വി.വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണം നികത്താനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി
Daily News
വി.വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണം നികത്താനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st August 2016, 7:30 pm

ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണം കേരളത്തിന്റെ പൊതുരംഗത്തിനാകെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍  വ്യക്തമാക്കി.


തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവും ദേശാഭിമാനിയുടെ മുന്‍പത്രാധിപരുമായിരുന്ന വി.വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണം കേരളത്തിന്റെ പൊതുരംഗത്തിനാകെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍  വ്യക്തമാക്കി.

നിയമസഭാ സമാജികന്‍, അധ്യാപക പ്രസ്ഥാന നേതാവ്, പത്രാധിപര്‍, പ്രസംഗകന്‍, ഗ്രന്ഥശാലാ പ്രസ്ഥാന നേതാവ്, ട്രേഡ് യൂണിയന്‍ നേതാവ് എന്നിങ്ങനെ വിവിധ മാനങ്ങളുള്ള വ്യക്തിത്വമായിരുന്ന ദക്ഷിണാമൂര്‍ത്തിയുടേത്.

എല്ലാത്തിനുമുപരിയായി അദ്ദേഹം ഉറച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു. അധ്യാപകപ്രസ്ഥാനത്തെ സമരപരമ്പരകളിലൂടെ അതിശക്തമായി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം ത്യാഗോജ്വലമായ പങ്കാണു വഹിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇടതു-വലതു വ്യതിയാനങ്ങളില്‍പ്പെടാതെ നേരായ വഴിക്കുപോകുന്നുവെന്നുറപ്പാക്കുന്നതിനുതകുന്ന ആശയപരമായ ഇടപെടല്‍ അദ്ദേഹത്തില്‍നിന്ന് ഓരോ നിര്‍ണായക ഘട്ടങ്ങളിലുമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി കുറിച്ചു. ദേശീയ നേതാക്കള്‍ കേരള പര്യടനങ്ങളില്‍ നടത്തിയിട്ടുള്ള ഇംഗ്ലീഷ് പ്രസംഗങ്ങളുടെ നല്ല പരിഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും പിണറായി ഓര്‍മ്മിച്ചു.

അദ്ദേഹത്തിന്റെ വേര്‍പാട് അത്യന്തം ദുഃഖകരമാണ്. പല പതിറ്റാണ്ടുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഒരുപാട് അനുഭവങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ വന്നുനിറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്ടുണ്ടെ