2026ലെ ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹന്‍ അവനാണ്: പെപ് ഗ്വാര്‍ഡിയോള
Football
2026ലെ ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹന്‍ അവനാണ്: പെപ് ഗ്വാര്‍ഡിയോള
സുദേവ് എ
Monday, 31st August 2026, 10:02 am

2026ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടാന്‍ ഏറ്റവും അര്‍ഹതപ്പെട്ട താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇതിഹാസ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പര്‍താരം ഹാരി കെയ്നിനെയാണ് ഗ്വാര്‍ഡിയോള ബാലണ്‍ ഡി ഓറിനായി പിന്തുണച്ചത്. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പെപ് ഗ്വാര്‍ഡിയോള.

‘ഹാരി കെയ്ന്‍ അത് (ബാലണ്‍ ഡി ഓര്‍) അര്‍ഹിക്കുന്നു. അദ്ദേഹം നേടിയ ഗോളുകള്‍, സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍, ടീമിന് നല്‍കുന്ന മികച്ച സംഭാവനകള്‍ എല്ലാം നോക്കുമ്പോള്‍ ബാലണ്‍ ഡി ഓര്‍ അദ്ദേഹത്തിനാണ് നല്‍കേണ്ടത്. അദ്ദേഹം ശരിക്കും അതിശയമാണ്. എന്നോട് ചോദിക്കുകയാണെങ്കില്‍ ഹാരി കെയ്ന്‍ തന്നെയാണ് അത് നേടേണ്ടത്,’ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു.

ഈ സീസണിലെ ബാലണ്‍ ഡി ഓര്‍ നേടാന്‍ മുന്‍നിരയിലുള്ള താരങ്ങളില്‍ ഒരാളാണ് ഹാരി കെയ്ന്‍. 2025-26 സീസണിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിയത് ഹാരി കീനായിരുന്നു. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനും വേണ്ടിയും നടത്തിയ അമ്പരപ്പിക്കുന്ന ഗോള്‍ വേട്ടയാണ് കെയ്‌നിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ടിനെയും റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും മറികടന്നുകൊണ്ടാണ് കെയ്ന്‍ ഈ നേട്ടം കൈപ്പിടിയിലാക്കിയത്. രണ്ടാം തവണയാണ് കെയ്ന്‍ യൂറോപ്പിലെ മികച്ച ഗോള്‍ വേട്ടക്കാരനായി മാറുന്നത്. ആദ്യമായി കെയ്ന്‍ ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത് 2023-24 സീസണിലായിരുന്നു.

യൂറോപ്പിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതിന് പിന്നാലെ 2026ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കാനുള്ള താരങ്ങളുടെ മുന്‍നിരയില്‍ കെയ്ന്‍ ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം രണ്ട് കിരീടങ്ങളാണ് കെയ്ന്‍ സ്വന്തമാക്കിയത്. ബുണ്ടസ്ലീഗ കിരീടവും ഡി.എഫ്.ബി പോക്കലുമാണ് ജര്‍മന്‍ വമ്പന്മാർക്കൊപ്പം കെയ്ന്‍ സ്വന്തമാക്കിയത്.

ബവേറിയന്‍സിന്റെ മുന്നേറ്റനിരയില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു കെയ്ന്‍ നടത്തിയിരുന്നത്. 61 ഗോളുകളാണ് ഇംഗ്ലണ്ട് താരം ബയേണ്‍ മ്യൂണിക്കിന് വേണ്ടി അടിച്ചുകൂട്ടിയത്.

2026 ഫിഫ ലോകകപ്പിലും ഇംഗ്ലണ്ടിനൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ലോകകപ്പില്‍ ഇംഗ്ലണ്ടിനൊപ്പം സെമി ഫൈനല്‍ വരെ മുന്നേറാന്‍ കെയ്നിന് സാധിച്ചിരുന്നു. സെമിയില്‍ അര്‍ജന്റീനക്ക് മുന്നില്‍ കീഴടക്കിയാണ് ഇംഗ്ലണ്ട് ലോകകപ്പെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയത്.

കിരീടം നഷ്ടമായെങ്കിലും ലോകകപ്പിലെ കെയ്‌നിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് താരം തിളങ്ങിയത്. ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോള്‍ നേട്ടം 14 ആക്കി ഉയര്‍ത്താനും കെയ്നിന് സാധിച്ചിരുന്നു.10 ഗോളുകള്‍ നേടിയ മുന്‍ താരം ഗാരി ലിനേക്കറെ മറികടന്നാണ് ഇംഗ്ലണ്ട് നായകന്‍ കുതിച്ചത്.

ബാലണ്‍ ഡി ഓര്‍ വിജയിയെ ഒക്ടോബര്‍ 30നാണ് തെരഞ്ഞെടുക്കുക. ഇത്തവണ ബാലണ്‍ ഡി ഓറിന് പുതിയ അവകാശിയുണ്ടാവുമോയെന്നാണ് ഫുട്ബാള്‍ ലോകം ഉറ്റുനോക്കുന്നത്.

 

Content Highlight: Pep Guardiola says Harry Kane deserves to win the 2026 Ballon d’Or

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.