ദി ഹണ്‍ഡ്രഡില്‍ വെടിക്കെട്ടുമായി ആര്‍.സി.ബി താരം; തിരുത്തിയത് ടൂര്‍ണമെന്റ് ചരിത്രം!
Cricket
ദി ഹണ്‍ഡ്രഡില്‍ വെടിക്കെട്ടുമായി ആര്‍.സി.ബി താരം; തിരുത്തിയത് ടൂര്‍ണമെന്റ് ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th August 2025, 11:54 am

ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി ആര്‍.സി.ബിയുടെ ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട്. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ സതേണ്‍ ബ്രെയ്‌വുമായുള്ള മത്സരത്തിലായിരുന്നു മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് താരമായ സാള്‍ട്ടിന്റെ വെടിക്കെട്ട്.

മത്സരത്തില്‍ 41 പന്തുകള്‍ നേരിട്ട സാള്‍ട്ട് 60 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. രണ്ട് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 146.34 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തായിരുന്നു താരം മിന്നും പ്രകടനം നടത്തിയത്. 35 പന്തില്‍ താരത്തിന് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നു.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സാള്‍ട്ട് കുറിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് ആര്‍.സി.ബി താരം സ്വന്തമാക്കിയത്. അഞ്ച് സീസണുകളില്‍ നിന്നായി 991 റണ്‍സ് നേടിയാണ് ഈ ലിസ്റ്റില്‍ സാള്‍ട്ട് ഒന്നാമതെത്തിയത്.

ദി ഹണ്‍ഡ്രഡില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, റണ്‍സ്

ഫില്‍ സാള്‍ട്ട് – 991

ജെയിംസ് വിന്‍സ് – 891

ബെന്‍ ഡക്കറ്റ് – 891

വില്‍ ജാക്സ് – 814

ഡേവിഡ് മലന്‍ – 808

ഐ.പി.എല്ലിലെയും വിറ്റാലിറ്റി ടി – 20 ബ്ലാസ്റ്റിലെയും തന്റെ മിന്നും പ്രകടനം ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ സാള്‍ട്ടിന് നടത്താനായി. എന്നാല്‍ ക്യാപ്റ്റന്റെ മിന്നും പ്രകടനത്തിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. രണ്ട് റണ്‍സിന്റെ തോല്‍വിയാണ് ഒറിജിനല്‍സ് വഴങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രെയ്‌വ്‌ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിരുന്നു. ഈ സ്‌കോര്‍ പിന്തുടര്‍ന്ന ഒറിജിനല്‍സിന് പക്ഷേ 131 റണ്‍സ് എടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. മറ്റ് താരങ്ങള്‍ മികച്ച പ്രകടനം നടത്താതിരുന്നതാണ് ടീമിന് വിനയായത്.

Content Highlight: Phil Salt became the highest run scorer in The Hundred’s history