പ്രസിഡന്റിന്റെ ലഹരി ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ റോയിട്ടേഴ്‌സിനെ സഹായിച്ചു; ഫിലിപ്പീന്‍സില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
World News
പ്രസിഡന്റിന്റെ ലഹരി ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ റോയിട്ടേഴ്‌സിനെ സഹായിച്ചു; ഫിലിപ്പീന്‍സില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th December 2021, 11:42 am

മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടെര്‍ടെ ഉള്‍പ്പെട്ട ലഹരി ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സഹായിച്ച മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സ് മാധ്യമപ്രവര്‍ത്തകനായ ജീസസ് മലബനന്‍ ആണ് വെടിയേറ്റ് മരിച്ചത്.

ഡ്യുടെര്‍ടെ ഉള്‍പ്പെട്ട ലഹരി മാഫിയ രംഗത്തെ വഴക്കുകളെക്കുറിച്ചും അക്രമസംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയെ സഹായിച്ച് മാധ്യമപ്രവര്‍ത്തകനായിരുന്നു മലബനന്‍. ഈ അന്വേഷണത്തിന് റോയിട്ടേഴ്‌സിന് പുലിറ്റ്‌സര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

ബുധനാഴ്ച വൈകുന്നേരം തന്റെ വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരിക്കെ മലബനന് തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അജ്ഞാതരായ രണ്ട് പേരായിരുന്നു വെടിയുതിര്‍ത്തതെന്നും പൊലീസ് പറയുന്നു.

വെടിയേറ്റതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ തന്നെ മരിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

2016ല്‍ റോഡ്രിഗോ ഡ്യുടെര്‍ടെ 2016ല്‍ അധികാരമേറ്റതിന് ശേഷം കൊല്ലപ്പെടുന്ന 22ാമത്തെ മാധ്യമപ്രവര്‍ത്തകനാണ് ജീസസ് മലബനന്‍. ഫിലിപ്പീന്‍സിലെ നാഷനല്‍ യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് (എന്‍.യു.ജെ.പി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്.

ഫിലിപ്പീന്‍സില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ മരിയ റെസ്സയ്ക്കായിരുന്നു 2021ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. റോഡ്രിഗോ ഡ്യുടെര്‍ടെയുടെ കടുത്ത വിമര്‍ശക കൂടിയാണ് റെസ്സ.

ഓണ്‍ലൈന്‍ ന്യൂസ് വെബ്‌സൈറ്റായ ‘റാപ്ലറി’ന്റെ സ്ഥാപകയായ റെസയെ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ച് ഡ്യുടെര്‍ടെയുടെ ഭരണസമയത്ത് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

മാധ്യമപ്രവര്‍ത്തനം ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. പല മാധ്യമപ്രവര്‍ത്തകരുടേയും മരണങ്ങള്‍ തെളിയിക്കപ്പെടാതെയ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതെയോ പോകാറാണ് പതിവ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Philippines journalist who helped to probe President’s drug war was shot dead