ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. നിവിന്‍ പോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍ അവതരിപ്പിച്ച ഹരിയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ഹരി എന്ന കഥാപാത്രം തന്നെ വിശ്വസിപ്പിച്ചേല്‍പ്പിച്ച സംവിധായകന് ഗിരീഷ് എ.ഡിയോടും ഭാവന സ്റ്റുഡിയോസിനോടുമുള്ള നന്ദി പങ്കുവെച്ചിരിക്കുകയാണ് ശ്യാം മോഹന്‍. ഒപ്പം ഹരിയെന്ന കഥാപാത്രം എത്രത്തോളം ആളുകളില്‍ എത്തിയെന്ന് ഇപ്പോള്‍ പുറത്തുപോകുമ്പോള്‍ തനിക്ക് മനസിലാകുന്നുണ്ടെന്നും താരം പറഞ്ഞു.
‘ഗിരീഷിനോട് തന്നെയാണ് നന്ദി പറയാനുള്ളത്. പ്രേമലു തന്നെ സിനിമയിലേക്കുള്ള വലിയ എന്‍ട്രിയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ഹരി എന്ന കഥാപാത്രത്തെ തന്നു. അത് ഭയങ്കര റിസ്കുള്ള കഥാപാത്രമായിരുന്നു. അതെങ്ങനെ ചെയ്തു എന്ന് എനിക്കറിയില്ല. എന്നെക്കൊണ്ട് ചെയ്യിക്കാമെന്ന തീരുമാനം ഗിരീഷ് എങ്ങനെ എടുത്തു എന്നും അറിയില്ല.
പടത്തിന്റെ ഫസ്റ്റ് ഡേ ഷോ കഴിഞ്ഞ ശേഷം ഡി.ഒ.പി അജ്മല്‍ സാബു എന്നോട് പറയുന്നുണ്ടായിരുന്നു, ‘ഞങ്ങള്‍ക്കൊക്കെ ടെന്‍ഷനുണ്ടായിരുന്നു, ഈ സാധനം വര്‍ക്ക് ആയില്ലെങ്കിലോ എന്ന് ഓര്‍ത്തിട്ട്” എന്ന്. കാരണം അത്രയും നേരം സ്മൂത്തായി, ഹാപ്പിയായി പോകുന്ന ഒരു പടത്തില്‍ ഒരുത്തന് വന്ന് കിടന്ന് കാണിക്കുന്ന സാധനം വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ പടത്തെ ബാധിക്കും. ആ ടെന്‍ഷന്‍ ഉണ്ടായിരുന്നു,’ ശ്യാം മോഹന്‍ പറഞ്ഞു.

ഹരി എന്ന കഥാപാത്രത്തെ ചെയ്യാനായി തനിക്കൊപ്പം നിന്ന അണിയറപ്രവര്‍ത്തകരുടെ പിന്തുണ വലുതാണെന്നും ചിത്രീകരണത്തിനിടെ ചെറിയ പരിക്കുകളൊക്കെ പറ്റിയെന്നും ശ്യാം പറയുന്നുണ്ട്.
‘കിണറ്റില്‍ ചാടിയപ്പോള്‍ തല ഇടിച്ചു, പിന്നെ തൂക്കിയെടുക്കുമ്പോള്‍ ഷോള്ഡറിലൊക്കെ മുറിവ് പറ്റിയിരുന്നു. അന്നും അജ്മല്‍ പറഞ്ഞിരുന്നു ഇതിനൊക്കെ റിസള്‍ട്ട് ഉണ്ടാകുമെന്ന്. പിന്നെ ഇപ്പോള്‍ പുറത്ത് പോകുമ്പോള്‍ ട്രാഫിക്കില്‍ ആളുകള്‍ വണ്ടിയൊതുക്കിത്തരുന്നുണ്ട്. എന്നെ കാണുമ്പോള്‍ ”പോയിക്കോ, പോയിക്കോ” എന്ന് പറയും. ഹരിയേട്ടനോടുള്ള ബഹുമാനമാണോ എന്നറിയില്ല,’ ശ്യാം മോഹന്‍ പറഞ്ഞു.

തന്റെ കരിയറില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ച് വ്യത്യസ്തമായ കഥാപാത്രം നല്കിയ ഭാവന സ്റ്റുഡിയോസിനോടും ശ്യാം മോഹന്‍ നന്ദി പറഞ്ഞു. ചിത്രത്തിലെ സഹതാരങ്ങളായ മമിത ബൈജുവും സംഗീതും ആദ്യ സിനിമ മുതല്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണെന്നും സംഗീതാണ് ആദ്യ ചിത്രത്തിലേക്ക് തന്നെ നിര്‍ദേശിച്ചതെന്നും താരം പറഞ്ഞു.
നിവിന്‍ പോളിയുടെ കടുത്ത ആരാധകനായിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടായിരുന്നുവെന്നും ശ്യാം മോഹന്‍ പറഞ്ഞു. നിവിനെ നേരില്‍ കാണാന്‍ കഴിയുമെന്ന ആവേശത്തോടെയാണ് ആദ്യ ദിവസം ലൊക്കേഷനിലെത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: People Now Make Way for Me in Traffic; I Don’t Know If It’s Out of ‘Respect’ for Hari Ettan: Shyam Mohan
