തെലങ്കാനയിലെ ഗണേശ ചതുര്‍ത്ഥി യാത്രയില്‍ ഗോഡ്‌സേയുടെയും ലോറന്‍സ് ബിഷ്ണോയിയുടെയും ചിത്രങ്ങള്‍
India
തെലങ്കാനയിലെ ഗണേശ ചതുര്‍ത്ഥി യാത്രയില്‍ ഗോഡ്‌സേയുടെയും ലോറന്‍സ് ബിഷ്ണോയിയുടെയും ചിത്രങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th September 2025, 10:00 pm

ഹൈദരാബാദ്: തെലങ്കാനയില്‍ നടന്ന ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയില്‍ ഗോഡ്‌സേയുടെയും ലോറന്‍സ് ബിഷ്ണോയിയുടെയും ചിത്രങ്ങള്‍.

ഗാന്ധിയുടെ ഘാതകനും ഹിന്ദു മഹാസഭ നേതാവുമായ ഗോഡ്‌സേയുടെയും കുപ്രസിദ്ധ ഗുണ്ടാ നേതാവായ ബിഷ്ണോയിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആഘോഷത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇത് സെപ്റ്റംബര്‍ നാലിന് തെലങ്കാനയിലെ ബൈന്‍സയില്‍ നടന്ന യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് വിവരം. ബിഷ്ണോയി അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡി.ജെ യാത്രയാണ് തെലങ്കാനയില്‍ നടന്നത്.

സംഭവത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് നിരവധി ആളുകളാണ് വിമര്‍ശനം ഉയര്‍ത്തുന്നത്. ഈ വീഡിയോകളുടെ അടിസ്ഥാനത്തില്‍ തെലങ്കാന പൊലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

രാജ്യത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികള്‍ക്കും തലവേദനയായ ലോറന്‍സ് ബിഷ്ണോയി നിലവില്‍ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ്. 2018ല്‍ ജോദ്പൂരിലെ കോടതിയില്‍ വെച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞതോടെയാണ് ലോറന്‍സ് ശ്രദ്ധിക്കപ്പെട്ടത്.

നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഒരു കൊലപാതക കേസിലും ലോറന്‍സ് ബിഷ്ണോയിക്ക് നേരിട്ട് പങ്കില്ലെന്നാണ് ദല്‍ഹി പൊലീസിന്റെ വാദം. ടെലഗ്രാം പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചാണ് ലോറന്‍സ് ബിഷ്ണോയിയുടെ കീഴിലുള്ള ഗുണ്ടാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

കാനഡയിലെ കുപ്രസിദ്ധ കുറ്റവാളി ഗോള്‍ഡി ബ്രാർ, ലോറന്‍സിന്റെ സഹോദരങ്ങളായ അന്‍മോള്‍ ബിഷ്‌ണോയി, വിക്രംജിത് സിങ്, കാലാ ജത്തേഡി, കാലാ റാണ എന്നിവരാണ് ബിഷ്ണോയി എന്നിവരാണ് സംഘത്തിലെ മറ്റു പേരുകേട്ട ഗുണ്ടാ തലവന്മാര്‍.

ഗണേശ ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട യാത്രയില്‍ ഇടംപിടിച്ച ഗോഡ്സെ 1948 ജനുവരി 30നാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത്. മൂന്ന് തവണയാണ് ഗാന്ധിക്ക് നേരെ ഗോഡ്സെ നിറയൊഴിച്ചത്. പിന്നീട് ഒരു വര്‍ഷത്തോളം നീണ്ടുനിന്ന വിചാരണക്ക് ശേഷം 1949 നവംബര്‍ എട്ടിന് ഗോഡ്സെയുടെ തൂക്കിലേറ്റുകയും ചെയ്തു.

Content Highlight: Pictures of Godse and Lawrence Bishnoi during Ganesh Chaturthi Yatra in Telangana