ആലപ്പുഴ: ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴയില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. കത്തിക്കുത്ത് കേസിലെ പ്രതികളെ പൂജപ്പുര ജയിലില്‍ നിന്ന് കൊണ്ടുവരാന്‍ ആംബുലന്‍സ് ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ജാമ്യ ഉത്തരവ് കൃത്യസമയത്ത് ജയിലില്‍ എത്തിക്കാനും ആംബുലന്‍സ് ഉപയോഗിച്ചതായി പരാതിയുണ്ട്. ആലപ്പുഴ താമരക്കുളം സ്വദേശി ഷമീര്‍ഖാനാണ് പി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. ഗതാഗത മന്ത്രിക്കും ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റിനുമാണ് ഷമീര്‍ പരാതി കൈമാറിയത്.
സാധാരണ വണ്ടിയില്‍ പോയാല്‍ പൂജപ്പുരയില്‍ എത്തില്ലെന്ന് മനസിലാക്കിയ പി.ഡി.പി പ്രവര്‍ത്തകര്‍ ആംബുലസിനെ സമീപിച്ചതായാണ് ആരോപണം. എസ്.വൈ.എസിന്റെ ആംബുലൻസിലാണ് ഇവർ യാത്ര ചെയ്തത്.
പ്രതികളുടെ ബന്ധുക്കളും അഭിഭാഷകരുമാണ് പൂജപ്പുരയിലേക്ക് ആംബുലന്‍സില്‍ പോയത്. പ്രതികളെ ഇന്ന് (ചൊവ്വ) തന്നെ റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് ഇവര്‍ ആംബുലസില്‍ യാത്ര ചെയ്തത്. അതും എമര്‍ജന്‍സി അലാറം മുഴക്കിയാണ് താമരക്കുള്ളത്ത് നിന്ന് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പോയതെന്നും ആരോപണമുണ്ട്.
ഇതേ ആംബുലന്‍സില്‍ തിരിച്ചെത്തിയ പ്രതികളും ബന്ധുക്കളും താമരക്കുളം അല്‍മുക്കില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പക്കലുണ്ടെന്ന് ഷമീര്‍ഖാന്‍ പറഞ്ഞു. ജൂലൈ 30നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
2014ല്‍ ചാരുമൂട് വെച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒമ്പത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പി.ഡി.പി നേതാവ് സിനോജ് താമരക്കുളവും കൂട്ടുപ്രതികളുമാണ് ആംബുലന്‍സില്‍ ആലപ്പുഴയിലെത്തിയത്.
അപ്പീല്‍ ജാമ്യത്തിലാണ് ഇവര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. താമരക്കുള്ളത്ത് തിരിച്ചെത്തിയ പ്രതികളെ പി.ഡി.പി പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുകയും ചെയ്തു.
നേരത്തെ ജാമ്യാപേക്ഷ തള്ളിയ സെഷന്‍ കോടതിയുടെ നടപടിക്കെതിരെ പി.ഡി.പി നേതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് പ്രതിക്ക് അപ്പീല്‍ ജാമ്യം ലഭിക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച രേഖകളുമായി എറണാകുളത്ത് നിന്ന് തിരിച്ച പി.ഡി.പി നേതാക്കളുടെ ബന്ധുക്കള്‍ ആലപ്പുഴ താമരക്കുളത്ത് എത്തിയപ്പോഴേക്കും വൈകുന്നേരം അഞ്ച് മണിയായിരുന്നു. പിന്നാലെയാണ് കുടുംബാംഗങ്ങളും അഭിഭാഷകരും ആംബുലന്‍സില്‍ യാത്ര തിരിച്ചത്.
Content Highlight: Ambulance misused; Complaint filed against PDP workers