കോഴിക്കോട്: പേരാമ്പ്ര, വടകര ഡി.വൈ.എസ്.പിമാർക്ക് സ്ഥലം മാറ്റം. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിനെയും പേരാമ്പ്ര ഡി.വൈ.എസ്.പി എൻ. സുനിൽകുമാറിനെയുമാണ് സ്ഥലം മാറ്റുന്നത്. പേരാമ്പ്ര സംഘർഷത്തിന് പിന്നാലെയാണ് നടപടി.
ഷാഫി പറമ്പിലിന് മർദനമേറ്റതിൽ ഇരുവർക്കുമെതിരെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മുന്നോടിയായ പതിവ് സ്ഥലമാറ്റമാണെന്നാണ് ഔദ്യോഗിക വിശദീകരണം.
ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനിൽകുമാറിനെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയത്. ഇരുവരുടെയും നേതൃത്വത്തിലാണ് ഷാഫി പറമ്പിൽ എം.പിയെ മർദിച്ചതെന്ന് ആരോപിച്ച് കോൺഗ്രസ് പരാതി നൽകിയിരുന്നു. സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് രണ്ട് ഡി.വൈ.എസ്.പിമാരെയും സ്ഥലം മാറ്റം. സംഘർഷത്തിനിടെ പോലീസ് അതിക്രമമുണ്ടായെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. സംഘർഷത്തിനിടയിൽ ഗ്രനേഡും ടിയർ ഗ്യാസും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ആരോപണം ഉയർന്നിരുന്നു. യു. ഡി. എഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിയുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസസം പുറത്തു വന്നിരുന്നു. സംഭവത്തിന് പിന്നാലെ 5 യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന് പരിക്കേറ്റിരുന്നു. പൊലീസിന്റെ ആക്രമത്തിലാണ് പരിക്കേറ്റതെന്നും അദ്ദേഹത്തെ ആക്രമിച്ച പൊലീസുദ്യോഗസ്ഥന് നേരെ കേസെടുക്കണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
സംഘർഷത്തിനെ തുടർന്ന് ഷാഫി പറമ്പിൽ, പ്രവീൺ തുടങ്ങി എട്ട് യു.ഡി.എഫ് നേതാക്കൾക്കെതിരെയും കണ്ടാലറിയുന്ന 692 സി.പി.ഐ. എം, യു.ഡി.എഫ് പ്രവർത്തക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
Content Highlight: Perambra and Vadakara DySPs transferred; Explanation: Ahead of elections