വയനാട്ടില്‍ ഹെലിപ്പാഡ് നിര്‍മിക്കാന്‍ അനുമതി; ദുരന്ത നിവാരണവകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കും
Kerala
വയനാട്ടില്‍ ഹെലിപ്പാഡ് നിര്‍മിക്കാന്‍ അനുമതി; ദുരന്ത നിവാരണവകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th October 2025, 10:38 am

തൊടുപുഴ: ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ഹെലിപ്പാഡ് നിര്‍മിക്കാന്‍ അനുമതി. വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ പടിഞ്ഞാറത്തറ വില്ലേജിലെ ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്താണ് നിര്‍മാണം നടപ്പിലാക്കുന്നത്. വൈദ്യുത ബോര്‍ഡിന്റെ കീഴിലുള്ള 0.61 ഏക്കര്‍ ഭൂമിയില്‍ ഹെലിപ്പാഡ് അപ്രോച്ച് റോഡേടെ നിര്‍മാണം നടത്താനാണ് അനുമതി.

പദ്ധതിയുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കാന്‍ കെ.എസ്.ഇ.ബി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എസ്.എ.എസ്.സി.ഐയാണ് (സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ കാപ്പിറ്റല്‍ ഇന്‍വസ്റ്റ്‌മെന്റ്) ഹെലിപ്പാഡ് നിര്‍മിക്കാന്‍ ദുരന്ത നിവാരണ വകുപ്പിന് ഫണ്ട് അനുവദിച്ചത്. മൂലധനച്ചെലവുള്ള പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ നല്‍കുന്നതാണ് എസ്.എ.എസ്.സി.ഐ പദ്ധതി.

ഉപാധികളോടെ 50 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന് ഹെലിപ്പാഡ് ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരിക്കും എന്നതാണ് പ്രധാന വ്യവസ്ഥ. മാത്രമല്ല ഭൂമിയുടെ ഉടമസ്ഥാവകാശം വൈദ്യുതി ബോര്‍ഡില്‍ നിലനില്‍ക്കും.

ഭൂമി നിശ്ചയിക്കപ്പെട്ട ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കണം. നിര്‍മാണത്തിന് കെ.എസ്.ഇ.ബിക്ക് ബാധ്യത ഉണ്ടാകാന്‍ പാടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബാണാസുരസാഗര്‍ ഡാമിന്റെയും അനുബന്ധ ഘടനകളുടെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലായിരിക്കണം. എന്നീ നിര്‍ദേശങ്ങളുമുണ്ട്.

ഭൂമിയിലേക്കുള്ള പ്രവേശനത്തിന് തടസമുണ്ടാക്കരുത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റിസര്‍വോയറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കരുത്. ആവശ്യമെങ്കില്‍ വനം/റവന്യൂ പോലുള്ള മറ്റ് വകുപ്പുകളുടെ ക്ലിയറന്‍സുകള്‍/എന്‍.ഒ.സി. നേടാനുള്ള ഉത്തരവാദിത്തം പി.ഡബ്ല്യു.ഡി /ദുരന്ത നിവാരണ വകുപ്പിനായിരിക്കും.

പദ്ധതി നിര്‍വഹണം ഫീല്‍ഡ് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചായിരിക്കും നടത്തുന്നതെന്ന് പി.ഡബ്ല്യു.ഡി. ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.

Content Highlight: Permission to build helipad in Wayanad