'ഉച്ചത്തില്‍ സംസാരിക്കുന്ന നിശബ്ദ ഫോട്ടോ'; 2025 വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌കാരം നേടി ഫലസ്തീനിയന്‍ ബാലന്റെ ചിത്രം
World News
'ഉച്ചത്തില്‍ സംസാരിക്കുന്ന നിശബ്ദ ഫോട്ടോ'; 2025 വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌കാരം നേടി ഫലസ്തീനിയന്‍ ബാലന്റെ ചിത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th April 2025, 6:42 pm

ആംസ്റ്റര്‍ഡാം: ഇസ്രഈല്‍ ആക്രമണത്തില്‍ ഇരു കൈകളും നഷ്ടപ്പെട്ട ഫലസ്തീനിയന്‍ ബാലന്‍ മഹ്‌മൂദ് അജ്ജൗറിന്റെ ചിത്രത്തിന് 2025ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ന്യൂയോര്‍ക് ടൈംസിന് വേണ്ടി ഗസ സ്വദേശിനിയായ സമര്‍ അബു ഇലൗഫ് പകര്‍ത്തിയ ചിത്രമാണ് പുരസ്‌കാരം നേടിയത്.

2024ല്‍ നടന്ന സ്ഫോടനത്തില്‍ അജ്ജൗറിന് രണ്ട് കൈകളും നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് അജ്ജൗര്‍ ദോഹയിലേക്ക് പലായനം ചെയ്തിരുന്നു. ദോഹയില്‍ ചികിത്സയിലിരിക്കെയാണ് സമര്‍ അജ്ജൗറിന്റെ ചിത്രം പകര്‍ത്തുന്നത്.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതോടെ സമറും ദോഹയിലേക്ക് പലായനം ചെയ്തിരുന്നു. പിന്നീട് ദോഹയില്‍ ചികിത്സയില്‍ കഴിയുന്ന ഇസ്രഈല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചിത്രം പകര്‍ത്തുന്നതിലാണ് സമര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

കൈകള്‍ മുറിച്ചുമാറ്റപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ നിമിഷം ഇനിമുതല്‍ താന്‍ എങ്ങനെ നിങ്ങളെ കെട്ടിപ്പിടിക്കുമെന്നാണ് മകന്‍ തന്നോട് ചോദിച്ചതെന്ന് മഹ്‌മൂദിന്റെ അമ്മ പറഞ്ഞു. മഹ്‌മൂദിന്റെ ഈ വാക്കുകള്‍ ഓര്‍ത്തെടുത്ത അമ്മ തന്നില്‍ വലിയ മാനസിക ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയതെന്ന് സമര്‍ പറയുന്നു.

 Photo of boy from Gaza wins World Press Photo of 2025

സമര്‍ അബു ഇലൗഫ്

‘മഹ്‌മൂദിന്റെ അമ്മ എന്നോട് പറഞ്ഞതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്ന്, തന്റെ കൈകള്‍ മുറിച്ചുമാറ്റപ്പെട്ടുവെന്ന് മഹ്‌മൂദ് ആദ്യമായി തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ അവരോട് പറഞ്ഞ ആദ്യ വാചകം ‘എനിക്ക് നിങ്ങളെ ഇനി എങ്ങനെ കെട്ടിപ്പിടിക്കാന്‍ കഴിയും?’ എന്നായിരുന്നു,’ സമര്‍ പറഞ്ഞു.

‘സമര്‍ പകര്‍ത്തിയ ചിത്രം ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു നിശബ്ദ ഫോട്ടോയാണ്. ഒരു ആണ്‍കുട്ടിയുടെ വേദനയെ മാത്രമല്ല, മറിച്ച് വരും തലമുറകളില്‍ സ്വാധീനം ചെലുത്തുന്നതും ഒരു ദീര്‍ഘകാല യുദ്ധത്തിന്റെ ആഘാതത്തെയുമാണ് ചിത്രം പ്രതിനിധീകരിക്കുന്നത്,’ വേള്‍ഡ് പ്രസ് ഫോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജൗമാന എല്‍ സെയ്ന്‍ ഖൗറി പറഞ്ഞു.

മഹ്‌മൂദ് ഇപ്പോള്‍ ഫോണില്‍ ഗെയിമുകള്‍ കളിക്കാനും എഴുതാനും കാലുകള്‍ കൊണ്ട് പുതിയ വാതിലുകള്‍ തുറക്കാനും പഠിക്കുകയാണെന്ന് ജൂറി പറഞ്ഞു.

ഈ വര്‍ഷത്തെ മത്സരത്തിന് 141 രാജ്യങ്ങളിലെ 3,778 ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് കുറഞ്ഞത് 59,000 അപേക്ഷകള്‍ ലഭിച്ചുവെന്നാണ് വിവരം. ഇതില്‍ നിന്നാണ് സമറിന്റെ ചിത്രം പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

പനോസ് പിക്ചേഴ്സിനും ബെര്‍ത്ത ഫണ്ടേഷനും വേണ്ടി മുസുക് നോള്‍ട്ടെ ചിത്രീകരിച്ച ‘ആമസോണിലെ വരള്‍ച്ചകള്‍’ ഗെറ്റി ഇമേജസിനായി ജോണ്‍ മൂര്‍ ചിത്രീകരിച്ച ‘നൈറ്റ് ക്രോസിങ്’ എന്നീ രണ്ട് ചിത്രങ്ങളാണ് റണ്ണര്‍-ആപ്പ് ആകുകയും ചെയ്തു.

Content Highlight: Photo of boy from Gaza wins World Press Photo of 2025