എഡിറ്റര്‍
എഡിറ്റര്‍
യു.എ.പി.എ; ദുരുപയോഗമല്ല; നിയമം തന്നെയാണ് പ്രശ്‌നം – യു.എ.പി.എ വിരുദ്ധസമിതിയുടെ നിവേദനത്തിന്റെ പൂര്‍ണരൂപം
എഡിറ്റര്‍
Wednesday 19th April 2017 10:16am

സര്‍,
യു.എ.പി.എ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (നിരോധന) നിയമത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യവിരുദ്ധതയും പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭമാണല്ലോ. ഈ നിയമത്തിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ പരിഗണിച്ചുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാത്ത യു.എ.പി.എ. കേസുകള്‍ പുനഃപരിശോധിക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ എടുത്ത തീരുമാനവും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ. ചുമത്തുകയില്ലെന്ന താങ്കളുടെ പ്രഖ്യാപനവും ശ്ലാഖനീയമാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും താങ്കളുടെ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷവും എടുത്തിട്ടുള്ള 35 യു.എ.പി.എ. കേസുകളാണ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും പത്രവാര്‍ത്തകളില്‍ നിന്നും അറിയുന്നു. യു.എ.പി.എ. നിയമത്തിന്റെ ജനാധിപത്യവിരുദ്ധതക്കും അനീതിക്കും എതിരെ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ളവരെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന് ഈ നടപടികള്‍ വഴിവെച്ചിട്ടുണ്ട്.

കേസുകള്‍ പുനഃപരിശോധിക്കാനുള്ള താങ്കളുടെ സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമായിരിക്കുമ്പോള്‍ തന്നെ ഈ നിയമം നമ്മുടെ സമൂഹത്തിലും ജനാധിപത്യ വ്യവസ്ഥയിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ താങ്കളുടെ സര്‍ക്കാര്‍ എടുത്തിട്ടുള്ള നടപടികള്‍ക്കപ്പുറം കൃത്യവും ദൃഢവും ആയ രാഷ്ട്രീയ തീരുമാനങ്ങള്‍ ഈ കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ട് എന്നാണു യു.എ.പി.എ. വിരുദ്ധ വേദിയുടെ അഭിപ്രായം.

യു.എ.പി.എ. ക്കു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ‘ടാഡ’, ‘പോട്ട’ എന്നീ ഭീകരവിരുദ്ധ നിയമങ്ങള്‍ അതിന്റെ ജനാധിപത്യവിരുദ്ധത കണക്കിലെടുത്തുകൊണ്ട് കേരളത്തില്‍ നടപ്പിലാക്കില്ലെന്നു ഇടതു-വലതു മുന്നണികള്‍ തീരുമാനിച്ചിരുന്നു എന്ന ചരിത്ര വസ്തുത അങ്ങ് ഓര്‍മ്മയുണ്ടല്ലോ. എന്നാല്‍ യു.എ.പി.എ. നിയമത്തിന്റെ കാര്യത്തില്‍ അപ്രകാരം ഒരു രാഷ്ട്രീയ തീരുമാനം കൈക്കൊള്ളാന്‍ അതാതു കാലത്തെ രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരുകളും തയ്യാറായില്ല എന്നത് ഖേദകരമാണ്. കേരളം ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ ജനാധിപത്യമൂല്യത്തില്‍ നിന്നുള്ള പുറകോട്ടു പോക്കാണിത്.

പി.ഗോവിന്ദന്‍കുട്ടി

കഴിഞ്ഞ 5 വര്‍ഷത്തിനിടക്ക് കേരളത്തില്‍ യു.എ.പി.എ. നിയമപ്രകാരം 161 കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് അടുത്തകാലത്തു വിവരാവകാശ നിയമപ്രകാരം പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 2007 ല്‍ അന്നത്തെ അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്തു ‘പീപ്പിള്‍സ് മാര്‍ച്ച്’എന്ന മാസികയുടെ പത്രാധിപരായ പി.ഗോവിന്ദന്‍കുട്ടിക്കെതിരെ ചുമത്തിയ ആദ്യ യു.എ.പി.എ. കേസുമുതല്‍ ഇന്നുവരെയുള്ള കേസുകള്‍ പരിശോധിച്ചാല്‍ ഏകദേശം ഇരുന്നൂറോളം കേസുകള്‍ കേരളത്തില്‍ യു.എ.പി.എ. പ്രകാരം എടുത്തിട്ടുള്ളതായി കാണാം.

മേല്‍പ്പറഞ്ഞ ഗോവിന്ദന്‍കുട്ടിക്കെതിരെ കേസെടുത്തിട്ടു പത്തുവര്‍ഷം തികയാറായിട്ടും ഇന്നുവരെ അന്വേഷണം പൂര്‍ത്തിയാക്കുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ശിക്ഷ കഴിഞ്ഞു പുറത്തുവരാനുള്ള സമയം കഴിഞ്ഞിരിക്കുന്നു എന്നുകൂടി സൂചിപ്പിക്കട്ടെ. നിസാര സംഭവങ്ങളുടെ പേരില്‍ ഇന്ത്യയില്‍തന്നെ ഏറ്റവും അധികം യു.എ.പി.എ. കേസുകളുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കേരളത്തെ മാറ്റുകയാണ്.

യോഗങ്ങള്‍ സംഘടിപ്പിച്ചു, യോഗങ്ങളില്‍ പങ്കെടുത്തു, നോട്ടീസ്-പോസ്റ്റര്‍ പ്രചരണം നടത്തി, മുദ്രാവാക്യം വിളിച്ചു, പുസ്തകങ്ങളും ലഘുലേഖകളും കൈവശം വച്ചു, എന്നിവയാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മഹാഭൂരിപക്ഷം യു.എ.പി.എ. കേസുകളില്‍ കുറ്റകൃത്യങ്ങളായി ആരോപിക്കപ്പെട്ടിരിക്കുന്നത്.

പോരാട്ടം സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ക്യാമ്പയിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തു എടുത്ത കേസുകള്‍, ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലീങ്ങളുടെ പങ്ക്’ എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ പനായികുളത്തു ചേര്‍ന്ന യോഗത്തിനെതിരെ എടുത്ത കേസ്, കൂടങ്കുളം ആണവനിലയത്തിനെതിരെ നടക്കുന്ന സമരത്തെ പിന്തുണക്കാനായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കാനും വിദ്യാഭ്യാസ വായ്പയുടെ പ്രശ്‌നത്തില്‍ ഇടപെടുന്നതു സംബന്ധിച്ച് ആലോചിക്കാനുമായി മാവേലിക്കരയില്‍ ചേര്‍ന്ന ആലോചനാ യോഗത്തിനെതിരേ എടുത്ത കേസ്, ആര്‍.ഡി.എഫ് , പോരാട്ടം സംഘടനകളുടെ പരസ്യമായ രാഷ്ട്രീയ പ്രചരണ ക്യാമ്പയിനുകള്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍, മാവോയിസ്റ്റു രാഷ്ട്രീയ പ്രചാരണത്തിന്റെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍, നാറാത്ത് യോഗം ചേര്‍ന്നതിന്റെ പേരില്‍ എടുത്ത കേസ്(ഈ കേസില്‍ ശിക്ഷാവിധിക്കെതിരെ പ്രതികള്‍ ബോധിപ്പിച്ച അപ്പീലില്‍ യു.എ.പി.എ നില്‍ക്കില്ലെന്നു കേരള ഹൈക്കോടതി കണ്ടെത്തിയിരുന്നു), മഞ്ചേരിയിലും പാലക്കാടും മാവോയിസ്റ്റു നേതാവ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിനെതിരെയുള്ള മനുഷ്യാവകാശ ലംഘനത്തില്‍ പ്രതിഷേധിച്ചു മുദ്രാവാക്യം വിളിച്ചതിനു എടുത്ത കേസുകള്‍, ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാന്‍ കഴിയും.

സംഘടിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും ആശയപ്രചാരണത്തിനും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ വിനിയോഗത്തെ യു.എ.പി.എ നിയമം കുറ്റകൃത്യമാക്കി മാറ്റുന്നുവെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനത്തെ ശരി വെക്കുന്നതാണ് കേരളത്തിലെ യു.എ.പി.എ നിയമത്തിന്റെ പ്രയോഗം.

ഒരു ജനാധിപത്യ വ്യവസ്ഥയുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ് ആശയപ്രചരണത്തിനും അഭിപ്രായ പ്രകടനത്തിനും സംഘടിക്കുന്നതിനും യോഗങ്ങള്‍ ചേരുന്നതിനുമുള്ള സ്വാതന്ത്ര്യം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവുകയില്ലല്ലോ. അതിനു പര്യാപ്തമായ ഒരു രാഷ്ട്രീയ-സാമൂഹ്യ സാഹചര്യം ഉറപ്പു വരുത്തിക്കൊണ്ട് സമൂഹത്തിന് അനഭിലഷണീയമായ ആശയങ്ങളെ തള്ളിക്കളയാനും സാമൂഹ്യപുരോഗതിക്കു ആവശ്യമായവ സ്വീകരിക്കാനും കഴിയും വിധം ജനാധിപത്യത്തിന്റെ ആന്തരിക ശക്തികളെ ബലപ്പെടുത്തലാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ ചുമതല. എന്നാല്‍ യു.എ.പി.എ നിയമം അതിനു ഘടകവിരുദ്ധമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്.


Don’t Miss: ഓസ്‌ട്രേലിയയും സ്വദേശിവല്‍ക്കരണത്തിലേക്ക്; വിദേശ പൗരന്‍മാര്‍ക്കുള്ള തൊഴില്‍ വിസ നിര്‍ത്തലാക്കുന്നു; പ്രധാനമായും ബാധിക്കുക ഇന്ത്യക്കാരെ 


അത് സമൂഹത്തിലെ രാഷ്ട്രീയ-സാമൂഹിക സംവാദത്തിന്റെ മണ്ഡലത്തില്‍ ഭരണകൂടത്തിന്റെ നിരീക്ഷണവും മേല്‍നോട്ടവും ആണ് മുന്നോട്ടു വെക്കുന്നത്. സംശയത്തിന്റെയും ഭീതിയുടെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് തുറന്ന ആശയ-രാഷ്ട്രീയ സംവാദങ്ങള്‍ക്കുള്ള ഇടം അത് ഇല്ലാതാക്കുന്നു.

തുടക്കം മുതല്‍ തന്നെ യു.എ.പി.എക്കും അതിനു മുമ്പ് നിലനിന്നിരുന്ന ‘ടാഡ’ക്കും ‘പോട്ട’ക്കും എതിരായ പ്രധാന വിമര്‍ശനം അത് സമൂഹത്തിലെ പാര്‍ശ്വവല്‍കൃത-ന്യൂനപക്ഷ വിഭാഗങ്ങളെ കുറ്റവാളികളാക്കി പീഡിപ്പിക്കുന്നതിനുള്ള പ്രധാന ഉപാധികളിലൊന്നാണ് എന്നതാണ്. ഇന്നും യു.എ.പി.എ നിയമത്തിന്റെ ഇരകളാവുന്നത് പ്രധാനമായും മുസ്‌ലീങ്ങളും ദളിതരും ആദിവാസികളുമാവുന്നത് ഒട്ടും യാദൃശ്ചികമല്ല.

അതോടൊപ്പം രാഷ്ട്രീയ വിമതരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതികളാക്കപ്പെടുന്നു. നമ്മുടെ സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരും മര്‍ദ്ദിതരും ആയ സാമൂഹ്യവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും രൂപപ്പെടുന്ന എല്ലാത്തരം സാമൂഹ്യ രാഷ്ട്രീയ വ്യവഹാരങ്ങളേയും സംശയത്തോടെ നോക്കികാണുന്നതിനും സാമൂഹ്യ സംവാദത്തിന്റെ മണ്ഡലത്തില്‍ നിന്ന് അവയെ നിഷ്‌കാസനം ചെയ്യുന്നതിനും അവയെ കുറ്റകൃത്യങ്ങളാക്കി അടിച്ചമര്‍ത്തുന്നതിനും ആണ് ഈ നിയമം ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്.

വളരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് യു.എ.പി.എ നിയമം കാരണമാകുന്നുണ്ട്. ഈ നിയമത്തിന്റെ ദുരുപയോഗമല്ല യഥാര്‍ത്ഥ പ്രശ്‌നം ഈ നിയമം തന്നെ നിയമനിര്‍മ്മാണ അധികാരത്തിന്റെ ദുരുപയോഗമാണ് എന്നതാണ് ഞങ്ങളുടെ വിലയിരുത്തല്‍.

മനുഷ്യാവകാശ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ യു.എ.പി.എയുടെ ജനാധിപത്യ വിരുദ്ധതയെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.

1) യു.എ.പി.എ കേവലം ദുരുപയോഗത്തിന്റെ പ്രശ്‌നമല്ല. യു.എ.പി.എ.നിയമം തന്നെ ഒരു മനുഷ്യാവകാശ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്.

2)യാതൊരു കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയെ പോലും പ്രതിയാക്കി നിയമനടപടി സ്വീകരിക്കാം. അരൂപ് ഭുയാന്‍ കേസില്‍ ഇന്ത്യന്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളത് ‘ഗ്വില്‍റ്റ് ബൈ അസോസിയേഷന്‍’ എന്ന ക്രിമിനല്‍ നിയമതത്വത്തിന് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ സ്ഥാനമില്ല എന്നാണ്. എന്നാല്‍ സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് വിരുദ്ധമാണ് യു.എ.പി.എ നിയമത്തിലെ വ്യവസ്ഥകള്‍.

3) സര്‍ക്കാര്‍ നയങ്ങളെയും നടപടികളേയും വിമര്‍ശിക്കുന്ന ഏതൊരു സംഘടനയേയും ഭീകര സംഘടനയായി മുദ്ര കുത്താം. പ്രത്യേകിച്ചും സി.പി.ഐ മാവോയിസ്റ്റിന്റെ കാര്യത്തില്‍ ഈ അധികാരപ്രയോഗം വ്യാപകമാണ്. സി പി ഐ മാവോയിസ്റ്റ് അതിന്റെ എല്ലാ മുന്നണി സംഘടനകളും രൂപീകരണങ്ങളും ചേര്‍ത്താണ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഏതൊക്കെയാണ് ഈ മുന്നണി സംഘടനകളെന്നോ രൂപീകരണങ്ങളെന്നോ ഈ നിയമത്തില്‍ ഒരിടത്തും വിശദീകരിക്കുന്നില്ല. അതുകൊണ്ടു തന്നെ എല്ലാതരം രാഷ്ട്രീയ വിമര്‍ശനങ്ങളും രാഷ്ട്രീയ ഇടപെടലുകളും സംശയിക്കപ്പെടുകയും ഈ നിയമം ഉപയോഗിച്ച് അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു.


Must Read: ‘ഛോട്ടാഭീമിനെ പോലെയുള്ള നിങ്ങളെങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനാകുന്നത്?’; മോഹന്‍ലാലിനെ വിമര്‍ശിച്ച ‘ദേശ്‌ദ്രോഹി’ സംവിധായകന് സമൂഹമാധ്യമങ്ങളില്‍ തെറിയഭിഷേകം


4) ആളുകളെ അറസ്റ്റ് ചെയ്യുന്നതിനും പീഢിപ്പിക്കുന്നതിനും പോലീസിന് അമിതാധികാരങ്ങള്‍ നല്‍കുന്നു.

5) ജാമ്യമില്ലാതെ ദീര്‍ഘകാലം ആളുകളെ വിചാരണത്തടവുകാരായി തടവിലിടാന്‍ നിയമം അനുവദിക്കുന്നു.

6) ഭീകരപ്രവര്‍ത്തനം ആരോപിക്കപ്പെടുന്ന കേസുകളില്‍ പ്രതിയാക്കപ്പെടുന്നതോടെ കുറ്റാരോപണം തെറ്റാണെന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിയുടേതാകുന്നു.

7) അഭിപ്രായപ്രകടനത്തിനും ആശയപ്രചരണത്തിനും സംഘടിക്കുന്നതിനും യോഗം ചേരുന്നതിനുമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു. മൗലികാവകാശങ്ങളുടെ വിനിയോഗത്തെ കുറ്റകൃത്യമാക്കുന്നു.

8) ആദിവാസികള്‍ക്കും ദളിതര്‍ക്കും മുസ്‌ലീങ്ങള്‍ക്കും രാഷ്ട്രീയ പ്രതിയോഗികള്‍ക്കും എതിരെയാണ് ഈ നിയമം ഉപയോഗിക്കപ്പെടുന്നത്.

9) ടാഡയും പോട്ടയും ഒരു നിശ്ചിത കാലാവധിയില്‍ നടപ്പിലാക്കുന്ന പ്രത്യേക നിയമങ്ങളായാണ് അവതരിപ്പിച്ചത്. പിന്നീട് കാലാവധി നീട്ടിയില്ലെങ്കില്‍ ആ നിയമങ്ങള്‍ നിലവിലില്ലാതാവും. നിയമവ്യാഖ്യാനത്തിന്റെ സാങ്കേതിക ഭാഷയില്‍ ‘സണ്‍സെറ്റ് ക്ലോസ്’എന്നറിയപ്പെടുന്ന ഈ വകുപ്പ് യു.എ.പി.എ.യില്‍ ഇല്ല. അതുകൊണ്ട് ടാഡ, പോട്ട നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ നിയമം നമ്മുടെ നിയമവ്യവസ്ഥയിലെ സവിശേഷ സാഹചര്യമായല്ല , സ്ഥിരം സവിശേഷതയായാണ് നിലനില്‍ക്കുന്നത്.

10) ടാഡ, പോട്ട നിയമങ്ങളില്‍ തന്നെ ആ നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ യു.എ.പി.എ.യില്‍ അത്തരം ഒരു വ്യവസ്ഥയോ അതിനുള്ള സാധ്യതകളോ ഇല്ല. അതുകൊണ്ട് യു.എ.പി.എ. നമ്മുടെ നിയമവ്യവസ്ഥയില്‍ വേറിട്ടു നില്‍ക്കുന്നു.

11) പൊലീസിന് തെളിവുശേഖരണത്തിനായി സാമാന്യനീതിക്ക് വിരുദ്ധമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാനുള്ള അധികാരങ്ങള്‍ നല്‍കുന്നു.

12) യു.എ.പി.എ. പ്രകാരമുള്ള കുറ്റകൃത്യവും സാധാരണ നിയമം അനുസരിച്ചുള്ള കുറ്റകൃത്യവും തമ്മിലുള്ള വേര്‍തിരിവ് തീരെ നേര്‍ത്തതാണ്. ഭീകരപ്രവര്‍ത്തനത്തിന്റെ നിര്‍വ്വചനത്തില്‍ 3 ഘടകങ്ങള്‍ ഉണ്ടാവണമെന്ന് ഐക്യരാഷ്ട്രസഭ പോലും ചൂണ്ടിക്കാണിക്കുന്നു.

ഒന്ന്: ഉദ്ദേശ്യം
രണ്ട്: പ്രവൃത്തി
മൂന്ന്: പ്രത്യേക പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാവണം ആ ഉദ്ദേശ്യവും പ്രവൃത്തിയും.

പക്ഷേ യു.എ.പി.എ.യില്‍ ഈ മൂന്നാമത്തെ ഘടകം ഇല്ല. അതുകൊണ്ടു തന്നെ ഏതൊരു അക്രമത്തേയും യു.എ.പി.എ.പ്രകാരമുള്ള കുറ്റകൃത്യമാക്കാന്‍ ഭരണകൂടത്തിന് കഴിയും. അതുകൊണ്ടാണ് മുവ്വാറ്റുപുഴ കേസില്‍ യു.എ.പി.എ ചുമത്താന്‍ കഴിഞ്ഞതും കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ യു.എ.പി.എ. ചുമത്താന്‍ കഴിഞ്ഞതും.

ഈ നിയമവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രശ്‌നം എന്‍.ഐ.എ എന്ന കേന്ദ്ര പോലീസ് വിഭാഗത്തിന്റെ ഇടപെടലാണ്. യു. എ.പി.എ പ്രകാരമുള്ള കേസുകള്‍ അന്വേഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക പോലീസ് വിഭാഗമാണ് എന്‍.ഐ.എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി.

2008 ല്‍ മുംബൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാസ്സാക്കിയ ജനവിരുദ്ധ നിയമങ്ങളില്‍ ഒന്നായ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആക്ട് എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമായതാണ് ഇത്. ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങള്‍ ഉണ്ടാക്കുന്നതും ഫെഡറല്‍ അധികാര ഘടനയെ തകര്‍ക്കുന്നതും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാരിന് അമിതമായ അധികാരങ്ങള്‍ നല്‍കുന്നതുമാണ് ഈ നിയമമെന്ന് അന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ വേണ്ടത്ര ചര്‍ച്ച കൂടാതെ അവതരിപ്പിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് ഈ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. ഇന്ന് എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. യു.എ.പി.എ പ്രകാരം സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ വേണമെങ്കില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ആവശ്യപ്പെടാം.

മുസ്‌ലീങ്ങള്‍ പ്രതികളാക്കപ്പെടുന്ന കേസുകളില്‍ അന്തര്‍ സംസ്ഥാന-അന്താരാഷ്ട്രബന്ധങ്ങള്‍ ആരോപിച്ചുകൊണ്ടും മാവോയിസ്റ്റ് ബന്ധമാരോപിക്കുന്ന കേസുകളില്‍ ചിലതും എന്‍.ഐ.എ ക്കു കൈമാറുന്ന സ്ഥിതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ജനാധിപത്യ വ്യവസ്ഥിതിയിലും നിയമവ്യവസ്ഥയിലും ഗൗരവമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഈ നിയമം സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കപ്പെട്ട ഒരു നിയമമാണെന്ന വസ്തുത താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ഇന്ത്യയിലെ ക്രമസമാധാന പാലനത്തിന്റെ ഭാഗമായിട്ടല്ല, മറിച്ച് ഐക്യരാഷ്ട്രസഭയിലെ അംഗമെന്ന നിലയില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി പാസ്സാക്കിയ വിവിധ പ്രമേയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള അന്താരാഷ്ട്ര ബാധ്യത നിറവേറ്റുന്നതിനായാണ് ഈ നിയമം ഭേദഗതി ചെയ്ത് ഇന്നത്തെ രൂപത്തിലാക്കിയത് എന്ന് യു.എ.പി.എ യുടെ ആമുഖത്തില്‍ തന്നെ എഴുതി ചേര്‍ത്തിട്ടുണ്ട്.

ഇതേ പ്രമേയങ്ങളുടെ ചുവടു പിടിച്ചാണ് അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ ഇറാഖ് അധിനിവേശത്തെ ന്യായീകരിക്കുന്നത്. വര്‍ത്തമാനകാലത്തെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഉപാധിയായാണ് ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത ഇന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ ആശയാടിത്തറയുടെ ഉള്‍ക്കാമ്പായ ബ്രാഹ്മണ്യത്തിന്റെയും ഭരണകൂടസംവിധാനത്തിനകത്ത് പിടി മുറുക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് പ്രവണതകളുടേയും ശക്തവും പ്രകടവുമായ ഉദാഹരണമാണ് യു.എ.പി.എ . മുസ്‌ലീങ്ങളും ആദിവാസികളും ദളിതരും മര്‍ദ്ദിത ദേശീയതകളും വിമോചനത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നവരും ഈ നിയമത്തിന്റെ പ്രധാന ഇരകളാകുന്നത് അതുകൊണ്ടാണ്.

നമ്മുടെ സംസ്ഥാനത്ത് ഇത്രമാത്രം ജനാധിപത്യ വിരുദ്ധവും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കനുസൃതവും പിന്തിരിപ്പന്‍ ബ്രാഹ്മണ്യവാദത്തിന്റെയും വര്‍ധിച്ചു വരുന്ന ഫാസിസ്റ്റ് പ്രവണതകളുടേയും അക്രമാസക്തമായ ആക്രമണത്തിന്റെയും ഫെഡറല്‍മൂല്യങ്ങളുടെ നഗ്‌നമായ ലംഘനത്തിന്റെയും ഉപാധിയായ യു.എ.പി.എ എന്ന നിയമം കേരളത്തില്‍ നടപ്പിലാക്കാതിരിക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തിയാണ് താങ്കളുടെ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് താഴെ പറയുന്ന ആവശ്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.

1) യു.എ.പി.എ കേസുകളുടെ പുനഃപരിശോധന വേഗത്തിലും സുതാര്യവുമാക്കുക.

2) നാളിതു വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും കുറ്റപത്രം സമര്‍പ്പിക്കാത്തതുമായ മുഴുവന്‍ കേസുകളും പുനഃപരിശോധനയ്ക്ക് വിധേയമാക്കുക.

3) യു.എ.പി.എ പ്രകാരം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും പിന്‍വലിക്കുന്നതിനുള്ള രാഷ്ട്രീയ തീരുമാനമെടുക്കുക.

4) ‘ടാഡ’ , ‘പോട്ട’നിയമങ്ങളോട് സ്വീകരിച്ച നിലപാടിന് സമമായി കേരളത്തില്‍ യു.എ.പി.എ പ്രയോഗിക്കുകയില്ല എന്ന രാഷ്ട്രീയ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുക.

5) കേരള സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കുക.
ഈ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ തീരുമാനമെടുത്ത് ഈ മഹത്തായ ചരിത്ര പ്രക്രിയയുടെ ഭാഗമാകാന്‍ തയ്യാറാകണമെന്ന് താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.

Advertisement