'ചെറ്റത്തരം' മുതല്‍ 'വീട്ടില്‍ പോയി ചോദിക്കണം' വരെ; പിണറായിയുടെ വാവിട്ട വാക്കുകള്‍ വിനയായെന്ന് വിലയിരുത്തല്‍
Kerala
'ചെറ്റത്തരം' മുതല്‍ 'വീട്ടില്‍ പോയി ചോദിക്കണം' വരെ; പിണറായിയുടെ വാവിട്ട വാക്കുകള്‍ വിനയായെന്ന് വിലയിരുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th May 2026, 10:38 am

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ പത്തു വര്‍ഷങ്ങള്‍ക്കൊടുവില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി പദമൊഴിയുമ്പോള്‍, തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നായി വിരല്‍ചൂണ്ടുന്നത് അദ്ദേഹത്തിന്റെ അതിരുവിട്ട വാക്കുകളിലേക്കും ശൈലിയിലേക്കും കൂടിയാണ്.

‘കടക്ക് പുറത്ത്’ മുതല്‍ ‘വിവരദോഷി’ പ്രയോഗം വരെ നീളുന്ന മുഖ്യമന്ത്രിയുടെ പരുക്കന്‍ ഭാഷയും ധിക്കാരപരമായ സമീപനവുമാണ് നിഷ്പക്ഷ വോട്ടര്‍മാരെ എല്‍.ഡി.എഫില്‍ നിന്ന് അകറ്റിയതെന്നാണ് നിരീക്ഷണം.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടി വിട്ട ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ ‘ചെറ്റത്തരം’ പരാമര്‍ശം വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് ഉണ്ടാക്കിയത്.

അമ്പലപ്പുഴയിലും ജില്ലയിലാകെയും സുധാകരന് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിക്കാന്‍ ഇത് കാരണമായെന്നാണ് വിലയിരുത്തലുകള്‍. പരാമര്‍ശം വിവാദമായിട്ടും ഈ പ്രയോഗത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് യു.ഡി.എഫ് വന്‍ പ്രചാരണായുധമാക്കുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ ‘പുരോഹിതര്‍ക്കിടയിലും വിവരദോഷികളുണ്ടാകും’ എന്ന് പരിഹസിച്ചതും, തെലങ്കാന മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് ‘നീ പോ ഡാഷ് മോനെ’ എന്ന മറുപടി നല്‍കിയതും പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധമുണ്ടാക്കി.

അണികള്‍ ഇത് ആഘോഷമാക്കിയെങ്കിലും സാധാരണക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ഇത് മങ്ങലേല്‍പ്പിച്ചു. പാര്‍ട്ടി പരിപാടിയിലെ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച സ്വന്തം പാര്‍ട്ടിക്കാരോട് പോലും ‘വീട്ടില്‍ പോയി ചോദിക്കാന്‍’ ആക്രോശിക്കുന്ന ശൈലി ജനവിരുദ്ധ വികാരമായി മാറിയെന്നാണ് വിലയിരുത്തല്‍.

അതേസമയം പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അദ്ദേഹം അധികാരത്തിന്റെ പതിവ് ഗമകളൊന്നുമില്ലാതെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ പത്തു വര്‍ഷമായി പിന്തുടര്‍ന്ന വന്‍ സുരക്ഷാ സന്നാഹങ്ങളും വാഹനവ്യൂഹങ്ങളും അദ്ദേഹം ഒഴിവാക്കി. എ.കെ.ജി സെന്ററില്‍ നിന്നുള്ള കാറില്‍ തികച്ചും സാധാരണക്കാരനായി അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് മടങ്ങി.

കാവല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാമെങ്കിലും അതെല്ലാം ഒഴിവാക്കിയ പിണറായിയെയാണ് ഇന്നലെ കണ്ടത്. നേരെ ക്ലിഫ് ഹൗസിലെത്തിയ പിണറായിക്കൊപ്പം കുടുംബവുമുണ്ടായിരുന്നു.

ഉച്ചക്ക് അദ്ദേഹം എ.കെ.ജി സെന്ററില്‍ എത്തി. അവിടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെ നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം. തുടര്‍ന്ന് ക്ലിഫ് ഹൗസിലേക്ക് മടങ്ങി.

മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ച അദ്ദേഹം, ഒരു ചെറുപുഞ്ചിരിയോടെ കൈവീശി യാത്രയായി. വൈകാതെ തന്നെ അദ്ദേഹം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയും. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള ‘ചിന്ത’ ഫ്‌ലാറ്റിലെ മൂന്നാം നിലയില്‍ അദ്ദേഹത്തിനുള്ള മുറി തയ്യാറായിട്ടുണ്ട്.

Content Highlight: Pinarayi’s loose talk blamed for political setback