കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ച് നഴ്സിങ് കോളേജ് ആരംഭിക്കാന്‍ അനുമതി
Kerala News
കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ച് നഴ്സിങ് കോളേജ് ആരംഭിക്കാന്‍ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th July 2022, 10:30 pm

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് പുതിയ സര്‍ക്കാര്‍ നഴ്സിങ്ങ് കോളേജുകള്‍ തുടങ്ങുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊല്ലം, മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ച് നഴ്സിങ് കോളേജ് ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു.

ഇതോടൊപ്പം നഴ്സിങ് കോളേജ് ആരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും അനുമതി നല്‍കി. ഓരോ നഴ്സിങ് കോളേജിനും 18 വീതം ആകെ 36 തസ്തികകള്‍ സൃഷ്ടിക്കാനാണ് അനുമതി നല്‍കിയത്. 2022-23 അധ്യയന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. നഴ്സിങ്ങ് കോളേജുകള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ നഴ്സുമാരെ സൃഷ്ടിക്കുന്നതിനും ഈ മെഡിക്കല്‍ കോളേജുകളില്‍ രോഗീപരിചരണത്തിന് കൂടുതല്‍ പേരെ ലഭ്യമാക്കാനും സാധിക്കുന്നതാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നഴ്സിങ് കോളേജുകള്‍ ആരംഭിക്കാന്‍ സ്പെഷ്യല്‍ ഓഫീസറെ നിയോഗിച്ചിരുന്നു. ഈ സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയത്. രണ്ട് മെഡിക്കല്‍ കോളേജുകളിലും നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലവും താത്ക്കാലിക കെട്ടിടവും ലഭ്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞു.

ഒന്നാം അധ്യയന വര്‍ഷത്തേയ്ക്കുള്ള തസ്തികകളാണ് സൃഷ്ടിച്ചത്. പ്രിന്‍സിപ്പല്‍, പ്രൊഫസര്‍, അസി. പ്രൊഫസര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, ലൈബ്രേറിയന്‍ ഗ്രേഡ് വണ്‍, ഹൗസ് കീപ്പര്‍, ഫുള്‍ടൈം സ്വീപ്പര്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, വാച്ച്മാന്‍ എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്. എത്രയും വേഗം നടപടിക്രമങ്ങള്‍ പാലിച്ച് നിയമനങ്ങള്‍ നടത്തുന്നതാണെന്നും വീണ ജോര്‍ജ്.