വാഷിംഗ്ടണ്‍: അമേരിക്കന്‍ നാവിക സേനാ താവളത്തില്‍ സൗദി പൗരനായ ഉദ്യോഗസ്ഥന്‍ നടത്തിയ ആക്രമണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എഫ്.ബി.ഐ.
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം അക്രമണത്തിനു മുമ്പായി വെടിവെപ്പു നടത്തിയ മുഹമ്മദ് അല്‍ഷ്രമാനി ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അക്രമണത്തെ പറ്റി സംസാരിക്കുന്നുണ്ടന്നാണ് പുറത്തു വരുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി സൈറ്റ് എന്ന ഇന്റലിജന്‍സ് ഗ്രൂപ്പാണ് വീഡിയോ കണ്ടെത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഞാന്‍ ദുഷ്ട ശക്തികള്‍ക്കെതിരാണ്. അമേരിക്ക എന്ന രാഷ്ട്രമാകെ ദുഷ്ട ശക്തിയായി മാറിയിരിക്കുന്നു.
ഞാന്‍ നിങ്ങളെ വെറുക്കുന്നു. കാരണം എല്ലാ ദിവസവും നിങ്ങള്‍ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു ഇത് മുസലീങ്ങള്‍ക്ക് മാത്രമല്ല മനുഷ്യരാശിക്കു തന്നെ എതിരാണ്’ എന്നാണ് അക്രമണത്തിനു മുമ്പ് എടുത്ത വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ ഇസ്രഈല്‍ അമേരിക്ക ബന്ധത്തെയും, ഒസാമ ബിന്‍ലാദനെയും പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെടിവെപ്പ് നടത്തുന്നതിന്റെ ഒരാഴ്ച മുമ്പ് അക്രമി സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിക്കിടെ ഇയാളും മൂന്നു സുഹൃത്തുക്കളും വെടിവെപ്പിന്റെ വീഡിയോകള്‍ കണ്ടിരുന്നു. പിന്നീട് ഇയാള്‍ വെടിവെപ്പ് നടത്തുമ്പോള്‍ രണ്ടു സുഹൃത്തുക്കള്‍ ഇതിന്റെ വീഡിയോ എടുക്കുന്നുണ്ടായിരുന്നെന്നും മറ്റു രണ്ടു സുഹൃത്തുക്കള്‍ കാറിലിരുന്ന് സംഭവം വീക്ഷിക്കുന്നുണ്ടെന്നുമാണ് ഒരു യു.എസ് അന്വേഷണ ഉദ്യോഗസ്ഥന്‍ അസോസിയേറ്റ് പ്രസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ സൈനിക പരിശീലനം നടത്തുന്ന പത്തു സൗദി വിദ്യാര്‍ത്ഥികള്‍ക്കു നേരെ അന്വേഷണം നടക്കുന്നുണ്ട്.
എന്നാല്‍ ഇതൊരു തീവ്രവാദ ആക്രമണം ആണോ എന്ന കാര്യം യു.എസ് സൈനിക മേധാവി മാര്‍ക് എസ്പര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

