ആലപ്പാട്ട് സ്വര്‍ണ്ണത്തില്‍ ചെമ്പ് തെളിഞ്ഞു; നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
Kerala
ആലപ്പാട്ട് സ്വര്‍ണ്ണത്തില്‍ ചെമ്പ് തെളിഞ്ഞു; നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th May 2012, 9:08 am

 

ഹരീഷ് വാസുദേവന്‍/ ജിന്‍സി ബാലകൃഷ്ണന്‍

കൊച്ചി: 22 കാരറ്റ് സ്വര്‍ണ്ണമെന്ന് പറഞ്ഞ് 16 കാരറ്റ് സ്വര്‍ണ്ണം ഉപഭോക്താവിന് നല്‍കിയ ആലപ്പാട്ട് ആര്‍ക്കേഡിന് പിഴ. ഏറണാകുളം സ്വദേശി രാജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്‍സ്യൂമര്‍ കോടതിയുടെ നടപടി. രാജേഷിന് സ്വര്‍ണ്ണം വാങ്ങിയ പണം 12% പലിശ സഹിതവും 25,000 രൂപ നഷ്ടപരിഹാരവും 1000 രൂപ കോടതി ചിലവും നല്‍കാനാണ് വിധി.

2009 ഏപ്രില്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എളമക്കര ലക്ഷ്മിമന്ദിരത്തില്‍ ടി.ആര്‍ രാജേഷ് ഏറണാകുളം എ.ജി റോഡിലെ ഷേണായി ജംങ്ഷനിലുള്ള ആലപ്പാട് ആര്‍ക്കേഡില്‍ നിന്നും 18,000 രൂപ നല്‍കി വജ്രം പതിച്ച സ്വര്‍ണ്ണമോതിരം വാങ്ങി. 22 കാരറ്റ് 916 ഹോള്‍മാര്‍ക്കഡ് സ്വര്‍ണ്ണം എന്ന് പറഞ്ഞാണ് ആലപ്പാട്ട് ആര്‍ക്കേഡ് മോതിരം നല്‍കിയത്.

ഒരു മാസത്തിനുശേഷം മോതിരത്തിന്റെ കളര്‍ മാറി ചെമ്പിന്റെ കളറാകാന്‍ തുടങ്ങി. രാജേഷ് ഈ മോതിരവുമായി ആലപ്പാട്ട് ജ്വല്ലറിയെ സമീപിച്ചു. എന്നാല്‍ എല്ലാ വജ്രമോതിരങ്ങളിലെയും സ്വര്‍ണ്ണത്തിന്റെ കളര്‍ മങ്ങിപ്പോകാറുണ്ടെന്ന അവിശ്വസനീയമായ മറുപടിയാണ് അധികൃതര്‍ നല്‍കിയത്.

ഈ പകല്‍ക്കൊള്ളയ്‌ക്കെതിരെ കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാന്‍ രാജേഷ് തീരുമാനിച്ചു. ഏറണാകുളം കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കി. ഇതുപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (കേസ് നമ്പര്‍ 650/2009). സംസ്ഥാനത്തെ അഡ്വക്കറ്റ് ജനറലിന്റെ മകന്‍ മിലു ദണ്ഡപാണിയാണ് ആലപ്പാട്ടിനുവേണ്ടി കോടതിയില്‍ ഹാജരായത്. ജ്വല്ലറിയുടെ കള്ളത്തരം ന്യായീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ശാസ്ത്രീയ പരിശോധനകള്‍ പരാജയപ്പെടുത്തുകയായിരുന്നു. ജ്വല്ലറിയില്‍ നിന്നും വാങ്ങിയ മോതിരം ഏറണാകുളത്തെ അസിസ്റ്റന്റെ് കണ്‍ട്രോളര്‍ സെന്‍ട്രല്‍ ലെബോറട്ടിറി ലീഗല്‍ മെട്രോളജി ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും പരിശോധനയ്ക്കുശേഷം ഫലം കോടതിയ്ക്ക് കൈമാറി. മോതിരത്തില്‍ 71.52% സ്വര്‍ണ്ണം മാത്രമാണ് അടങ്ങിയിട്ടുള്ളതെന്നായിരുന്നു പരിശോധനയില്‍ കണ്ടത്. തുടര്‍ന്നാണ് പിഴ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

സംസ്ഥാനത്തെ ജ്വല്ലറികളില്‍ വില്‍ക്കപ്പെടുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്താന്‍ നിലവില്‍ യാതൊരു സംവിധാനവുമില്ല. പരസ്യങ്ങളിലൂടെയും മറ്റും ജ്വല്ലറികള്‍ നല്‍കുന്ന വന്‍ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് സ്വര്‍ണ്ണം വാങ്ങിക്കുന്നവരില്‍ പലരും ചതിക്കപ്പെടുകയാണ്. സന്നദ്ധ സംഘടനയായ ജനപക്ഷം ഇതിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.

രാജേഷിന്റെ കേസില്‍ കോടതിയില്‍ അദ്ദേഹത്തിനൊപ്പം കക്ഷിചേര്‍ന്ന ജനപക്ഷം ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതുപോലുള്ള തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫ് പറഞ്ഞു. പല വന്‍കിട സ്വര്‍ണ്ണക്കടകളിലും ഇതേ തട്ടിപ്പാണ് നടക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികളെടുക്കണം. എല്ലാ മൂന്ന് മാസവും ജ്വല്ലറികളില്‍ പരിശോധന നടത്തി ആഭരണങ്ങളില്‍ ചിലത് ലബോറട്ടറികളില്‍ പരിശോധിച്ച് തട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇതിന്റെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വ്യാജ സ്വര്‍ണ്ണം വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജ്വല്ലറികളില്‍ നിന്നുള്ള പരസ്യവരുമാനം നിലക്കുമെന്ന് ഭയന്ന് ഇവര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറാവാറില്ല. മാധ്യമങ്ങള്‍ ഈ നിരുത്തരവാദിത്തം ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമേലുള്ള കൈകടത്തലാണെന്നും അദ്ദേഹം പറഞ്ഞു.

വിധിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചശേഷമേ ഇത് സംബന്ധിച്ച് പ്രതികരണത്തിനുള്ളൂവെന്ന് ആലപ്പാട്ട് ആര്‍ക്കേഡ് അധികൃതര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഇതുപോലുള്ള കണ്‍സ്യൂമര്‍ കോടതികള്‍ സാധാരണയായി ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചാണ് നിലപാടെടുക്കുക. തങ്ങള്‍ നല്‍കിയ സ്വര്‍ണമല്ല പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയതെന്നും ആലപ്പാട്ട് പറഞ്ഞു.