ചെന്നൈ: നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ ശക്തനാണെന്ന രജനീകാന്തിന്റെ പ്രസ്താവനയ്ക്കെതിരെ എ.ഐ.എ.ഡി.എം.കെ. അധികാര കേന്ദ്രങ്ങളിലിരിക്കുന്നവരെ ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആരാണ് ശക്തരെന്നും ദുര്‍ബലരെന്നും ജനങ്ങള്‍ തീരുമാനിക്കുമെന്ന് മുതിര്‍ന്ന എ.ഐ.ഡി.എം.കെ നേതാവും തമിഴ്നാട് ഫിഷറീസ് മന്ത്രിയുമായ ഡി.ജയകുമാര്‍ പറഞ്ഞു.
എന്‍.ഡി.എയ്ക്കെതിരെ രൂപപ്പെടുന്ന എതിര്‍ കക്ഷികളുടെ വിശാല സഖ്യം നരേന്ദ്ര മോദി എന്ന രാഷ്ട്രീയക്കാരന്റെ ശക്തിയുടെ തെളിവാണെന്ന് കഴിഞ്ഞ ദിവസം രജനീകാന്ത് പറഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
“ശക്തനാണെങ്കിലും ദുര്‍ബലനാണെങ്കിലും തെരഞ്ഞെടുപ്പാണ് അതിനുള്ള ഉത്തരം. ആളുകള്‍ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ജനങ്ങള്‍ എല്ലാ പാര്‍ട്ടിയിലെ നേതാക്കളേയും നിരീക്ഷിക്കുന്നുണ്ട്. അവരു തീരുമാനിക്കും”- ഞാനും നിങ്ങളുമല്ല. അദ്ദേഹം പറഞ്ഞു.
രജനീകാന്തിന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും വിശദീകരണവുമായി രംഗത്തു വരികയായിരുന്നു അദ്ദേഹം. എല്ലാവരും ബി.ജെ.പി അപകടമാണെന്ന് പറയുന്നുണ്ടെങ്കില്‍ അത് ശരിയായിരിക്കാം എന്നായിരുന്നു രജനീകാന്ത് കഴിഞ്ഞ ദിവസം ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ പിന്നീട് അതിന് വിശദീകരണവുമായി രജനീകാന്ത് രംഗത്തെത്തുകയായിരുന്നു. എല്ലാവരും നരേന്ദ്രമോദിക്കെതിരെ അണിനിരക്കുകയാണെങ്കില്‍ അത് മോദി ശക്തനായത് കൊണ്ടാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് രജനീകാന്ത് പിന്നീട് പറഞ്ഞു.
