എഡിറ്റര്‍
എഡിറ്റര്‍
പലതരം ഫെമിനിസങ്ങളെ പ്രതിനിധീകരിക്കുന്ന ആശയപ്രചരണത്തിനായി വെബ് ചാനലുമായി പെണ്‍കൂട്ട്
എഡിറ്റര്‍
Friday 27th October 2017 1:54pm

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ പെണ്‍കൂട്ട് വെബ്ചാനലിലൂടെ മാധ്യമരംഗത്തേക്ക്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന പോരാട്ടങ്ങള്‍ക്കും കേരളത്തിലെ പലതരം ഫെമിനിസങ്ങള്‍ക്കും പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ആശയപ്രചാരണത്തിനും ഇടംകൊടുക്കുകയെന്ന ലക്ഷ്യമിട്ടാണ് വെബ് ചാനലുമായി പെണ്‍കൂട്ട് മുന്നോട്ടുവന്നിരിക്കുന്നത്.

പെണ്‍കൂട്ട് മീഡിയ കലക്ടീവ് എന്ന സൊസൈറ്റി രൂപീകരിച്ചാണ് പെണ്‍കൂട്ട് ഈ രംഗത്ത് ഇടപെടുന്നത്. ‘മാരിവില്‍ ഹോസ്റ്റല്‍’ എന്ന സീരീസിലൂടെയാണ് പെണ്‍കൂട്ട് വെബ്ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. പ്രൊഡ്യൂസര്‍മാരോ സ്‌പോണ്‍സര്‍മാരോ കോര്‍പ്പറേറ്റ് ഫണ്ടോ ഇല്ലാതെയാണ് ഈ വെബ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംരംഭവുമായി ഐക്യപ്പെടുന്നവരുടെ സഹായത്തോടെ ഇതിനെ മുന്നോട്ടുകൊണ്ടുപോകാനാണ് പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

സമൂഹത്തിലെ എല്ലാതുറകളിലും പെട്ടവര്‍ക്ക് മനസിലാവുന്ന തരത്തില്‍ വളരെ ലളിതവും രസകരവുമായി വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.


Also Read: ‘മന്ത്രിക്കെതിരെ സ്റ്റിങ് ഓപറേഷന്‍’ ; ബി.ബി.സി മുന്‍ മാധ്യമപ്രവര്‍ത്തകനെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തു


‘കേരളത്തിലെ സ്ത്രീ സംഘടനകളെക്കുറിച്ചൊക്കെ പലതരം ഡോക്യുമെന്ററികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ വലിയൊരു രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഇത്തരം ഡോക്യുമെന്ററികള്‍ സാധാരണക്കാരായ വലിയൊരു വിഭാഗം ആളുകള്‍ക്ക് മനസിലാവാതെ വരും. അതുകൊണ്ടു വെബ് ചാനലിലൂടെ ഫെമിനിസത്തെ ഒരു സാധാരണക്കാര്‍ക്കു ഗ്രഹിക്കാവുന്നവിധം അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വളരെ ഡയക്ട് ആയി ഫെമിനിസം ചര്‍ച്ച ചെയ്യുന്ന രസകരമായ, ആളുകളുമായി എളുപ്പം സംവദിക്കുന്ന പരിപാടികള്‍ ചെയ്യാനാണ് ആലോചിക്കുന്നത്.’ പെണ്‍കൂട്ട് പ്രവര്‍ത്തകയായ ഗാര്‍ഗി പറയുന്നു.

കേരളത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളും സമരങ്ങളുമൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ടു ചെയ്യാറില്ല. പ്രത്യേകിച്ച് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവ. പെണ്‍കൂട്ടിന്റെ തന്നെ ഇരിക്കല്‍ സമരങ്ങളും മറ്റും ഒരു മുഖ്യധാരാ മാധ്യമവും റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. ഇപ്പോള്‍ ചെങ്ങറയില്‍ നടന്നുകൊണ്ടിരിക്കുന്ന സമരം, മലബാര്‍ ഗോള്‍ഡിനെതിരെ നടക്കുന്ന സമരം തുടങ്ങി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത സമകാലിക വിഷയങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിങ്ങനെ റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ കിടക്കുന്ന വിഷയങ്ങള്‍ പൊതുമധ്യത്തിലെത്തിക്കുകയെന്നതാണ് വെബ് ചാനലിലൂടെ പെണ്‍കൂട്ട് ലക്ഷ്യമിടുന്നത്.

എന്താണ് ഫെമിനിസം എന്ന് എല്ലാവരോടും സംവദിക്കുന്ന വിദ്യാഭ്യാസ ഷോ, സിനിമ റിവ്യൂ, സാഹിത്യ റിവ്യൂ ഈ വിഷയവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഡോക്യുമെന്ററികള്‍, ഷോര്‍ട്ട് ഫിലിമുകള്‍, സിനിമകള്‍ തുടങ്ങിയ പരിപാടികളാണ് ആദ്യഘട്ടത്തില്‍ വെബ് ചാനലിലൂടെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പറയുന്നു.

Advertisement