കണ്ണൂര്‍: ഹലാല്‍ വിവാദം ഒരു വിഭാഗത്തെ ആക്ഷേപിക്കാനുള്ള തന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം ഏരിയ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു. ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നു,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സംസ്‌കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്‌ലിം സമുദായത്തെ ഇന്ത്യയില്‍ നിന്ന് അകറ്റാനുള്ള ശ്രമം നടത്തി.
ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന് മുകളിലും സംഘപരിവാറിന്റെ ബുള്‍ഡോസര്‍ ഉരുളാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹലാല്‍ വിവാദത്തില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തുന്നത്.
ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമാണ് സംഘപരിവാര്‍ പ്രചാരണം നടത്തുന്നത്.