിരുദ്ധമായ വാര്‍ത്ത ആശുപത്രി അധികൃതരില്‍ നിന്നും പുറത്തു വരുന്നത്. ഇന്നോ നാളെയോ എന്നല്ലാതെ കൃത്യമായി മരുന്ന് എപ്പോള്‍ ലഭ്യമാകുമെന്ന് അവര്‍ക്ക് വ്യക്തമാക്കാന്‍ സാധിക്കുന്നില്ല. ജീവന്‍ രക്ഷാ മരുന്നുകളുടെ കാര്യം പോലും ഉറപ്പാക്കാനുള്ള ഇടപെടല്‍ സമയബന്ധിതമായി നടക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നു.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.

Content Highlight: Pinarayi Vijayan About Reported Medicine Scarcity in Kozhikode Medical College During Nipah Outbreak