മെക്‌സിക്കോയില്‍ ഇനി ക്രിസ്റ്റ്യാനോയുടെ ഊഴം: പോര്‍ച്ചുഗല്‍ ലോകകപ്പുയര്‍ത്തുമെന്ന് പെപ്പെ
Football
മെക്‌സിക്കോയില്‍ ഇനി ക്രിസ്റ്റ്യാനോയുടെ ഊഴം: പോര്‍ച്ചുഗല്‍ ലോകകപ്പുയര്‍ത്തുമെന്ന് പെപ്പെ
ഫസീഹ പി.സി.
Monday, 19th January 2026, 9:34 pm

2026 ഫിഫ ലോകകപ്പ് തുടങ്ങാന്‍ ഇനി മാസങ്ങള്‍ മാത്രമാണുള്ളത്. ആരായിരിക്കും ഇത്തവണത്തെ ലോക ചാമ്പ്യന്മാരാവുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം കപ്പുയര്‍ത്തിയ മെസിയും സംഘവും കിരീടം നിലര്‍നിര്‍ത്തുമെന്നാണ് ഒരു കൂട്ടര്‍ വിശ്വസിക്കുന്നത്.

എന്നാല്‍, ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ഉയര്‍ത്തിയ ബ്രസീലാവും ഇത്തവണത്തെ ചാമ്പ്യന്‍പട്ടം സ്വന്തമാക്കുകയെന്നാണ് മറ്റു ചിലരുടെ പ്രതീക്ഷ. ഇവരൊന്നുമല്ല, ലോകകപ്പിന് പുതിയ അവകാശികള്‍ എത്തുമെന്നാണ് മറ്റ് ചില കാല്‍പന്ത് പ്രേമികളുടെ അഭിപ്രായം.

പെപ്പെ. Photo: TCR/x.com

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ തന്റെ കന്നി കിരീടമുയര്‍ത്തുമെന്നും പറയുന്നവര്‍ ഏറെയുണ്ട്. ഇക്കൂട്ടത്തിലാണ് പോര്‍ച്ചുഗല്‍ ഇതിഹാസം പെപ്പെ. ഇത്തവണ മെക്‌സിക്കോയില്‍ റൊണാള്‍ഡോയുടെ ഊഴമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

നേരത്തെ മറഡോണയും പെലെയും മെക്‌സിക്കോയില്‍ ലോകകപ്പ് ഉയര്‍ത്തിയെന്നും ഇവിടത്തെ മൂന്നാമന്‍ റൊണാള്‍ഡോയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകക്കപ്പ് പ്രൊമേഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പെപ്പെ.

‘മെക്‌സിക്കോയില്‍ ലോകകപ്പ് നേടിയ രണ്ട് കളിക്കാരെ അതായത് പെലെയും മറഡോണയെയും കുറിച്ച് അവര്‍ പറഞ്ഞു. ഇവിടെ ട്രോഫി സ്വന്തമാക്കുന്ന മൂന്നാമത്തെ വ്യക്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ പെപ്പെ പറഞ്ഞു.

ജൂണ്‍ 11 മുതലാണ് 2026 ഫിഫ ലോകകപ്പ് തുടങ്ങുന്നത്. ജൂലൈ 19 വരെയാണ് കാല്‍പന്ത് കളിയുടെ മാമാങ്കം അരങ്ങേറുക. മെക്‌സിക്കോ, യു.എസ്, കാനഡ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റിന്റെ 23ാം എഡിഷന് ആതിഥേയത്വം വഹിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: TCR/x.com

ഈ ലോകകപ്പിന് കന്നി കിരീടമുയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പറങ്കി പടയും ഇറങ്ങുന്നത്. ഗ്രൂപ്പ് കെയിലാണ് പോര്‍ച്ചുഗല്‍ ഇടം പിടിച്ചിട്ടുള്ളത്. നിലവില്‍ ഉസ്ബെക്കിസ്താനും കൊളംബിയയുമാണ് ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍.

അതേസമയം, കിരീടം നിലനിര്‍ത്തി നാലാം കിരീടം അലമാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അര്‍ജന്റൈന്‍ സംഘം ലോകകപ്പിന് കോപ്പുകൂട്ടുന്നത്. ഒപ്പം ആറാം കിരീടമുയര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ബ്രസീലും ഒരുങ്ങുന്നുണ്ട്. ഗ്രൂപ്പ് സി യിലാണ് ബ്രസീലെങ്കില്‍ അര്‍ജന്റീന ഗ്രൂപ്പ് ജെയിലാണ്. ഇവര്‍ക്കൊപ്പം ലോകകപ്പ് നോട്ടമിട്ട് സ്‌പെയിന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ഉറുഗ്വേ, ഇംഗ്ലണ്ട് എന്നിവരും ഈ ലോകകപ്പിനുണ്ട്.

Content Highlight: Pepe said Cristiano Ronaldo will lift 2026 FIFA World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി