'ആര്‍ട്ടിക്കിള്‍ 370 കശ്മീരിനെ എങ്ങനെ സംരക്ഷിച്ചൂവെന്ന് ജനങ്ങള്‍ക്ക് ഇപ്പോഴെങ്കിലും മനസിലായിക്കാണും'; ബി.ജെ.പിയുടെ ബുള്‍ഡോസര്‍ നടപടിയില്‍ മെഹ്ബൂബ മുഫ്തി
national news
'ആര്‍ട്ടിക്കിള്‍ 370 കശ്മീരിനെ എങ്ങനെ സംരക്ഷിച്ചൂവെന്ന് ജനങ്ങള്‍ക്ക് ഇപ്പോഴെങ്കിലും മനസിലായിക്കാണും'; ബി.ജെ.പിയുടെ ബുള്‍ഡോസര്‍ നടപടിയില്‍ മെഹ്ബൂബ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th February 2023, 5:58 pm

ശ്രീനഗര്‍: ബി.ജെ.പി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ ആക്രമങ്ങള്‍ തുടങ്ങിയതോടെ ആര്‍ട്ടിക്കിള്‍ 370 കശ്മീരിനെ എങ്ങനെ സംരക്ഷിച്ചിരുന്നുവെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകുമെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നത് പി.ഡി.പിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും മാത്രമേ ബാധിക്കൂവെന്നായിരുന്നു ചിലര്‍ കരുതിയിരുന്നത്.

എന്നാല്‍ സത്യാവസ്ഥ അതല്ലായെന്ന് ജനങ്ങള്‍ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജമ്മു കശ്മീരില്‍ നടക്കുന്ന പൊളിച്ചുനീക്കല്‍ നടപടികളെ ഉദ്ധരിച്ചാണ് മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശം.

‘ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതിനെതിരെ പി.ഡി.പി രംഗത്തുവന്നപ്പോള്‍ പലരും കരുതിയത് ഇത് പി.ഡി.പിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും മാത്രമേ ബാധിക്കൂവെന്നാണ്. ഇന്ന് ബി.ജെ.പി സര്‍ക്കാര്‍ സാധാരണക്കാരന്റെ കടകളും, വീടും സ്വത്തുക്കളും പൊളിച്ചുനീക്കുമ്പോള്‍ ഒരുപക്ഷേ ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരിന് എങ്ങനെ രക്ഷാ കവചമായി പ്രവര്‍ത്തിച്ചുവെന്ന് ജനങ്ങള്‍ക്ക് മനസിലായിക്കാണും,’ മെഹ്ബൂബ മുഫ്തി പറഞ്ഞു.

2014 തെരഞ്ഞെടുപ്പിന് ശേഷം പി.ഡി.പി ബി.ജെ.പി സഖ്യം കൊണ്ടുവരണമെന്ന പിതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ തീരുമാനത്തേയും മെഹ്ബൂബ മുഫ്തി ന്യായീകരിച്ചു.

‘മുഫ്തി സാഹിബ് ബി.ജെ.പിയെ കൂട്ടിലടച്ചുവെന്ന് ആര്‍ക്കും മനസിലാകുന്നില്ല. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പി.ഡി.പി 43 സീറ്റ് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആകെ ലഭിച്ചത് 28 സീറ്റ് മാത്രമാണ്. ബി.ജെ.പി ജമ്മുവില്‍ 25 സീറ്റ് നേടി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുഫ്തി സാഹിബിന് മൂന്ന് മാസം സമയമെടുത്തു. ബി.ജെ.പിയെ ഞങ്ങളാണ് ജമ്മുവിലേക്ക് കൊണ്ടുവന്നതെന്നാണ് ആരോപണം. അവരെ എങ്ങനെയാണ് തടയുക? ബി.ജെ.പിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടായിരുന്നു. കൂടെ നിര്‍ത്തി അവരെ തടയാനാണ് ഞങ്ങള്‍ ശ്രമിച്ചത്.

ഒരു വര്‍ഷം മുഫ്തി സാഹിബും രണ്ട് വര്‍ഷം ഞാനും കശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്നു. അന്ന് ഞങ്ങള്‍ നടപ്പിലാക്കിയത് പി.ഡി.പിയുടെ അജണ്ടയാണ്. ബി.ജെ.പിയുടെ ആശയങ്ങളെ പിന്തുണച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇന്നും മുഖ്യമന്ത്രിയായിരുന്നേലെ,’ മെഹ്ബൂബ മുഫ്തി പറഞ്ഞു.

ജമ്മു കശ്മീരിലെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് അവാമി ആവാസ് പാര്‍ട്ടി നടത്തിയ പ്രതിഷേധത്തിന് പ്ലക്കാര്‍ഡുകളും, മുദ്രാവാക്യങ്ങളുമായെയത്തിത്. ഇന്ത്യ ഇസ്രാഈല്‍ അല്ലെന്നും, ജീവിക്കാന്‍ അനുവദിക്കണമെന്നും പ്രതിഷേധക്കാര്‍ അധികാരികളോട് പറഞ്ഞു.

Content Highlight: people now have realised how article 370 protected J&K says mehbooba mufti amid ongoing demolition drive