ഇതിഹാസത്തെ മറികടന്ന് ചരിത്രമെഴുതിയപ്പോഴും നിരാശ മാത്രം ബാക്കി; പുഞ്ചിരിയിലും പൊട്ടിക്കരഞ്ഞ് ഗ്വാര്‍ഡിയോള
Champions League
ഇതിഹാസത്തെ മറികടന്ന് ചരിത്രമെഴുതിയപ്പോഴും നിരാശ മാത്രം ബാക്കി; പുഞ്ചിരിയിലും പൊട്ടിക്കരഞ്ഞ് ഗ്വാര്‍ഡിയോള
ആദര്‍ശ് എം.കെ.
Wednesday, 18th March 2026, 3:21 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സിറ്റിസണ്‍സിന്റെ തോല്‍വി. 5-1 എന്ന അഗ്രഗേറ്റ് സ്‌കോറിലായിരുന്നു ലോസ് ബ്ലാങ്കോസ് മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്.

ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു റയലിന്റെ വിജയം. വാര്‍വെര്‍ദെയുടെ ഹാട്രിക്കില്‍ മേധാവിത്തം രണ്ടാം പാദത്തിലും തുടര്‍ന്നപ്പോള്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിനും യോഗ്യത നേടി.

ഈ മത്സരത്തില്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഒരു ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം മത്സരത്തില്‍ പരിശീകലന്റെ റോളിലെത്തുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് പെപ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം സര്‍ അലക്‌സ് ഫെര്‍ഗൂസനെ മറികടന്നുകൊണ്ടായിരുന്നു പെപ്പിന്റെ നേട്ടം.

പെപ് ഗ്വാര്‍ഡിയോള

എന്നാല്‍ ചരിത്രം വിജയത്തിലൂടെ പൂര്‍ത്തിയാക്കാന്‍ മാത്രം പെപ്പിന് സാധിച്ചില്ല.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പരിശീലകന്റെ റോളില്‍ ഏറ്റവുമധികം മത്സരം

(മാനേജര്‍ – മത്സരം എന്നീ ക്രമത്തില്‍)

കാര്‍ലോ ആന്‍സലോട്ടി – 218

പെപ് ഗ്വാര്‍ഡിയോള – 191*

സര്‍ അലക്സ് ഫെര്‍ഗൂസന്‍ – 190

ആഴ്സണ്‍ വെങ്ങര്‍ – 178

ഹോസെ മൗറീന്യോ – 154

മത്സരത്തില്‍ ഇരു ടീമുകളും 4-3-3 എന്ന ഫോര്‍മേഷനാണ് അവലംബിച്ചത്. ആദ്യ പാദത്തിലേറ്റ എതിരില്ലാത്ത തോല്‍വിയെയും മറികടക്കുമെന്ന് പ്രതീക്ഷിച്ച സിറ്റിസണ്‍സ് ആരാധകരെ ഞെട്ടിച്ച് 22ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയര്‍ ടീമിനെ മുമ്പിലെത്തിച്ചു.

ആദ്യ പകുതിയില്‍, 41ാം മിനിട്ടില്‍ എര്‍ലിങ് ഹാലണ്ടിലൂടെ സിറ്റി സമനില പിടിച്ചെങ്കിലും മത്സരമവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് വിനി റയലിനെ 2-1 വിജയത്തിലേക്ക് നയിച്ചു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെയാകും റയലിന് നേരിടാനുള്ളത്. ആദ്യ പാദത്തില്‍ അറ്റ്‌ലാന്റയെ ഒന്നിനെതിരെ ആറ് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണ്‍ സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ രണ്ടാം പാദത്തിനിറങ്ങുന്നത്. ഈ മത്സരവും കൊംപാനിയുടെ കൊമ്പന്‍മാര്‍ സ്വന്തമാക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

ഏപ്രില്‍ എട്ടിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദം സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലും രണ്ടാം പാദം 15ന് എതിരാളികളുടെ തട്ടകത്തിലും നടക്കും.

 

Content Highlight:

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.