അഴിമതി ആരോപിതർ ചേർന്നാൽ 'ക്ലീനായി' തിരിച്ചുവരുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി: ശരദ് പവാർ
national news
അഴിമതി ആരോപിതർ ചേർന്നാൽ 'ക്ലീനായി' തിരിച്ചുവരുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി: ശരദ് പവാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th March 2024, 9:31 pm

മുംബൈ: അഴിമതി ആരോപണങ്ങൾ നേരിടുന്ന ആളുകൾ ചേർന്നാൽ ക്ലീനായി തിരിച്ചുവരുന്ന വാഷിങ് മെഷീനാണ് ബി.ജെ.പിയെന്ന് എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാർ.

ജാർഖണ്ഡിലെ ഹേമന്ത്‌ സോറനും ദൽഹിയിലെ അരവിന്ദ് കെജ്‌രിവാളും ഉൾപ്പെടെയുള്ള ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ കേന്ദ്രം ലക്ഷ്യമിടുന്നതിനേയും അദ്ദേഹം വിമർശിച്ചു.

പൂനെയിലെ ലോനവാലയിൽ പാർട്ടി കൺവെൻഷനിൽ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോൾ അവിഭക്ത എൻ.സി.പിയെ വിമർശിക്കാറുണ്ടായിരുന്നു. ബി.ജെ.പി അധികാരത്തിൽ ഇല്ലെങ്കിൽ എന്തെല്ലാം ക്രമക്കേടുകൾ സംഭവിക്കുമെന്ന് വിശദമാക്കി കൊണ്ട് പാർലമെന്റിൽ എല്ലാവർക്കും ഒരു ബുക്ക്‌ലെറ്റും നൽകിയിരുന്നു.

അശോക് ചവാന്റെ പങ്ക് ആരോപിച്ചുകൊണ്ട് ആദർശ് തട്ടിപ്പും ബുക്ക്‌ലെറ്റിൽ പരാമർശിച്ചിരുന്നു. എന്നാൽ ഏഴാം ദിവസം ബി.ജെ.പിയിൽ ചേർന്ന് രാജ്യസഭാംഗമായി.

ഒരുവശത്ത് ബി.ജെ.പി ആരോപണങ്ങൾ ഉന്നയിക്കും മറുവശത്ത് കുറ്റാരോപിതനായ വ്യക്തിയെ തന്നെ പാർട്ടിയിൽ ചേർക്കും,’ ശരദ് പവാർ കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ എൻ.സി.പിയിൽ നിന്ന് ആർക്കും പങ്കില്ലെന്ന് താൻ നേരത്തെ തന്നെ പറഞ്ഞതാണെന്നും കുറ്റാരോപിതനായ വ്യക്തി ഇപ്പോൾ എവിടെയാണെന്ന് നോക്കൂ എന്നും അജിത് പവാറിനെ ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘ മഹാരാഷ്ട്രയിൽ ജലസേചന പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എഴുപതിനായിരം കോടിയുടെ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലും ക്രമക്കേടുകളുണ്ടെന്ന് അദ്ദേഹംപറഞ്ഞു. എം.എസ്.സി ബാങ്കുമായി ബന്ധപ്പെട്ട എൻ.സി.പിയിൽ ആർക്കും പങ്കില്ലെന്ന് ഞാൻ അന്ന് തന്നെ പറഞ്ഞതാണ്.

ഒരു സുപ്രീം കോടതി ജഡ്ജിയെ നിയോഗിച്ച് അന്വേഷണം നടത്തുവാനും ഞാൻ വെല്ലുവിളിച്ചിരുന്നു. എന്നാൽ ആർക്കെതിരെയാണോ അന്ന് ആരോപണങ്ങൾ ഉയർന്നത്, ആ വ്യക്തി ഇപ്പോൾ എവിടെയാണെന്ന് നോക്കൂ.

ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് അഴിമതി ആരോപണങ്ങൾ അഭിമുഖീകരിക്കുന്നവർ ചേരുകയും ക്ലീനാകുകയും ചെയ്യുന്ന ഒരു വാഷിങ് മെഷീനാണ് ബി.ജെ.പി എന്നാണ്,’ പവാർ പറഞ്ഞു.

കഴിഞ്ഞവർഷം ജൂലൈയിലാണ് ശരദ് പവാറിനെ വെല്ലുവിളിച്ചുകൊണ്ട് എൻ.സി.പിയിലെ ഏഴ് നേതാക്കൾക്കൊപ്പം അജിത് പവാർ ഏക്നാഥ് ഷിൻഡെയുടെ ശിവസേന സർക്കാരിനൊപ്പം ചേർന്നത്. തുടർന്ന് എൻ.സി.പി പിളർന്നു.

എൻ.സി.പി എന്ന പേരും പാർട്ടി ചിഹ്നമായ ഘടികാരവും അജിദ് പവാർ ഘടകത്തിന് നൽകുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

Content Highlight: People facing draft charges can join BJP and get clean, the party is ‘washing machine’ : Sharad Pawar