പെരിഞ്ഞനം നവാസ് വധം: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയടക്കം 10 പേര്‍ക്ക് ജീവപര്യന്തം
Daily News
പെരിഞ്ഞനം നവാസ് വധം: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയടക്കം 10 പേര്‍ക്ക് ജീവപര്യന്തം
ന്യൂസ് ഡെസ്‌ക്
Friday, 30th January 2015, 3:40 pm

Murder
തൃശൂര്‍: പെരിഞ്ഞനം നവാസ് വധക്കേസില്‍ സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം പത്ത് പേര്‍ക്ക് ജീവപര്യന്തം. ഇരിങ്ങാലാക്കുട അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി. രാഗിണിയാണ് വിധി പറഞ്ഞിരിക്കുന്നത്. ഒന്‍പതാം പ്രതി സുമേഷിനെ നിരപരാധിയെന്ന് കണ്ട് കോടതി വിട്ടയച്ചു. കേസില്‍ ആകെ 11 പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

പെരിഞ്ഞനം സിപിഐ(എം) ലോക്കല്‍ സെക്രട്ടറി ചക്കരപ്പാടം നെല്ലിപ്പറമ്പത്ത് വീട്ടില്‍ രാമദാസ്, പെരിഞ്ഞനം ബ്രാഞ്ച് സെക്രട്ടറി കിഴക്കേടത്ത് സനീഷ്, ഡിവൈഎഫ്‌ഐ നേതാവ് പുതിയവീട്ടില്‍ റഫീക്, ചുള്ളിപ്പറമ്പില്‍ വീട്ടില്‍ ഹബീബ്, വാടകഗുണ്ടകളായ ചെറുവാള്‍ക്കാരന്‍ വീട്ടില്‍ റിന്റോ, അറയ്ക്കല്‍ വീട്ടില്‍ സലേഷ്, ചിറ്റിയത്ത് വീട്ടില്‍ ബിഥുന്‍, പൂക്കോള് വീട്ടില്‍ ജിക്‌സണ്‍ എന്ന ഈപ്പച്ചന്‍, നടക്കന്‍ വീട്ടില്‍ ഉദയകുമാര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

നേരത്തെ 2014 മാര്‍ച്ച് രണ്ടിനായിരുന്നു പെരിഞ്ഞനം പാണ്ടിപറമ്പത്തുള്ള വീട്ട്പറമ്പില്‍ സി.പി.ഐ.എം പ്രവര്‍ത്തകനായ നവാസിനെ വെട്ടിക്കൊന്നിരുന്നത്. ബി.ജെ.പി പെരിഞ്ഞനം നേതാവായിരുന്ന കല്ലാടന്‍ ഗിരീഷിനെ കൊല്ലാനെത്തിയ ക്വട്ടേഷന്‍ സംഘം ആളുമാറി നവാസിനെ കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 467 പേജുകളിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.