പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ.എം.എ സലാമിനെ കെ.എസ്.ഇ.ബിയില്‍ നിന്ന് പിരിച്ചുവിട്ടു
Kerala News
പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ.എം.എ സലാമിനെ കെ.എസ്.ഇ.ബിയില്‍ നിന്ന് പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th October 2022, 2:26 pm

തിരുവനന്തപുരം: പി.എഫ്.ഐ ചെയര്‍മാന്‍ ഒ.എം.എ സലാമിനെ കെ.എസ്.ഇ.ബിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പി.എഫ്.ഐ നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് നടപടി.

പി.എഫ്.ഐയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതും സര്‍വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്പെന്‍ഷനിലായിരുന്നു.

രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സലാം എന്‍.ഐ.എയുടെ കസ്റ്റഡിയിലാണ്. സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടന്നുവരികയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി സലാമിന് കെ.എസ്.ഇ.ബി ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധി പ്രതികൂലമായിരുന്നു.

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടും രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധം കണ്ടെത്താനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും എതിരായി സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

എസ്.ഡി.പി.ഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാനാവശ്യമായ ബന്ധം പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും തമ്മില്‍ കണ്ടെത്താനായിട്ടില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞത്.

Content Highlight: PFI Chairman OMA Salam dismissed from KSEB