പെരിങ്ങമല സഹകരണ ബാങ്ക് അഴിമതി; ബി.ജെ.പി നേതാവ് എസ്. സുരേഷ് 43 ലക്ഷം തിരിച്ചടക്കണം
Kerala
പെരിങ്ങമല സഹകരണ ബാങ്ക് അഴിമതി; ബി.ജെ.പി നേതാവ് എസ്. സുരേഷ് 43 ലക്ഷം തിരിച്ചടക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th November 2025, 8:02 am

തിരുവനന്തപുരം: പെരിങ്ങമല സഹകരണ ബാങ്ക് തട്ടിപ്പില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണം. സഹകരണ വകുപ്പിന്റേതാണ് ഉത്തരവ്.

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയിലാണ് നടപടി. 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കണമെന്നാണ് നിര്‍ദേശം.

ഭരണസമിതിയിലുള്ളവര്‍ നിയമം ലംഘിച്ച് വായ്പയെടുത്തുവെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചാണ് ബി.ജെ.പി നേതാക്കള്‍ വായ്പ എടുത്തത്.

ഇത്തരത്തില്‍ ഏകദേശം 4.16 കോടിയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്. ബാങ്ക് പ്രസിഡന്റ് മാത്രം 46 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്. ആര്‍.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖ് ജി. പത്മകുമാറാണ് ബാങ്ക് പ്രസിഡന്റ്.

എസ്. സുരേഷ് അടക്കം 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ 46 ലക്ഷം വീതം തിരിച്ചടക്കാനുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമ്പത് പേര്‍ 16 ലക്ഷം വീതവും തിരിച്ചടക്കണം.

അതേസമയം തിരുമല ബി.ജെ.പി കൗണ്‍സിലറായിരുന്ന തിരുമല അനിലിന്റെ മരണം ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഓഫീസിനുള്ളില്‍ നിന്നാണ് അനില്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍, അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നുവെന്നും അതില്‍ പാര്‍ട്ടി ഇടപ്പെട്ടില്ലെന്നും ആരോപിച്ചിരുന്നു.

എന്നാല്‍ അനിലിന്റെ ബാങ്കിലെ സാമ്പത്തിക ബാധ്യതയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നായിരുന്നു ബി.ജെ.പിയുടെ വാദം. കഴിഞ്ഞ ദിവസം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആര്‍.എസ്.എസ് നേതാവ് ആനന്ദ് തമ്പിയ്ക്കും ബി.ജെ.പി ഭരണത്തിലുള്ള സഹകരണ ബാങ്കില്‍ നിന്നും പണം കിട്ടാനുള്ളതായി വിവരമുണ്ട്.

Content Highlight: Peringamala Cooperative Bank scam; BJP leader S. Suresh must repay Rs. 43 lakhs