2026ലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ടൂര്‍ണമെന്റിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലാഹോര്‍ ഖലന്ദേഴ്‌സ് താരം ഫഖര്‍ സമാനെതിരെ നടപടിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി). ബോള്‍ ടാംപറിങ്ങുമായി (പന്ത് ചുരണ്ടല്‍) ബന്ധപ്പെട്ട ഗുരുതരമായ കുറ്റത്തിനാണ് ശിക്ഷയേര്‍പ്പെടുത്തിയതെരന്ന് പി.സി.ബി വ്യക്തമാക്കി.
മാര്‍ച്ച് 29ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ലാഹോര്‍ ഖലന്ദേഴ്‌സ് – കറാച്ചി കിങ്‌സ് മത്സരത്തിനിടെയാണ് വിവാദ സംഭവം ഉണ്ടായത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് ഖലന്ദേഴ്‌സ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയത്.
ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ ഷാഹിദ് സൈകത്ത്, ഫൈസല്‍ ഖാന്‍ അഫ്രീദി, ടി.വി. അമ്പയര്‍ ആസിഫ് യാക്കൂബ്, ഫോര്‍ത്ത് അമ്പയര്‍ താരിഖ് റഷീദ് എന്നിവരാണ് ഫഖര്‍ സമാനെതിരെ പരാതി നല്‍കിയത്.
എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്ന നിലപാടാണ് ഫഖര്‍ സമാന്‍ സ്വീകരിച്ചത്. ഇതോടെ മാച്ച് റഫറി റോഷന്‍ മഹാനാമയുടെ നേതൃത്വത്തില്‍ വിശദമായ ഹിയറിങ്ങും നടത്തിയിരുന്നു.
ലാഹോര്‍ ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രീദി, ടീം ഡയറക്ടര്‍ സമീന്‍ റാണ, മാനേജര്‍ ഫാറൂഖ് അന്‍വര്‍ എന്നിവരും ഹിയറിങ് നടപടികളുടെ ഭാഗമായിരുന്നു.
തെളിവുകള്‍ പരിശോധിച്ച ശേഷം റഫറി ഫഖര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ലെവല്‍ 3 വിഭാഗത്തില്‍ പെട്ട കുറ്റമായതിനാല്‍ പരമാവധി ശിക്ഷയായ രണ്ട് മത്സരങ്ങളില്‍ നിന്നും ഫഖര്‍ സമാന് വിലക്കേര്‍പ്പെടുത്തി.
ഇതോടെ ഏപ്രില്‍ മൂന്നിന് ലാഹോറില്‍ നടക്കുന്ന മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരായ മത്സരവും ഏപ്രില്‍ 9-ന് കറാച്ചിയില്‍ നടക്കുന്ന ഇസ്‌ലമാബാദ് യുണൈറ്റഡിനെതിരായ മത്സരവും ഫഖറിന് നഷ്ടമാകും.
പി.സി.ബിയുടെ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ഫഖര്‍ സമാന് അവകാശമുണ്ട്. ഔദ്യോഗിക വിധി ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കമ്മിറ്റിക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.
സംഭവത്തിന് പിന്നാലെ ഫഖര്‍ സമാനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നേരത്തെ പാക് താരങ്ങളുമായി ബന്ധപ്പെട്ട ബോള്‍ ടാംപറിങ് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങേറെയും.
അതേസമയം, സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് ലാഹോര്‍ ഖലന്ദേഴ്‌സ് ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദിക്ക് 10 ലക്ഷം പാകിസ്ഥാന്‍ രൂപ പിഴ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: P.C.B hands two-match ban to Fakhar Zaman for ball tampering