എഡിറ്റര്‍
എഡിറ്റര്‍
പെലെയും മറഡോണയും തമ്മില്‍ വാക്ക് പോര്
എഡിറ്റര്‍
Thursday 15th March 2012 8:15am

ദുബായ്: വാക്ക് പയറ്റിന് പണ്ടേ പേരുകേട്ടവരാണ് ഫുട്‌ബോള്‍ താരങ്ങള്‍. ഫുട്‌ബോള്‍ ഇതിഹാസതാരം പെലെയുടെ പരാമര്‍ശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മറഡോണ.  സംഗീതത്തില്‍ ബീഥോവന്റെ സ്ഥാനമാണ് ഫുട്ബാളില്‍ തനിക്കുള്ളതെന്ന പെലെയുടെ പരാമര്‍ശത്തിന് മറുപടിയുമായാണ് മറഡോണ എത്തിയിരിക്കുന്നത്.

പെലെ ബീഥോവനെങ്കില്‍,  താന്‍ റോക്ക് താരങ്ങളായ റോണീ വുഡ്, കീത് റിച്ചാര്‍ഡ്‌സ് തുടങ്ങിയവരെ പോലെയാണെന്നായിരുന്നു മറഡോണയുടെ മറുപടി. ക്‌ളാസിക് ശൈലിയല്ല, ത്രസിപ്പിക്കുന്ന സംഗീതമാണ് ഫുട്ബാളിനാവശ്യം എന്ന അര്‍ഥത്തിലായിരുന്നു മറഡോണയുടെ പ്രതികരണം.
‘ഞാന്‍ ഒരു കളിയിലും ബീഥോവന്റെ സംഗീതം ആവേശമുയര്‍ത്തുന്നത് കേട്ടിട്ടില്ല. ഞാന്‍ കാണികളെ ത്രസിപ്പിക്കുന്ന റോണീ വുഡും കീത്ത് റിച്ചാര്‍ഡ്‌സുമൊക്കെയാണ്. കാരണം, എനിക്ക് ഫുട്ബാളിനോട് അത്ര ആവേശമാണ്’- മറഡോണ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, ഫിഫ ഡോട്‌കോം വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പെലെ തന്നെ ബീഥോവനുമായി ഉപമിച്ചത്. ‘ സംഗീതം രചിക്കാന്‍ ബീഥോവനും ചിത്രരചന നടത്താന്‍ മൈക്കലാഞ്ചലോയും ജനിച്ച പോലെ ഫുട്ബാള്‍ കളിക്കാനായി ജനിച്ചവനാണ് ഞാന്‍’ എന്നായിരുന്നു പെലെയുടെ പരാമര്‍ശം. എന്നാല്‍, പെലെ മരുന്നു മാറി കഴിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് മറഡോണ പരിഹസിക്കുന്നു.

‘അദ്ദേഹത്തിന്റെ മാനസിക നിലയില്‍ എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു. അതിന് അദ്ദേഹം മരുന്ന് കഴിക്കുന്നുണ്ടാകും. എന്നാല്‍ മരുന്ന് മാറിക്കുടിച്ചുപോയോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം ഇതിനുമുന്‍പും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അന്നൊക്കെ അദ്ദേഹം മരുന്ന് മാറി കഴിച്ചുപോകുന്നെന്നാണ് എനിയ്ക്ക് തോന്നുന്നത്. രാവിലത്തെ ഗുളിക രാത്രിയിലും, രാത്രിയിലേത് രാവിലെയുമാണ് കഴിക്കുന്നതെന്ന് തോന്നുന്നു. അതുകൊണ്ട് താന്‍ ശരിക്കുള്ള ഗുളികയാണ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. എത്രയും പെട്ടന്ന് പെലെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്’. മറഡോണ പറഞ്ഞു.

Malayalam news

Kerala news in English 

Advertisement