'ഡാഷ് മോന്‍' പരാമര്‍ശത്തിലെ ഡാഷ് അവരവര്‍ക്ക് പൂരിപ്പിക്കാം; സതീശന്റെ വനവാസം വോട്ടെണ്ണിക്കഴിയുമ്പോള്‍ അറിയാം: മുഖ്യമന്ത്രി
Kerala
'ഡാഷ് മോന്‍' പരാമര്‍ശത്തിലെ ഡാഷ് അവരവര്‍ക്ക് പൂരിപ്പിക്കാം; സതീശന്റെ വനവാസം വോട്ടെണ്ണിക്കഴിയുമ്പോള്‍ അറിയാം: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th April 2026, 11:56 am

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കെതിരായ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രേവന്ത് റെഡ്ഡിക്കെതിരായ ‘ഡാഷ് മോന്‍’ പരാമര്‍ശത്തിലെ ആ വിടവ് അവരവര്‍ക്ക് പൂരിപ്പിക്കാവുന്നതാണെന്ന് അദ്ദേഹം പരിഹസിച്ചു.

അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വി.ഡി. സതീശന്‍ വനവാസത്തിന് പോകുമോ എന്ന ചോദ്യത്തിന്, വോട്ടെണ്ണിക്കഴിയുമ്പോള്‍ അക്കാര്യം വ്യക്തമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ധര്‍മ്മടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അതിപ്രധാനമായ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2021-ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ജനങ്ങള്‍ എല്‍.ഡി.എഫിന് നല്‍കുമെന്നും ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘വികസിത കേരളത്തിലേക്കുള്ള ചുവടുവെപ്പിലാണ് നമ്മള്‍. എല്ലാ മേഖലകളിലും കൈവരിച്ച പുരോഗതി തുടരണമെന്നും വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നാടിന്റെ പുരോഗതിയില്‍ പ്രതിബദ്ധതയുള്ളത് ഇടതുമുന്നണിക്ക് മാത്രമാണെന്ന് ജനങ്ങള്‍ക്കറിയാം,’ അദ്ദേഹം വ്യക്തമാക്കി.

പത്ത് വര്‍ഷം മുന്‍പത്തെ കേരളവും ഇന്നത്തെ കേരളവും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ വിലയിരുത്തും. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവര്‍ പോലും എല്‍.ഡി.എഫ് ഭരിക്കണമെന്ന് ആഗ്രഹിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിന് ലഭിച്ചത് എല്‍.ഡി.എഫിന്റെ ഭരണസംസ്‌കാരം കൊണ്ടാണ്. മറ്റ് ഏതെങ്കിലും മുന്നണിക്കോ കൂട്ടര്‍ക്കോ ഇത് സാധ്യമാകില്ല. ജനങ്ങളെയാണ് തങ്ങള്‍ എപ്പോഴും വിശ്വസിച്ചിട്ടുള്ളതെന്നും ജനങ്ങള്‍ തിരിച്ച് ഇടതുപക്ഷത്തെയും വിശ്വസിക്കുന്നുണ്ടെന്നും ആ യാത്ര ഈ തെരഞ്ഞെടുപ്പിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ നീക്കങ്ങള്‍ കൊണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. എല്ലാ വിഭാഗം ജനങ്ങളും ഉണര്‍വോടെ എല്‍.ഡി.എഫിനൊപ്പം അണിനിരന്നിട്ടുണ്ട്.

2031-ഓടെ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ പ്ലാനുണ്ടെന്നും 2016-ല്‍ ലഭിച്ചതിനേക്കാള്‍ വലിയ പിന്തുണ 2021-ല്‍ ലഭിച്ചത് പോലെ, ഇത്തവണ അതിനേക്കാള്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Content Highlight: Pinarayi Vijayan about  ‘Dashmon’ Statement