കാസർഗോഡ്: പെരിയ കേന്ദ്ര സർവകലാശാലയിൽ വീണ്ടും ബി.എം.എസ് വഴി നിയമനം. നുറുകണക്കിന് തൂപ്പുകാരെയും സെക്യൂരിറ്റിക്കാരെയുമാണ് ബി.എം.എസ് നിയന്ത്രണത്തിൽ നിയമിക്കുന്നതായി ആക്ഷേപം ഉയർന്നത്. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് വഴിയാണ് യൂണിവേഴ്സിറ്റിയിൽ നിയമനം നടത്തിയിരുന്നത്. ബി.എം.എസ് വഴി ലിസ്‌റ്റ് നൽകി ഇന്റർവ്യു പ്രഹസനമാക്കിയാണ് വർഷങ്ങളായി ഇവിടെ നിയമനം നടത്തുന്നത് എന്നതിൻ്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു.
ഹൗസ് കീപ്പിങ് വിഭാഗത്തിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നത്, തങ്ങളെ മറികടന്നാണെന്ന് സംശയത്തിൽ ജില്ലയിലെ ബി.എം.എസ് നേതാവ് തിരുവനന്തപുരത്തെ റിക്രൂട്ട്മെന്റ് ഏജൻസിക്കാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും കഴിഞ്ഞ ദിവസം പുറത്ത് വന്നു.
സർവകലാശാലയിൽ പുതിയ ഹൗസ് കീപ്പിങ് ജീവനക്കാരെ വേണമെന്ന അറിയിപ്പ് കഴിഞ്ഞ ബുധനാഴ്‌ചയാണ് പുറത്തുവന്നത്. 27ന് ഇൻറർവ്യൂ എന്ന വാർത്ത പത്രങ്ങളിലും വന്നു. റിക്രൂട്ടിങ് ഏജൻസിയായ തിരുവനന്തപുരത്തെ ZE4S എന്ന സ്ഥാപനമാണ് കുറിപ്പ് പുറത്തിറക്കിയത്.
മുമ്പ് ഇത്തരം കുറിപ്പ് സർവകലാശാല നോട്ടീസ് ബോർഡിൽ രഹസ്യമായി പതിക്കുകയും തുടർന്ന് സ്വന്തക്കാരെ ബി.എം.എസ് വഴി നിയമിക്കുകയുമാണ് പതിവ്. ഇത്തവണ ഈ കുറിപ്പ് പ്രസ് ക്ലബ് വഴി പുറത്തുവന്നതിൽ പരിഭ്രാന്തനായി സർവകലശാലാ രജിസ്ട്രാർ റിക്രൂട്ടിങ് ഏജൻസിയുടെ ഓഫീസിൽ വിളിച്ച് ഇൻ്റർവ്യൂ മാറ്റിവച്ചതായി അറിയിക്കണമെന്ന് പറയുകയായിരുന്നു. ഇതിന്റെ ശബ്ദസന്ദേശവും പുറത്തുവന്നു.