
|ഫോട്ടോ സ്‌റ്റോറി | നബീല്‍ സി.കെ.എം|
മനുഷ്യരാശിയുടെ നിലനില്‍പ്പിനെ സംബന്ധിച്ച തുടര്‍ച്ചകളുടെ അനുബന്ധങ്ങളാണ് ഓരോ മലമുടിയും. എന്നാല്‍ ഖനികളില്‍നിന്ന് മലകള്‍ക്കുള്ള ചരമഗീതമാണ് നാമിപ്പോള്‍ കേള്‍ക്കുന്നത്. മലമുടി തുരന്ന് തുരന്ന് മുടിയുകയാണ് കേരളം. ഓരോ മലയും തുരന്ന് തീരുന്നതിനൊപ്പം ജീവിക്കാന്‍ യോഗ്യമായ ഇടങ്ങളും ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുകയാണ്.
രാപ്പകല്‍ പൊട്ടിത്തെറിക്കുന്ന പാറമടകള്‍, വിണ്ട്കീറുന്ന വീടുകള്‍…..
പുക വന്ന് മൂടുന്ന അന്തരീക്ഷം, ശ്വസിക്കാന്‍ കട്ടി പുക…..
പാറപ്പൊടി കലര്‍ന്ന് ഉപയോഗശൂന്യമായ വെള്ളം…..
കരിങ്കല്‍പ്പൊടി കലര്‍ന്ന് ഭക്ഷണം…..
ചുമച്ചും, കഫം കെട്ടിയും ചൊറിഞ്ഞും അസ്വസ്ഥമാകുന്ന പ്രദേശവാസികള്‍…..
ഇതിനിടയിലാണ് സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കേരളത്തിന്റെ 2.5% സ്ഥലം കൊടും വരള്‍ച്ചാമേഖലയായി മാറിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ തെക്ക് പടിഞ്ഞാറന്‍ മഴ സീസണില്‍ 6% കൂടുതല്‍ മഴ ലഭിച്ചതിനു ശേഷമാണത്രേ ഈ ശുദ്ധജലക്ഷാമം!
ആകാശത്ത് നിന്നും വീഴുന്ന മഴത്തുള്ളികളെ ഭൂമിയുടെ ഗര്‍ഭാശയങ്ങളില്‍ സൂക്ഷിക്കാന്‍ മലകളില്ലാതായിരിക്കുന്നു എന്നതിന്റെ ആദ്യ സൂചനയാണിത്. ജലരേഖകള്‍ മായുകയാണ്. മണ്ണിനടിയിലെ ജല സൂക്ഷിപ്പ് അറകളെല്ലാം അടഞ്ഞില്ലാതാവുകയാണ്. ഒടുക്കം, പിടിച്ച് നിര്‍ത്താനുള്ള പ്രകൃതിദത്ത ആണികളെല്ലാം നഷ്ടപ്പെട്ട് മണ്ണിനടിയില്‍ നിന്നും ഉഗ്രമായ ഒരു ശബ്ദത്തോടെ കുലുങ്ങിവിറച്ചാകും എല്ലാം അവസാനിക്കുക.
സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞിട്ടും വികസനാവശ്യങ്ങളെ പുനര്‍നിര്‍ണ്ണയിക്കാന്‍ കഴിയാത്ത പൊതു സമൂഹവും, വെള്ളിക്കാശിന് വേണ്ടി ഒരു ജനതയെ ഒറ്റുകൊടുക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വവും പഴയ നിലപാടുകള്‍ തുടരുകയാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ നമ്മളെവിടെ പോകും പ്രിയപ്പെട്ടവരെ?





അടുത്ത പേജില്‍ തുടരുന്നു
പ്രകൃതിദത്ത ജലസംഭരണികളാണ് മലകള്‍. ഈ മലകള്‍ തന്നെയാണ് ഭൂഗര്‍ഭ ജലത്തിന്റെ ഗതി നിര്‍ണയിക്കുന്നതും. മലകള്‍ തുരന്ന് അഗാധ ഗര്‍ത്തങ്ങളുണ്ടാകുന്നതോടെ പാറകളില്‍ നിന്നുള്ള ഉറവകള്‍ ഇത്തരം ഗര്‍ത്തങ്ങളില്‍ കെട്ടി നില്‍ക്കുകയും ജൈവികമായ ജല വിതരണ ശൃംഖല നശിക്കുകയും ചെയ്യുന്നു.

ജല രേഖ: പാറയില്‍ നിന്നുള്ള ഒരു ഉറവ
സുരക്ഷാ മാര്‍ഗങ്ങള്‍ ഒന്നും പാലിക്കാതെയുള്ള ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുന്നവയാണ്. പാറപ്പൊടി വീണ് ഉപയോഗ ശൂന്യമായ കിണറുകള്‍, ക്രഷറുകളിലെ മലിനജലം ഒലിച്ചിറങ്ങി പാറപ്പൊടി കട്ട പിടിച്ച് കിടക്കുന്ന തൊടികള്‍, സ്‌ഫോടനങ്ങളിലൂടെയും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയും കനം വെക്കുന്ന അന്തരീക്ഷ വായു……. പാറപൊടി കലര്‍ന്ന വായുവും വെള്ളവും മണ്ണും നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നവയാണ്. വിട്ടു മാറാത്ത ചുമ, ന്യുമോണിയ, ടി.ബി, ലീറോസിസ്, ത്വക്ക് രോഗങ്ങള്‍ അങ്ങനെ നീളുന്നു ഈ പട്ടിക………



അടുത്ത പേജില്‍ തുടരുന്നു
തുരന്ന്,തുരന്ന്……
പലയിടത്തും മേല്‍മണ്ണ് മാറ്റി പാറ കണ്ടെത്തിയാണ് പാറ ഖനനം നടക്കുന്നത്. മേല്‍മണ്ണും അതിലെ സസ്യങ്ങളും നീക്കം ചെയ്ത് പാറ ഖനനം പാടില്ലെന്ന് നിയമം അനുശാസിക്കെ തന്നെയാണ് ഈ പകല്‍ കൊള്ള. ഇവയില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ഭൂകമ്പ സാധ്യതാ മേഖലകളിലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.





അടുത്ത പേജില്‍ തുടരുന്നു
പാറമടയില്‍ നിന്നുള്ള തുടര്‍ച്ചയായുള്ള സ്‌ഫോടനം മൂലം കെട്ടിടങ്ങള്‍ക്ക് ബലക്ഷയം സംഭവിക്കുകയും പിന്നീട് തകരുകയും ചെയ്യുന്നു. കേരളത്തില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരകളൂം ചുമരുകളുമാണ് ഇങ്ങനെ അടര്‍ന്നിട്ടുള്ളത്. കിണറുകള്‍ സ്‌ഫോടനം മൂലം ഇടിഞ്ഞ് താഴുന്നത് പതിവാണ്.



