പെട്രോള്‍, ഡീസല്‍ വില വര്‍ധനവുടനെയുണ്ടാകില്ല; ഇന്ത്യയില്‍ 25 ദിവസത്തേക്കുള്ള കരുതല്‍ എണ്ണ ശേഖരമുണ്ടെന്ന് കേന്ദ്രം
India
പെട്രോള്‍, ഡീസല്‍ വില വര്‍ധനവുടനെയുണ്ടാകില്ല; ഇന്ത്യയില്‍ 25 ദിവസത്തേക്കുള്ള കരുതല്‍ എണ്ണ ശേഖരമുണ്ടെന്ന് കേന്ദ്രം
അനിത സി
Tuesday, 3rd March 2026, 6:17 pm

ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ എണ്ണ വിലയില്‍ വര്‍ധനവുണ്ടാകില്ലെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഉടനെ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവുണ്ടാകില്ല. വില വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ല.

രാജ്യത്ത് അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച എണ്ണയും സ്റ്റോക്കുണ്ട് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

25 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച എണ്ണയും രാജ്യത്തുണ്ട്. അസംസ്‌കൃത എണ്ണ, എല്‍.പി.ജി, എല്‍.എന്‍.ജി തുടങ്ങിയവ ഇറക്കുമതി ചെയ്യാനായി ബദല്‍ സ്രോതസുകള്‍ ഇന്ത്യ തേടുന്നുണ്ടെന്നും ചൊവ്വാഴ്ച കേന്ദ്ര പെട്രോളിയം വകുപ്പ് അറിയിച്ചു.

നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയും വിതരണവും സംബന്ധിച്ച സാഹചര്യം വിലയിരുത്താനായി പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി പൊതുമേഖലാ എണ്ണ കമ്പനികളുമായും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

നിലവിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുകയാണെന്നും രാജ്യത്തെ പ്രധാന പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.

പശ്ചിമേഷ്യയിലെ ഭൗമ രാഷ്ട്രീയ സാഹചര്യവും കയറ്റുമതി-ഇറക്കുമതി, ചരക്ക് കടത്ത് തുടങ്ങിയവയില്‍ ചെലുത്തുന്ന സ്വാധീനവും അവലോകനം ചെയ്യാനായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി.

Content Highlight: Petrol, diesel prices likely to rise soon; India has 25 days of oil reserves, says Centre

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.