ബോൾഡ് ആയി സംസാരിക്കുന്ന സ്ത്രീകളെ ആളുകൾക്ക് ശീലമില്ല; നടിമാരിൽ നിന്ന് അതല്ല പ്രതീക്ഷിക്കുന്നത്; നിഖില വിമൽ
Malayalam Cinema
ബോൾഡ് ആയി സംസാരിക്കുന്ന സ്ത്രീകളെ ആളുകൾക്ക് ശീലമില്ല; നടിമാരിൽ നിന്ന് അതല്ല പ്രതീക്ഷിക്കുന്നത്; നിഖില വിമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th October 2025, 12:56 pm

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമൽ. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും മികച്ച വേഷങ്ങൾ ചെയ്യാൻ നിഖിലക്ക് സാധിച്ചിരുന്നു. ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നിഖില നായികയായി എത്തുന്നത്.

തന്റെ രാഷ്ട്രീയത്തിന്റെ പേരിലും നിലപാടുകളുടെ പേരിലും പലപ്പോഴും നിഖില വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ട്രോളുകളും അധിക്ഷേപങ്ങളും വരുമ്പോൾ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണിപ്പോൾ നിഖില വിമൽ.

‘ബേസിക്കലി സെൻസിബിൾ ആയി ബോൾഡ് ആയി സംസാരിക്കുന്ന സ്ത്രീകളെ ആളുകൾക്ക് ശീലമില്ല. പ്രത്യേകിച്ച് നടിമാരിൽ നിന്ന് അതല്ല പ്രതീക്ഷിക്കുന്നത്. എന്നോട് കുറച്ചൊക്കെ ആ പ്രശ്‌നം ഉണ്ടാവാം. ഞാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നുള്ള തരത്തിൽ ഉള്ള ഒരു കാഴ്ചപ്പാട് ഉണ്ട്.

പിന്നെ എന്റെ ഒരു സംസാരം എന്നുപറയുന്നത് തന്നെ ഇത്തിരി സർക്കാസ്റ്റിക് ആണ്. ആളുകളെ വിഷമിപ്പിക്കാതെ ഒരു കാര്യം പറയാൻ സർക്കാസമാണ് നല്ലത്. എന്നോട് അങ്ങനെ വെറുതെ ഒരാൾ വന്നിട്ട് ഒരു ലൂസ് ടോക്ക് നടത്തില്ല,’ നിഖില വിമൽ പറഞ്ഞു.

ഭയങ്കരമായ മീഡിയ പ്രസൻസ് ഉള്ള ഒരാളല്ല താനെന്നും മീഡിയയിൽ മാക്‌സിമം ഒഴിവായി നിൽക്കുന്ന ഒരാളാണെന്നും നിഖില കൂട്ടിച്ചേർത്തു. എന്നാൽ താൻ ഒരു കാര്യം പറഞ്ഞാൽ വാർത്തയാക്കി വലിച്ചിടുന്നതാണെന്നും നമ്മൾ നിൽക്കാൻ ആഗ്രഹിക്കാത്ത ഒരു സ്‌പേസിൽ നമ്മളെ വലിച്ചിടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവർ പറയുന്നു.

തന്നെ അങ്ങനെ എല്ലായിടത്തും ആളുകൾക്ക് കാണാൻ പറ്റില്ല. കുറേ ആഡുകൾ ചെയ്യാറില്ല, ഒരുപാട് സീരിയലുകളിൽ വരാറില്ല. തീയേറ്ററുകളിൽ മാത്രമായിരുന്നു തന്നെ കാണാനാവുന്നതെന്നും നിഖില പറഞ്ഞു.

Content Highlight:  People are not used to women who speak boldly says Nikhila Vimal