കേരളത്തിലെ കാരണങ്ങള്‍ പരിഗണിച്ചാല്‍ പോര; പയ്യന്നൂരില്‍ തോറ്റതിന് പ്രത്യേക കാരണമെന്ന് പിണറായി
Kerala
കേരളത്തിലെ കാരണങ്ങള്‍ പരിഗണിച്ചാല്‍ പോര; പയ്യന്നൂരില്‍ തോറ്റതിന് പ്രത്യേക കാരണമെന്ന് പിണറായി
റെന്വര്‍ പി
Saturday, 29th August 2026, 8:32 pm

കണ്ണൂര്‍: പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ടിയുടെ പരാജയത്തിന് പിന്നില്‍ പ്രത്യേക കാരണങ്ങളെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിലുള്ള കാരണങ്ങള്‍ മാത്രം പയ്യന്നൂരിലെ ഫലത്തിന്റെ കാര്യത്തില്‍ പരിഗണിച്ചാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ നിന്ന് ജയിച്ചത്. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി നേതൃത്വത്തിലിരിക്കെ പാര്‍ട്ടി ശത്രുക്കളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും പിണറായി ആരോപിച്ചു.

ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടായെന്നും അതിനൊപ്പം പാര്‍ട്ടി വിരുദ്ധ പ്രചരണങ്ങളും കൂടി ചേര്‍ന്നപ്പോള്‍ പയ്യന്നൂരിലെ തോല്‍വിയിലേക്ക് അത് നയിച്ചെന്നും പിണറായി അഭിപ്രായപ്പെട്ടു. പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്നവരില്‍ നിന്ന് തന്നെ അവിടെ തെറ്റായ സമീപനമുണ്ടായെന്നും കുഞ്ഞികൃഷ്ണനെ ലക്ഷ്യമിട്ട് പിണറായി അവകാശപ്പെട്ടു.

മുന്‍ കാലങ്ങളില്‍ എല്ലാ പ്രതികൂല സാഹചര്യത്തിലും പാര്‍ട്ടിയെ പിന്തുണച്ച മണ്ഡലമാണ് പയ്യന്നൂരെന്നും പിണറായി ചൂണ്ടിക്കാട്ടി.

‘പയ്യന്നൂര്‍ മണ്ഡലത്തില്‍ വോട്ടിങ് ശതമാനത്തിന്റെ കണക്ക് പരിശോധിച്ചാല്‍ 1967ല്‍ അന്നത്തെ സപ്തകക്ഷി മുന്നണി സ്ഥാനാര്‍ത്ഥിക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം ലഭിച്ചത്. 63 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ആ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. എന്നാല്‍ അത് കഴിഞ്ഞാല്‍ പയ്യന്നൂരില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന ഉയര്‍ന്ന വോട്ടിങ് ശതമാനം 2021ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മധുസൂധനനാണ്. 62 ശതമാനത്തിലധികാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഏത് തരത്തിലുള്ള എതിര്‍ പ്രചാര വേലയെയും നേരിടാന്‍ കരുത്തുള്ള മണ്ഡലമായിരുന്നു പയ്യന്നൂര്‍. 1977ല്‍ ആകെ 15 പേരാണ് ഞങ്ങളുടെ ഭാഗത്ത് നിന്ന് സഭയിലെത്തിയത്. അതില്‍ ഒരാള്‍ പയ്യന്നൂരില്‍ നിന്നായിരുന്നു. ഏത് അവസ്ഥയെയും നേരിടാന്‍ കെല്‍പുള്ള മണ്ഡലമായിരുന്നു പയ്യന്നൂര്‍.

ജനപിന്തുണയുടെ കാര്യമെടുത്താല്‍ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം പയ്യന്നൂരില്‍ എല്‍.ഡി.എഫിന് ലഭിച്ചത് 1987ലാണ്. പക്ഷേ അപ്പോഴും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു. 2021 വരെയുള്ള ചരിത്രമെടുത്താല്‍ 1987ലായിരുന്നു എല്‍.ഡി.എഫിന് ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം. ആ കുറഞ്ഞ വോട്ടിങ് ശതമാനം എന്നത് 50 ശതമാനത്തിന് മുകളിലായിരുന്നു,’ പിണറായി പറഞ്ഞു.

‘സംസ്ഥാനത്ത് പാര്‍ട്ടിക്കെതിരെയും എല്‍.ഡി.എഫിനെതിരെയും അഴിച്ചുവിടുന്ന ഏത് പ്രചാരണവും നേരിടാനുള്ള കരുത്ത് ഉള്ള മണ്ഡലമായിരുന്നു പയ്യന്നൂര്‍. അപ്പോള്‍ അങ്ങനെയുള്ള പയ്യന്നൂരില്‍ എന്താണ് പരാജയപ്പെടാന്‍ കാരണമെന്ന് സ്വാഭാവികമായി ചോദ്യം വരും. കേരളത്തിലുള്ള കാരണങ്ങള്‍ മാത്രം പയ്യന്നൂരിലെ ഫലത്തിന്റെ കാര്യത്തില്‍ പരിഗണിച്ചാല്‍ പോര,’ പിണറായി അഭിപ്രായപ്പെട്ടു.

പയ്യന്നൂരിലെ വോട്ടര്‍മാര്‍ വലിയതോതില്‍ സി.പി.ഐ.എമ്മിനെയും എല്‍.ഡി.എഫിനെയും സ്‌നേഹിക്കുന്നവരാണ്. പ്രത്യേകിച്ച് സി.പി.ഐ.എമ്മിനെ നല്ല രീതിയില്‍ നെഞ്ചേറ്റി നടക്കുന്നവരാണ്. അങ്ങനെയുള്ളവരില്‍ സി.പി.ഐ.എമ്മിനെക്കുറിച്ച് വലിയ തോതില്‍ അവമതിപ്പുണ്ടാക്കാന്‍ സാധിക്കുമോ. ആ ശ്രമം എതിരാളികള്‍ എല്ലാ കാലത്തും നടത്താറുണ്ട്. ആദ്യ കാലം മുതല്‍ എത്രയോ ശ്രമങ്ങള്‍ അതിന്റെ ഭാഗമായി നടന്നു. ആ ശ്രമങ്ങളൊന്നും ഒരു പോറല്‍ പോലും പാര്‍ട്ടിക്ക് വരുത്തിയില്ലെന്നും പിണറായി അവകാശപ്പെട്ടു.

എന്നാല്‍ ഇവിടെ സംഭവിച്ചത് പാര്‍ട്ടിയുടെ ഭാഗമായി നിന്ന് എതിരാളികളുടെ കയ്യിലാവുന്ന നില വന്നു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് പാര്‍ട്ടിയുടെ വിശ്വാസം തകര്‍ക്കാനുള്ള ശ്രമമുണ്ടായി. പാര്‍ട്ടിയുടെ നേതൃ തലത്തില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ തകര്‍ക്കുന്നതിനുള്ള മറ്റു ബന്ധങ്ങള്‍ സ്ഥാപിക്കുന്ന നിലയുണ്ടായെന്നും പിണറായി പറഞ്ഞു.

ഒരു കമ്യൂണിസ്റ്റുികാരന്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ലാത്തതാണോ അതൊക്കെ ചെയ്യുന്ന നില ഇവിടെയുണ്ടായി. അതിന്റെ ഭാഗമായി സ്വാഭാവികമായും ആളുകള്‍ സംശയാലുക്കളായി. അവിടെ കൊടുംപിരി കൊണ്ട പ്രചാരണ വേലകള്‍ വരുമ്പോള്‍ സത്യത്തിനും വസ്തുതയ്ക്കും ചെറിയ മങ്ങലേറ്റുവെന്നും പിണറായി പറയുന്നു.

‘ഇവിടെ സി.പി.ഐ.എമ്മിനെ ആളുകള്‍ നെഞ്ചേറ്റുന്നത് എന്തുകൊണ്ടാണ്. സിപി.ഐ.എമ്മെന്ന പാര്‍ട്ടി തെറ്റിനെ ഒരു കാലത്തും പൊറുപ്പിക്കാറില്ല. ആര് തെറ്റ് ചെയ്താലും ആ തെറ്റിനെതിരെ ശക്തമായ നടപടിയെടുക്കും. അതാണ് സി.പി.ഐ.എം. സഖാക്കള്‍ സാധാരണ കമ്യൂണിസ്റ്റ് രിതിയില്‍ ജീവിതം നയിച്ച് പോകേണ്ടവരായിരുന്നു.

എന്നാല്‍ മനുഷ്യരാണല്ലോ. മനുഷ്യ സഹജമായ ചാപല്യം, അതിന് ഇരയായി പോയാല്‍, അത് കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതായാല്‍, പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കുന്ന കാര്യമായാല്‍ ആര് എന്ന പ്രശ്മില്ല. കടുത്ത നടപടിയിലേക്ക് പാര്‍ട്ടി നീങ്ങും. അതാണ് ഈ പാര്‍ട്ടി. എല്ലാ കാലത്തും അതാണ് പാര്‍ട്ടി. ഒരു കാലത്തും അതിന് വ്യത്യാസമില്ല.

അതിന് വ്യത്യാസമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ നോക്കുന്നത് പാര്‍ട്ടി ശത്രുക്കളാണ്. അവര്‍ക്ക് വേണ്ടത് പാര്‍ട്ടിയെ നന്നാക്കലല്ല. പാര്‍ട്ടിയെ തകര്‍ക്കലാണ്. പാര്‍ട്ടിയെ തകര്‍ക്കുന്നതിന് വേണ്ടി പൊടിപ്പും തൊങ്ങലും വെച്ച് അവര്‍ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കും. പാര്‍ട്ടി ശക്തികേന്ദ്രമായ പയ്യന്നൂരില്‍ നിര്‍ഭാഗ്യകരമായ രീതിയിലാണ് പാര്‍ട്ടി വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ നേതൃതലത്തില്‍ നിന്നുകൊണ്ട് ശ്രമം നടത്തിയത്.

അത് വലിയ തോതിലുള്ള പോറലാണ് സ്വാഭാവികമായും ഉണ്ടാക്കിയത്. എപ്പോഴും പാര്‍ട്ടിക്കകത്ത് നിന്ന് തെറ്റായ ചിന്താഗതികളുടെ ഭാഗമായി കാര്യങ്ങള്‍ ശത്രുക്കളുമായി പങ്കിടുന്ന അവസ്ഥ വന്നാല്‍ അത് പാര്‍ട്ടിയെ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കും. അത്തരം ഘട്ടങ്ങള്‍ നേരത്തെ നാം കണ്ടിട്ടുണ്ട്. നേരിട്ടിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്,’ പിണറായി പറഞ്ഞു.

ഇപ്പോള്‍ പയ്യന്നൂരില്‍ അതേ നില ഉണ്ടായി എന്നല്ല താന്‍ പറയുന്നതെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിയില്‍ നേരത്തെയുണ്ടായിരുന്ന വിഭാഗീയതയെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘ഇവിടെ അതേ നില ഉണ്ടായി എന്നല്ല ഞാന്‍ പറയുന്നത്. അതെല്ലാം വിഭാഗീയതയുടെ കൊടുമ്പിരി കൊണ്ട കാലമായിരുന്നു. ആ വിഭാഗീയതയുടെ കാലത്ത് പാര്‍ട്ടി ശത്രുക്കള്‍ ആഗ്രഹിച്ചത് പാര്‍ട്ടിയുടെ തകര്‍ച്ചയായിരുന്നു. പക്ഷേ പാര്‍ട്ടി, പാര്‍ട്ടി വികാരത്തോടെ ഒരുമിച്ച് നിന്നു. അതിന്റെ ഭാഗമായി വിഭാഗീയതയെ മറികടക്കാന്‍ പറ്റി.

എപ്പോഴും പാര്‍ട്ടി സ്വീകരിക്കുന്ന ഒരു സമീപനമുണ്ട്. ഇത്തരം കാര്യങ്ങളില്‍ തെറ്റായ സമീപനം സ്വീകരിക്കുന്നവരെ ആദ്യം തിരുത്തിക്കാനുള്ള ശ്രമം നടത്തും. അതിന്റെ ഭാഗമായി പലവിധ ഘട്ടങ്ങള്‍ നടക്കും. പലരും തിരുത്തി വന്നിട്ടുണ്ട്. അങ്ങനെയാണ് കേരളത്തില്‍ വിഭാഗീയത എന്നത് ഒരു വലിയ വിഷയമല്ലാതായി മാറിയത്്,’ പിണറായി പറഞ്ഞു.

വിഭാഗീയതയുടെ പ്രശ്‌നം പൊതുവെ പാര്‍ട്ടി നേരിടാത്ത ഘട്ടത്തിലാണ് ഇവിടെ പ്രത്യേകമായ വികാരത്തോടെ പാര്‍ട്ടി നേതൃതലത്തിലുണ്ടായിരുന്ന ആളുകളില്‍ നിന്ന് തന്നെ തെറ്റായ സമീപനമുണ്ടായതെന്നും പയ്യന്നൂരിലെ സാഹചര്യത്തെക്കുറിച്ച് പിണറായി പറയുന്നു. പയ്യന്നൂരില്‍ പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്നവര്‍ പാര്‍ട്ടി ശത്രുക്കളുമായി ചേര്‍ന്നുകൊണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

‘അവര്‍ പാര്‍ട്ടി ശത്രുക്കളെ കൂട്ട് പിടിച്ചുകൊണ്ടായിരുന്നു. പാര്‍ട്ടി ശത്രുക്കളെ ഉപയോഗിച്ച് പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തലായിരുന്നു. ഇത്തരം ഒട്ടേറെ കാര്യങ്ങളാണ് ഇവിടെ നടന്നത്. അങ്ങനെ വന്നപ്പോള്‍ പാര്‍ട്ടി സഖാക്കള്‍ മാത്രമല്ല, പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ബഹുജനങ്ങളിലും വലിയ ആശയക്കുഴപ്പങ്ങളുണ്ടായി.

ആ ആശയക്കുഴപ്പത്തിനൊപ്പം മറ്റ് പ്രചാര വേലകള്‍ കൂടി വന്നപ്പോള്‍ അത് തെറ്റായ വികാരത്തിലേക്ക് അവരെ നയിച്ചിട്ടുണ്ടാവും. എന്തായാലും പാര്‍ട്ടി ഇവിടെ പരാജയപ്പെട്ടു. 2021ലെ 62 ശതമാനത്തില്‍ നിന്ന് പാര്‍ട്ടിയുടെ വോട്ട് ഇത്തവണ 44 ശതമാനത്തിലേക്ക് താഴ്ന്നു,’ പിണറായി പറഞ്ഞു.

Content Highlight: Pinarayi Vijayan About CPIM Failure at Payyannur Seat in 2026 Kerala State Election

 

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.