ബിഗ് ബാഷ് ലീഗില്‍ (ബി.ബി.എല്‍) കിരീടമുയര്‍ത്തി പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സ്. ഓപ്റ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ സിഡ്നി സിക്സേഴ്സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ടീമിന്റെ കിരീടനേട്ടം.
സിക്‌സേഴ്‌സ് ഉയര്‍ത്തിയ 133 റണ്‍സിന്റെ വിജയലക്ഷ്യം സ്‌കോര്‍ച്ചേഴ്സ് 15 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. അതോടെ ടൂര്‍ണമെന്റില്‍ തങ്ങളുടെ ആറാം കിരീടമുയര്‍ത്താനും ടീമിന് സാധിച്ചു.
മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത സിക്സേഴ്‌സ് വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. രണ്ടാം ഓവറില്‍ തന്നെ ടീമിന് ഓപ്പണറെ നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട ബാറ്റിങ്ങിന് എത്തിയ സ്റ്റീവ് സ്മിത്, ജോഷ് ഫിലിപ്, മോയ്സസ് ഹെന്റിക്വസ് എന്നിവര്‍ ടീമിനെ രക്ഷപെടുത്താന്‍ ശ്രമം നടത്തി.
എന്നാല്‍, മൂവരും 24 റണ്‍സ് വീതം ചേര്‍ത്ത് മടങ്ങി. പിന്നീട് വന്ന ഒരു ബാറ്റര്‍മാര്‍ക്കും വലിയ പ്രകടനം നടത്താനോ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനോ സാധിച്ചില്ല. ടീമിലെ അവസാന അഞ്ച് ബാറ്റര്‍മാര്‍ വെറും 37 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഇതോടെ സിക്‌സേഴ്‌സ് 132 ന് പുറത്താവുകയായിരുന്നു.
സ്‌കോര്‍ച്ചേഴ്സിനായി ഡേവിഡ് പെയ്നും ജൈ റിച്ചാര്‍ഡ്‌സണും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം മഹ്ലി ബേര്‍ഡ്മാന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആരോണ്‍ ഹാര്‍ഡി ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ സ്‌കോര്‍ച്ചേഴ്സിന് മിച്ചല്‍ മാര്‍ഷ് – ഫിന്‍ അലന്‍ സഖ്യം മികച്ച തുടക്കം നല്‍കി. ഇരുവരും 80 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. 22 പന്തില്‍ 36 റണ്‍സുമായി അലന്‍ പുറത്തായതോടെയാണ് ഈ ജോഡി പിരിഞ്ഞത്.
അടുത്ത ഓവറില്‍ വീണ്ടും സിക്‌സേഴ്‌സ് സ്‌കോര്‍ച്ചേഴ്സിന് അടുത്ത പ്രഹരമേല്പിച്ചു. മൂന്നാമനായി എത്തിയ ആരോണ്‍ ഹാര്‍ഡി വെറും അഞ്ച് റണ്‍സെടുത്ത് തിരികെ നടന്നു. പിന്നാലെ മാര്‍ഷും ജോഷ് ഇംഗ്ലിസും ഒരുമിച്ചു. ഇരുവരും 33 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയപ്പോഴേക്കും 43 പന്തില്‍ 44 റണ്‍സുമായി മാര്‍ഷ് മടങ്ങി.
മിച്ചല്‍ മാര്‍ഷ്. Photo: KFC Big Bash League/x.com
ഏറെ വൈകാതെ സ്‌കോര്‍ച്ചേഴ്സിന്റെ നാലാം വിക്കറ്റും സിക്‌സേഴ്‌സ് വീഴ്ത്തി. എന്നാല്‍, ഈ വിക്കറ്റ് വീണതോടെ ഒന്നിച്ച ഇംഗ്ലിസ് – കൂപ്പര്‍ കനോലി എന്നിവര്‍ ടീമിനെ വിജയിപ്പിച്ചു. ഇംഗ്ലിസ് 26 പന്തില്‍ 29 റണ്‍സും കനോലി മൂന്ന് പന്തില്‍ നാല് റണ്‍സുമായി പുറത്താവാതെ നിന്നു.