തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരനെ പാര്‍ട്ടി അവഗണിക്കുന്നു എന്ന ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ജി. സുധാകരന്‍ പാര്‍ട്ടിക്കകത്ത് എന്നും അംഗീകരിക്കപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന് അര്‍ഹമായ പരിഗണന എന്നും പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാര്‍ട്ടി നിശ്ചയിച്ച 75 വയസ്സ് എന്ന പ്രായപരിധി കാരണമാണ് സുധാകരന് പദവികളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുന്‍പ് പാര്‍ട്ടിയുടെ പ്രധാനിയായി നില്‍ക്കുകയും ചില ഇടങ്ങളില്‍ അവസാന വാക്കായി പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ കമ്മിറ്റികളില്‍ നിന്ന് ഒഴിയുമ്പോള്‍ സ്വാഭാവികമായും ഒരു മാറ്റം അനുഭവപ്പെടുമെന്നും ചുമതലകള്‍ ഇല്ലാതെ വരുമ്പോള്‍ താന്‍ അവഗണിക്കപ്പെടുന്നു എന്നൊരു തോന്നല്‍ ഉണ്ടാകാമെന്നും ആ സാഹചര്യം ഉള്‍ക്കൊള്ളാന്‍ സുധാകരന് കഴിയണമായിരുന്നു എന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് തവണ സുധാകരനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ജി. സുധാകരനെ അവഗണിച്ചു എന്ന ഒരു പ്രശ്‌നമേ ഉണ്ടായിട്ടില്ല. ജി. സുധാകരന്‍ പാര്‍ട്ടിയ്ക്കകത്ത് അംഗീകരിക്കപ്പെട്ട നേതാവാണ്. നല്ല പരിഗണനയാണ് നല്‍കിയത്. ഒരു ഘട്ടത്തിലും അവഗണിച്ചിട്ടില്ല. അത് അദ്ദേഹത്തിന് തന്നെ ബോധ്യമുള്ള കാര്യമാണ്.

പരിധി പാര്‍ട്ടി നിശ്ചയിച്ചതാണ്. അത് ആര്‍ക്കും മാറ്റാന്‍ കഴിയുന്നതല്ല. നിരവധി സഖാക്കളുണ്ട്. കഴിവുള്ളവര്‍, 75 വയസിന്റെ പരിധിയുള്ളതുകൊണ്ട് മാറി നില്‍ക്കുന്ന ഒരുപാട് പേരുണ്ട്. അവരൊക്കെ മാറി നില്‍ക്കുന്നുണ്ട്. ആ കൂട്ടത്തില്‍ ഒരാളായിട്ടാണ് ജി. സുധാകരനും വന്നത്.

ഇത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമല്ലേ. 75 വയസിന്റെ പ്രശ്‌നം വന്നപ്പോള്‍ അതിന്റെ ഭാഗമായി അദ്ദേഹത്തിന് മാറി നില്‍ക്കേണ്ടി വന്നു. അങ്ങനെ വരുമ്പോള്‍ അങ്ങനെയുള്ള ആളുകള്‍ അതുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ തോന്നുന്ന ഒരു ഫീലിങ് ഉണ്ടാകും, എന്നെ അവഗണിക്കുന്നുണ്ടോ എന്നുള്ളത്.

അത് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതേ വരെ പാര്‍ട്ടിയുടെ പ്രധാനിയായി നില്‍ക്കുകയാണ്. ചിലയിടങ്ങളിലെ അവസാന വാക്കായിരിക്കും. പക്ഷേ ഈ കമ്മിറ്റികളില്‍ നിന്നെല്ലാം അദ്ദേഹം ഒഴിയുകയാണ്. ചുമതലകള്‍ ഇല്ലാതെ വരികയാണ്. സാധാരണ ഗതിയില്‍ അതിന്റേതായ ഒരു മാറ്റം എപ്പോഴും ഉണ്ടാകും.

അത് അവഗണന അല്ല. ഈ വന്ന സാഹചര്യത്തിന്റെ പ്രത്യേകത ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നതാണ് പ്രധാനം. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആളാണ് സുധാകരന്‍ എന്ന് പറയാന്‍ പറ്റില്ല. പക്ഷേ അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. അദ്ദേഹത്തിന് അതുമായി പൊരുത്തപ്പെടാന്‍ പറ്റിയില്ല. അവിടെയാണ് അവഗണനയുടെ പ്രശ്‌നം വരുന്നത്.

ആലപ്പുഴയിലെ പാര്‍ട്ടി എല്ലാ കാര്യങ്ങളിലും അദ്ദേഹത്തെ വിളിച്ചു. എല്ലാ പരിപാടികളിലും വിളിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രത്യേകമായി ഒരു മുറി അദ്ദേഹത്തിന് കൊടുത്തു. എല്ലാ കാര്യവും ചെയ്തു. എന്നാല്‍ പഴയതുപോലെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പറ്റുന്നില്ല എന്ന മാനസികാവസ്ഥയില്‍ നിന്ന്, തന്നെ അവഗണിച്ചിരിക്കുകയാണ് എന്നൊരു തോന്നല്‍ അദ്ദേഹത്തിന് ഉണ്ടാവുകയാണ്.

ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. വാര്‍ത്തകള്‍ വന്നെങ്കിലും അങ്ങനെയൊരു നിലപാട് സുധാകരനില്‍ നിന്നുണ്ടാകുമെന്ന് ഞാന്‍ കണക്കാക്കുന്നില്ല. ഏറ്റവുമൊടുവില്‍ ഇത് ഏറ്റവും ഗൗരവമായി സംഭവിക്കാന്‍ പോകുന്നു എന്ന് വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു.

അപ്പോള്‍ ഫോണ്‍ എന്‍ഗേജ്ഡ് ആണ്. കുറച്ച് കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു. അപ്പോള്‍ റിങ് ചെയ്തു. എടുത്തില്ല. മറ്റെന്തോ കാര്യമായിരിക്കുമെന്ന് വിചാരിച്ച് മൂന്നാമതും വിളിച്ചു, അപ്പോഴും എടുത്തില്ല. അപ്പോള്‍ അദ്ദേഹം ബോധപൂര്‍വം എടുക്കാത്തതാണെന്ന് തോന്നി. സംസാരിക്കാന്‍ പറ്റുന്ന നില എങ്ങനെ ഉണ്ടാക്കാമെന്ന് ഞാന്‍ ആലോചിച്ചു.

അങ്ങനെ ജില്ലാ സെക്രട്ടറി അദ്ദേഹത്തെ കാണാന്‍ ചെന്നു. നാസര്‍ അദ്ദേഹത്തോട് ഞാന്‍ വിളിച്ച കാര്യം പറഞ്ഞു. ഒന്നിലധികം തവണ വിളിച്ചെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കോള്‍ കണ്ടില്ലെന്ന് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ വിളിക്കാമെന്നും കണക്ട് ചെയ്യാമെന്നും പറഞ്ഞപ്പോള്‍ ഇപ്പോള്‍ വിളിക്കേണ്ടെന്നും ഞാന്‍ വിളിച്ചോളാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ സംസാരിച്ചതുകൊണ്ട് അദ്ദേഹം മാറുമെന്ന് ഞാനിപ്പോള്‍ പ്രതീക്ഷിക്കുന്നില്ല,’ മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ് സുധാകരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി തനിക്ക് സ്വീകരണം നല്‍കിയിരുന്നെന്നും അവര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അടക്കം ഇഷ്ടമുള്ളവര്‍ക്കെല്ലാം പിന്തുണയ്ക്കാമെന്നും തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജനം വോട്ടു ചെയ്യില്ലെന്നും ജി സുധാകരന്‍ പറഞ്ഞിട്ടുണ്ട്.

Content Highlight: Pinarayi Vijayan about G Sudhakaran