എഡിറ്റര്‍
എഡിറ്റര്‍
ബജറ്റില്‍ പ്രഖ്യാപിക്കാതെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തി
എഡിറ്റര്‍
Friday 15th March 2013 2:09pm

തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തി. ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും സഭയില്‍ കെ.എം മാണി ഇത് പരസ്യമായി വായിച്ചില്ല.

Ads By Google

2013 ഏപ്രില്‍ ഒന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പറയാതെ മീഡിയ റൂമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാണി ഇക്കാര്യം പറഞ്ഞത്. പ്രഖ്യാപനം ചതിയാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു.

നിലവില്‍ സര്‍വീസിലുളളവര്‍ക്ക് നിര്‍ദേശം ബാധകമല്ലാത്തതിനാല്‍ യുവജനങ്ങളെ ബാധിക്കില്ലെന്നും യുവജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും മാണി പറയുന്നു.

അടുത്ത മാസം ഒന്നു മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത് ബാധകമാകുക. നിലവില്‍ സര്‍വീസില്‍ ഉള്ളവര്‍ക്ക് നിര്‍ദേശം ബാധകമാകില്ല.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയിരുന്നു. ഇതിന് ആനുപാതികമായി പി.എസ്.സി റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധിയും ഒരു വയസ് കൂട്ടിയിരുന്നു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്.

ആനുകൂല്യം ലഭിക്കുക ഈ വര്‍ഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണെന്നിരിക്കെ യുവാക്കള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുകയെന്നാണ് കെ എം മാണിയുടെ വിശദീകരണം.

മാണിയുടെ ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം യുവജനങ്ങള്‍ക്ക് ദോഷം തന്നെയാണെന്നും വിഎസ് പറഞ്ഞു.

സഭയില്‍ പ്രഖ്യാപിക്കാതെ വാര്‍ത്താ സമ്മേളനത്തില്‍ പെന്‍ഷന്‍ പ്രായ വര്‍ധന അറിയിച്ച  മാണിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു.

Advertisement