ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാനുള്ള തടി അമിത് ഷായ്ക്കില്ല; മറുപടിയുമായി മുഖ്യമന്ത്രി
kERALA NEWS
ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാനുള്ള തടി അമിത് ഷായ്ക്കില്ല; മറുപടിയുമായി മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Sunday, 28th October 2018, 7:56 pm

പാലക്കാട്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പാലക്കാട്ട് പറഞ്ഞു.

“സര്‍ക്കാരിനെ വലിച്ചു താഴെയിടാനുള്ള തടി അമിത് ഷായ്ക്കില്ല. അമിത് ഷായുടെ ഭീഷണി ഗുജറാത്തില്‍ പോയി പറഞ്ഞാല്‍ മതി.”

അല്‍പ്പന്‍മാര്‍ക്ക് പൊതുവേ മറുപടി പറയാറില്ലെന്നും അനുചരന്‍മാര്‍ അറിയാനാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. യാഥാസ്ഥിതികരുടെ ഭീഷണിയ്ക്ക് മുന്നില്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: അമിത് ഷായുടെ വാക്ക് കേട്ട് ആര്‍.എസ്.എസുകാര്‍ കളിക്കാന്‍ വന്നാല്‍ അത് വല്ലാത്ത കളിയാകും: മുഖ്യമന്ത്രി

ശബരിമലയെ അക്രമത്തിന്റെ വേദിയാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് സമയക്രമീകരണം കൊണ്ടുവന്നത് ഭക്തരെ സഹായിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ തെറിയഭിഷേകം നടത്തിയതും അക്രമം നടത്തിയതും സംഘപരിവാറാണ്. പൊലീസ് അറസ്റ്റ് ചെയ്തത് വിശ്വാസികളെയല്ല, അക്രമികളെയാണ്.

അമിത് ഷായുടെ വാക്ക് കേട്ട് ആര്‍.എസ്.എസുകാര്‍ കളിക്കാന്‍ വന്നാല്‍ അത് വല്ലാത്ത കളിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം

സര്‍ക്കാര്‍ നടപടി ശബരിമലയുടെ പവിത്രത സംരക്ഷിക്കാന്‍ വേണ്ടിയാണ്. വിശ്വാസികള്‍ക്ക് ആരാധനാസ്വാതന്ത്ര്യം ഒരുക്കേണ്ടത് സര്‍ക്കാര്‍ ചുമതലയാണ്.

ശബരിമലയില്‍ വികസനത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമോന്നതകോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിവിധി വന്നതിനുശേഷം പുനപരിശോധനഹരജി നല്‍കുന്നത് വാക്കിന് വിലയില്ലാത്ത നിലപാടാണ് അത് സര്‍ക്കാരിന് സ്വീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

WATCH  THIS VIDEO: