ഐ.സി.സി ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിന് പകരം സ്‌കോട്‌ലാന്‍ഡ് കളത്തിലിറങ്ങുകയാണ്. ഐ.സി.സിയോടും ബി.സി.സി.ഐയോടും കലഹിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ലോകകപ്പില്‍ നിന്നും പിന്മാറാനുള്ള കടുത്ത തീരുമാനമെടുത്തതോടെയാണ് സ്‌കോട്ടിഷ് പട വീണ്ടും ലോകകപ്പിനെത്തുന്നത്.
സ്‌കോട്‌ലാന്‍ഡ് ലോകകപ്പിലെ കന്നിക്കാരല്ല. ടൂര്‍ണമെന്റിന്റെ ആദ്യ എഡിഷനായ 2007 മുതല്‍ 2026 വരെ ഏഴ് തവണ ഇവര്‍ ലോകകപ്പിന്റെ ഭാഗമായിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര്‍ 12ലെത്തിയത് ഒരിക്കല്‍ മാത്രം. ഇതാണ് ലോകകപ്പ് വേദിയില്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം. ഇത്തവണ ടീം പ്രകടനം മെച്ചപ്പെടുത്തുമോ എന്ന് കണ്ടറിയണം.
2007 ലോകകപ്പിലും 2009 ലോകകപ്പിലും ഭാഗമായെങ്കിലും ഒറ്റ വിജയം പോലും നേടാന്‍ ടീമിന് സാധിച്ചിരുന്നില്ല. ഇന്ത്യ ആതിഥേയരായ 2016 എഡിഷനിലാണ് സ്‌കോട്‌ലാന്‍ഡ് ടി-20 ലോകകപ്പ് വേദിയിലെ ആദ്യ വിജയം സ്വന്തമാക്കുന്നത്. ഹോങ് കോങ്ങിനെതിരെയായിരുന്നു ഈ വിജയം.
യു.എ.ഇയും ഒമാനും ആതിഥേയത്വം വഹിച്ച 2021 ലോകകപ്പിലാണ് സ്‌കോട്‌ലാന്‍ഡിന്റെ ഏറ്റവും മികച്ച പ്രകടനത്തിന് ലോകകപ്പ് സാക്ഷ്യം വഹിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ടീം സൂപ്പര്‍ 12ന് യോഗ്യത നേടിയത്. ബംഗ്ലാദേശ്, ഒമാന്‍, പപ്പുവ ന്യൂ ഗിനി എന്നിവര്‍ക്കെതിരെയായിരുന്നു ടീമിന്റെ വിജയം.
സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് 2ലായിരുന്നു സ്‌കോട്‌ലാന്‍ഡിന്റെ സ്ഥാനം. ഇന്ത്യയും ന്യൂസിലാന്‍ഡും പാകിസ്ഥാനും അടങ്ങുന്ന കരുത്തുറ്റ ഗ്രൂപ്പില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ അവസാന സ്ഥാനക്കാരായി പുറത്തേക്ക്.
2022ലും 2024ലും ഗ്രൂപ്പ് ഘട്ടത്തില്‍ ടീം പുറത്തായി. 2022ല്‍ മൂന്ന് മത്സരത്തില്‍ നിന്നും ഒരു വിജയത്തോടെ രണ്ട് പോയിന്റാണ് ടീമിനുണ്ടായിരുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 42 റണ്‍സിനാണ് ടൂര്‍ണമെന്റിലെ ഏക വിജയം ടീം സ്വന്തമാക്കിയത്.
2024ല്‍ ഒരിക്കല്‍ക്കൂടി ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള അവസരം ടീമിനുണ്ടായിരുന്നെങ്കിലും വിധി മറ്റൊന്നായിരുന്നു. ഇംഗ്ലണ്ടിനെതിരെ മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ നമീബിയക്കും ഒമാനുമെതിരെ വിജയം. കങ്കാരുക്കളോട് തോല്‍വി.
ഓസ്‌ട്രേലിയ അപരാജിതരായി സെക്കന്‍ഡ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് പ്രവേശിച്ചു. രണ്ടും മൂന്നും സ്ഥാനക്കാരായ ഇംഗ്ലണ്ടിനും സ്‌കോട്‌ലാന്‍ഡിനും നാല് മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റ് വീതം. എന്നാല്‍ മികച്ച നെറ്റ് റണ്‍ റേറ്റില്‍ ഇംഗ്ലണ്ട് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.
യൂറോപ്യന്‍ ക്രിക്കറ്റില്‍ തങ്ങളുടെ സ്ഥാനം നേടിയെടുത്ത സ്‌കോട്‌ലാന്‍ഡിന് ഈ ലോകകപ്പ് ഒരിക്കല്‍ക്കൂടി സ്വയം തെളിയിക്കാനുള്ള അവസരമാണ്.
ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാള്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് സി-യിലാണ് സ്‌കോട്‌ലാന്‍ഡ്. ഒന്ന് ഉത്സാഹിച്ചാല്‍ ഒരിക്കല്‍ക്കൂടി സെക്കന്‍ഡ് ഗ്രൂപ്പ് സ്റ്റേജ് അടക്കമുള്ള അടുത്ത ഘട്ടങ്ങളിലേക്ക് ടീമിന് കുതിക്കാന്‍ സാധിക്കും.
Content Highlight: Performance of Scotland in ICC T20 World Cups