പീച്ചി ഡാം അപകടം; മരണം രണ്ടായി
Kerala News
പീച്ചി ഡാം അപകടം; മരണം രണ്ടായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2025, 2:08 pm

തൃശൂര്‍: പീച്ചി ഡാമില്‍ അപകടത്തില്‍ ഒരു പെണ്‍കുട്ടി കൂടി മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാളായ ആന്‍ ഗ്രേസ് (16) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനി. പട്ടിക്കാട് ചാണോത്തറ സ്വദേശികളായ ജിയുടെ മകളാണ് ആന്‍ഗ്രേസ്.

തൃശൂര്‍ സെന്ഡറ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു ആന്‍ ഗ്രേസ്. പട്ടിക്കാട് സ്വദേശി എറിന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ചികിത്സയില്‍ കഴിയുകയായിരുന്ന പട്ടിക്കാട് സ്വദേശി അലീന ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടിരുന്നു. പുലര്‍ച്ചെ 12.30ഓടെയായിരുന്നു മരണം. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളാണ് അപകടത്തില്‍ പെട്ടത്.

പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രെയ്‌സ് (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) ,  അലീന (16) എന്നിവരാണ് ഡാമില്‍ വീണത്. അപകടത്തിന് പിന്നാലെ മൂന്ന് പെണ്‍കുട്ടികളുടെ ആരോഗ്യനില ഗുരുതരമായിരുന്നു.

ഡാമിലെ കരയിലുണ്ടായിരുന്ന നിമയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. സുഹൃത്തിന്റെ വീടിന് പുറകുവശത്തായുള്ള പീച്ചി ഡാമിന്റെ കൈവരിയുടെ അടുത്തുള്ള പാറയ്ക്ക് സമീപത്ത് നിന്നും കാല് വഴുതി നാലുപേരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ചെരുപ്പ് വീണപ്പോള്‍ അതെടുക്കാന്‍ ശ്രമം നടത്തിയതായിരുന്നു. നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍.

Content Highlight: Peachy Dam Accident; Death in two