അനധികൃത ഖനനത്തിന് അനുമതി; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കിയേക്കും; ഗവര്‍ണര്‍ക്ക് സീല്‍ വെച്ച കവറില്‍ കത്ത് കൈമാറി തെരഞ്ഞെടുപ്പ് കമ്മീഷന്‍
national news
അനധികൃത ഖനനത്തിന് അനുമതി; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കിയേക്കും; ഗവര്‍ണര്‍ക്ക് സീല്‍ വെച്ച കവറില്‍ കത്ത് കൈമാറി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th August 2022, 1:02 pm

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. അനധികൃത ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ഹേമന്ത് സോറന്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് ഇത് സംബന്ധിച്ച കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

2021 ജൂലൈയില്‍ റാഞ്ചിയിലെ അംഗാര ബ്ലോക്കില്‍ 88 സെന്റ് ഭൂമിയില്‍ ഖനനത്തിന് അന്നത്തെ ഖനന വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അനുമതി നല്‍കിയതില്‍ അഴിമതിയുണ്ട് എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ഹേമന്ത് സോറന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയത്. സോറന്‍ മുഖ്യമന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ജനപ്രാതിനിധ്യ നിയമത്തിലെ 9 (A) വകുപ്പുകള്‍ പ്രകാരം സോറനെ അയോഗ്യനാക്കാവുന്നതാണ് എന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

അയോഗ്യതാ നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് സോറന്‍ രാജിവെക്കാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ജാര്‍ഖണ്ഡില്‍ കൂട്ടുകക്ഷി സര്‍ക്കാരാണ് അധികാരത്തിലുള്ളത്. കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമാണ് സഖ്യ കക്ഷികള്‍. അതുകൊണ്ട് തന്നെ വിശാല മുന്നണി യോഗം വിളിച്ചതിന് ശേഷമായിരിക്കും രാജിയുള്‍പ്പെടെയുള്ള തീരുമാനത്തിലേക്ക് കടക്കുക.

ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി മഹാസഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി സര്‍വ തന്ത്രങ്ങളും സംസ്ഥാനത്ത് പയറ്റിയിരുന്നു. അട്ടിമറിയിലൂടെ അധികാരം പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

2021 ജൂലൈയില്‍ റാഞ്ചിയിലെ അംഗാര ബ്ലോക്കില്‍ 88 സെന്റ് ഭൂമിയില്‍ കല്ല് ഖനനത്തിന് ഖനനവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുമതി നല്‍കിയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ഖനനത്തിന് അനുമതി നല്‍കിയത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ആരോപണം. എന്നാല്‍ തുടക്കം മുതലേ ബി.ജെ.പിയുടെ ആരോപണം സോറന്‍ തള്ളിക്കളഞ്ഞിരുന്നു.

Content Highlight: Permission for illegal mining; Jharkhand Chief Minister Hemant Soren’s Legislative Membership May Be Cancelled; Election Commission handed over the letter in a sealed envelope to the Governor