നിങ്ങള്‍ ബി.ജെ.പിയെ പിന്തുണച്ചതൊന്നും ജനം മറന്നിട്ടില്ല; കണക്കുകള്‍ നിരത്തി ഡി.എം.കെയെ കടന്നാക്രമിച്ച് വിജയ്‌യുടെ തുറന്ന കത്ത്
India
നിങ്ങള്‍ ബി.ജെ.പിയെ പിന്തുണച്ചതൊന്നും ജനം മറന്നിട്ടില്ല; കണക്കുകള്‍ നിരത്തി ഡി.എം.കെയെ കടന്നാക്രമിച്ച് വിജയ്‌യുടെ തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2026, 11:28 am

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് കരുത്തു തെളിയിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് തുറന്ന കത്തുമായി മുഖ്യമന്ത്രി വിജയ്. ഡി.എം.കെയെയും ഉദയനിധി സ്റ്റാലിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് കത്ത്.
144 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ടി.വി.കെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ നിരത്തിയാണ് ഡി.എം.കെയുടെ വാദങ്ങള്‍ക്കെതിരെ വിജയ് രംഗത്തെത്തിയത്. സഖ്യകക്ഷികളുടെ ബലത്തില്‍ ജയിച്ച ഡി.എം.കെ, ഒറ്റയ്ക്ക് മത്സരിച്ച ടി.വി.കെയെ പരിഹസിക്കുന്നത് അഹങ്കാരമാണെന്നും വിജയ് പറഞ്ഞു.

തനിച്ച് മത്സരിച്ച ടി.വി.കെ 34.92% വോട്ട് നേടിയപ്പോള്‍, ഡി.എം.കെയുടെ വോട്ട് വിഹിതം വെറും 24.19% മാത്രമാണെന്നും ടി.വി.കെയേക്കാള്‍ 10 ശതമാനം കുറവാണ് അതെന്നും വിജയ് കത്തില്‍ പറഞ്ഞു.

ഡി.എം.കെ നേടിയത് 1,19,29,144 വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ ടി.വി.കെ 1,72,26,209 വോട്ടുകള്‍ നേടി. ഡി.എം.കെയേക്കാള്‍ 52,97,065 അധിക വോട്ടുകള്‍ ടി.വി.കെ നേടിയിട്ടുണ്ടെന്നും വിജയ് കത്തില്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ ഭൂരിഭാഗം ജനങ്ങളും ടി.വി.കെയെ നിരസിച്ചു എന്ന് പറയുന്ന ഡി.എം.കെ, 3.68 കോടി ജനങ്ങള്‍ തള്ളിക്കളഞ്ഞ പാര്‍ട്ടിയാണ് അവരെന്ന് ഓര്‍ക്കണമെന്നും മുക്കാല്‍ ഭാഗം ജനങ്ങളും തള്ളിക്കളഞ്ഞ ഒരു പാര്‍ട്ടി, 35 ശതമാനം ജനപിന്തുണയുള്ള ഞങ്ങളെ പരിഹസിക്കുന്നത് എന്തിനാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും വിജയ് കുറിച്ചു.

മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് എന്ന ഡി.എം.കെയുടെ ആരോപണത്തിന് മറുപടിയായി, തങ്ങളുടെ മതേതര നിലപാടിലുള്ള വിശ്വാസം കൊണ്ടാണ് കോണ്‍ഗ്രസും സി.പി.ഐ.എമ്മും സി.പി.ഐയും വി.സി.കെയും ഉള്‍പ്പെടെയുള്ള കക്ഷികള്‍ പിന്തുണ നല്‍കിയതെന്നും വിജയ് വ്യക്തമാക്കി.

1999ല്‍ ബി.ജെ.പി സഖ്യത്തെ പിന്തുണച്ച് മന്ത്രിസ്ഥാനങ്ങള്‍ നേടിയ ഡി.എം.കെയുടെ ചരിത്രം ജനങ്ങള്‍ മറന്നിട്ടില്ലെന്നും വിജയ് ഓര്‍മ്മിപ്പിച്ചു.

‘1999ല്‍ പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഡി.എം.കെ പെട്ടെന്ന് ബി.ജെ.പി സഖ്യത്തെ പിന്തുണച്ചത് ആളുകള്‍ മറന്നിട്ടില്ല. പിന്നീട് ഡി.എം.കെ അതേ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മന്ത്രിസ്ഥാനങ്ങള്‍ നേടിയതും അവര്‍ മറന്നിട്ടില്ല,’ അദ്ദേഹം എഴുതി.

തെരഞ്ഞെടുപ്പിനുശേഷം തന്റെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും വിജയ് ആരോപിച്ചു. ‘ജനങ്ങളുടെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ടി.വി.കെ സര്‍ക്കാര്‍ രൂപീകരിക്കാതിരിക്കാന്‍ ഡി.എം.കെ സാധ്യമായതെല്ലാം ചെയ്തു’

തങ്ങള്‍ക്ക് ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ലെന്നും തത്വങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയമാണ് ടി.വി.കെ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ സര്‍ക്കാരിനെ ‘പുഷ്പ സര്‍ക്കാര്‍’ എന്ന് വിളിച്ച് അവര്‍ അധിക്ഷേപിച്ചത് കണ്ടു. തോല്‍വി സമ്മതിക്കാന്‍ കഴിയാത്തതുകൊണ്ട് കണ്ണിലും കാതിലും അസൂയ മൂത്ത് പുകയുന്നവരാണ് ഇങ്ങനെ സംസാരിക്കുന്നത്. നിങ്ങള്‍ ഞങ്ങളെ എന്ത് പേര് വിളിച്ചാലും, എത്ര വേദനിപ്പിച്ചാലും ജനക്ഷേമം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഡിജിറ്റല്‍ ലോകത്തെ റീല്‍സുകളില്‍ ജീവിക്കുന്ന ഡി.എം.കെയ്ക്ക് ഇനിയും യാഥാര്‍ത്ഥ്യ ബോധം വന്നിട്ടില്ല,’ വിജയ് പറഞ്ഞു.

തമിഴ്നാട് നിയമസഭാ ചരിത്രത്തില്‍ ആദ്യമായി സഭാനടപടികള്‍ പൂര്‍ണ്ണമായി തത്സമയം സംപ്രേക്ഷണം ചെയ്തതിനെയും കത്തില്‍ വിജയ് ഉയര്‍ത്തിക്കാട്ടി.

‘പ്രതിപക്ഷത്തെ ഇരുട്ടിലാക്കുന്ന രീതി ഞങ്ങള്‍ക്കില്ല. ജനങ്ങള്‍ക്ക് മേല്‍ കടബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഡി.എം.കെ വികസനത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ല. സാമൂഹിക നീതിയിലും മതേതരത്വത്തിലും ഊന്നിനിന്നുകൊണ്ട്, പ്രതിഷേധങ്ങളില്ലാതെ സമാധാനപരമായി അത്ഭുതകരമായ ജനക്ഷേമ പദ്ധതികള്‍ വരും ദിവസങ്ങളില്‍ എന്റെ സര്‍ക്കാര്‍ നടപ്പിലാക്കും,’ വിജയ് പറഞ്ഞു.

ആത്മവിശ്വാസമില്ലാത്തതിനാലാണ് ഞങ്ങള്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതെന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊളത്തൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ ഫലം നോക്കിയിട്ടും ഞങ്ങളുടെ വിജയത്തിന്റെ വ്യാപ്തി നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ?

അധികാരക്കളി നടത്തിയ 15 ഡി.എം.കെ മന്ത്രിമാരുടെ പരാജയം കണ്ടിട്ടും നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ? സാഹചര്യം മനസ്സിലാക്കാതെ ഇങ്ങനെ തുടരുകയാണെങ്കില്‍, വരും കാലങ്ങളില്‍ ജനങ്ങള്‍ തന്നെ ഡി.എം.കെയെ അത് കൂടുതല്‍ വ്യക്തമായി ബോധ്യപ്പെടുത്തും’, വിജയ് പറഞ്ഞു.

വരും കാലങ്ങളില്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ തന്റെ പാര്‍ട്ടിക്ക് ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.

Content Highlight:  People haven’t forgotten your support for the BJP; Vijay’s open letter slams DMK with statistics